ബിവറേജസ് കോര്പ്പറേഷന് ശാഖയില്‍ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ നിക്ഷേപിച്ചത് സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടില്‍. തിരുവനന്തപുരം കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. പ്രശ്നം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ പണം അന്വേഷിച്ചെത്തിയപ്പോള്‍ പണം മുഴുവന്‍ ചെലവഴിച്ചെന്ന് പറഞ്ഞ് സ്ത്രീ കൈമലര്‍ത്തി. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ബിവറേജസ് കോര്പ്പറേഷന് നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലറ്റിന്റെ പണമാണ് നെട്ടയത്തെ പൊതുമേഖലാ ബാങ്ക് ശാഖയില്‍ നിന്ന് ആളുമാറി നിക്ഷേപിച്ചത്. പണം നഷ്ടപ്പെട്ട വിവരം മാര്‍ച്ച് 18നാണ് ബാങ്ക് അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടാക്കടയിലുള്ള സ്ത്രീയാണ് അക്കൗണ്ട് ഉടമ എന്ന് കണ്ടെത്തിയത്.
അധികൃതര്‍ സ്ത്രീയെ സമീപിച്ച് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പണം മുഴുവന്‍ ചെലവഴിച്ചതിനാല്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിനെ സമീപിച്ചത്. പണം മുഴുവനായും ചെലവാക്കിയെന്നാണ് സ്ത്രീ പോലീസിനോടും പറഞ്ഞത്. സംഭവത്തില്‍ ബാങ്ക് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bank account, Bevco, Beverages Corporation, Thiruvananthapuram