തിരുവനന്തപുരം: ഐടി പാർക്കുകളിലെ (IT Park)മദ്യശാലകളിൽ മദ്യ വിതരണത്തിന് ബാറുകൾ നടത്തുന്നവർക്ക് അനുമതി നൽകേണ്ടെന്ന് തീരുമാനം. പാർക്കുകളുടെ ഡെവലപ്പേഴ്സിനും കോ-ഡെവലപ്പേഴ്സിനും മാത്രമായിരിക്കും മദ്യ വിതരണത്തിനുള്ള അനുമതി. ഇതിനായി എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകും. 20 ലക്ഷം രൂപയാകും ലൈസൻസ് ഫീസ്. എക്സൈസ് വകുപ്പ് തയ്യാറാക്കിയ കരട് നിർദ്ദേശം ഭേദഗതികളോടെ നിയമ വകുപ്പ് തിരിച്ചയച്ചു. നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ അനുമതിയോടുകൂടി വൈകാതെ അന്തിമ ചട്ടങ്ങൾക്ക് രൂപം നൽകും.
സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തിൽ മദ്യശാലകൾ നടത്താം. പാർക്കുകളുടെ നടത്തിപ്പുകാരും അവിടെ പ്രവർത്തിക്കുന്ന കമ്പനികളുമാണ് യഥാക്രമം ഡെവലപ്പറും കോ- ഡെവലപ്പറും. 10 ലക്ഷംരൂപ ഫീസ് ഈടാക്കാനായിരുന്നു എക്സൈസ് വകുപ്പിന്റെ ശുപാർശ.
എന്നാൽ, ക്ലബ്ബ് ഫീസായ 20 ലക്ഷം ഈടാക്കാനാണ് തീരുമാനം. ബാറുകളുടെ പ്രവർത്തന സമയമായ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാകും ഐടിപാർക്കുകളിലെ മദ്യശാലകൾക്കും പ്രവർത്തനം. ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബിവറേജസ് കോർപ്റേഷന്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം.
ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്ന് വരുന്നവർക്ക് മദ്യം വിതരണം ചെയ്യരുതെന്ന് നിർദേശമുണ്ട്. ഐടി കമ്പനികളുടെ അതിഥികളായെത്തുന്നവർക്ക് മദ്യം നൽകാം. കഴിഞ്ഞ മദ്യനയത്തിലാണ് ഐടി പാർക്കുകളിൽ മദ്യശാലകളിൽ തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.