പാലക്കാട്: ഇതരസംസ്ഥാന ലോട്ടറി വില്പനക്കുള്ള വിലക്ക് നീങ്ങിയതോടെ വില്പന ആരംഭിക്കാൻ ഇതര സംസ്ഥാന ലോട്ടറി നടത്തിപ്പുകാർ കോയമ്പത്തൂരിൽ യോഗം വിളിച്ചു. നാഗാലാന്റ് ലോട്ടറി വില്പന നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങാനാണ് യോഗം വിളിച്ചത്. ഇതിനായി ഇവർ വാട്സ് ആപ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്.
എന്നാൽ ഭൂരിഭാഗം ഏജന്റുമാരും ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ച് സഹകരിയ്ക്കാനില്ലെന്ന് വ്യക്തമാക്കി. ഇതര സംസ്ഥാന ലോട്ടറി വില്പനയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങാൻ നടത്തിപ്പുകാർ വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങിയാണ് സന്ദേശങ്ങൾ കൈമാറുന്നത്. കേരള സ്റ്റോക്കിസ്റ്റ് എന്ന പേരിൽ തുടങ്ങിയ ഗ്രൂപ്പിൽ കേരള ലോട്ടറി വില്പന നടത്തുന്ന പ്രധാനപ്പെട്ട ഏജന്റുമാരെയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മാണിക്കം എന്നയാളാണ് ഗ്രൂപ്പ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ നാഗാലാന്റ് ലോട്ടറി വില്‌പന നടത്താനാണ് ആലോചന. ഇതിനായി ഇന്ന് കോയമ്പത്തൂരിൽ വിളിച്ചു ചേർത്ത യോഗത്തിലേക്ക് ഏജന്റുമാരെ ക്ഷണിച്ചു. നാളെ നടത്താനിരുന്ന യോഗമാണ് ഇന്ന് നടക്കുമെന്നറിയിച്ചിട്ടുള്ളത്.
You may also like:സൗജന്യ വാക്സിൻ ആരോഗ്യപ്രവർത്തകർ അടക്കം മൂന്ന് കോടി പേർക്ക്; പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി
എന്നാൽ ഭൂരിഭാഗം ലോട്ടറി ഏജന്റുമാരും നിസ്സഹകരണം പ്രഖ്യാപിച്ച് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ചു. ഇതര സംസ്ഥാന ലോട്ടറി വില്പന നടത്താൻ അനുവദിക്കില്ലെന്ന് ലോട്ടറി സംരക്ഷണ സമിതി വ്യക്തമാക്കി. ഭൂരിഭാഗം ഏജൻറുമാരും വിട്ടു നിന്നെങ്കിലും കൂടുതൽ കമ്മീഷനും സമ്മാനങ്ങളും വാഗ്ദാനം നൽകി ഇതര സംസ്ഥാന ലോട്ടറി വില്പനയ്ക്ക് കളമൊരുക്കാനുള്ള നീക്കമാണ് സജീവമായിട്ടുള്ളത്.
ഇതരസംസ്ഥാന ലോട്ടറി വില്പന ആരംഭിച്ചാൽ കേരള ലോട്ടറിയുടെ വില്പന പ്രതിസന്ധിയിലാകും എന്ന ആശങ്കയിലാണ് സംസ്ഥാന ലോട്ടറി വില്പനക്കാർ. കഴിഞ്ഞ ദിവസമാണ് ഇതരസംസ്ഥാന ലോട്ടറി വില്പനയ്ക്കുള്ള വിലക്ക് ഹൈക്കോടതി നീക്കിയത്. കേരളത്തിന് മാത്രമായി ഇതര സംസ്ഥാന ലോട്ടറി നിരോധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാായിരുന്നു നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala state lottery, Lottery