കൊച്ചി: മുംബൈ ബാർജ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ മലയാളിക്ക് കുമ്പളം ടോൾ പ്ലാസയിൽ ദുരനുഭവം. മുംബൈയിൽ മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ബാർജ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഫ്രാൻസിസ് കെ സൈമണിനാണ് എറണാകുളം-ആലപ്പുഴ അതിർത്തിയിലെ ടോൾ പ്ലാസയിൽ അരമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്.
ടൗട്ടേ ചുഴലിക്കാറ്റിനിടയിൽ പി 305 ബാർജിനൊപ്പം അറബിക്കടലിൽ മുങ്ങിയ വരപ്രദ എന്ന ടഗ് ബോട്ടിലെ ചീഫ് എഞ്ചിനീയറാണ് ഫ്രാൻസിസ് സൈമൺ. ഫാസ്റ്റ്ടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെന്ന് പറഞ്ഞാണ് ആലപ്പുഴ അരൂർ കൈതവേലിക്കകത്ത് ഫ്രാൻസിസ് സൈമണിനെ ടോൾ പ്ലാസയിൽ തടഞ്ഞത്.
ബാർജ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു വരുന്നതാണെന്നും കയ്യിൽ പൈസയില്ലെന്നും പറഞ്ഞിട്ടും പ്ലാസ ജീവനക്കാർ വാഹനം തടഞ്ഞുവെച്ചുവെന്നും മോശമായി പെരുമാറിയെന്നും ഫ്രാൻസിസ് പറയുന്നു. ഇതുവരെ കടന്നു പോയ മന്ത്രി പി രാജീവ് ഇടപെട്ടാണ് ഫ്രാൻസിസ് സൈമണിനെ പോകാൻ അനുവദിച്ചത്. വീട്ടുകാർ അയച്ച വാഹനത്തിലാണ് നെടുമ്പാശ്ശേരി എയർപോട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യുമ്പോൾ ടോൾ തുക ഓട്ടോമാറ്റിക്കായി പിടിക്കുമെന്ന് പറഞ്ഞിട്ടും ടോൾ ജീവനക്കാർ സമ്മതിച്ചില്ല.
You may also like:ബാർജ് ദുരന്തം: മുന്നറിയിപ്പ് ലഭിച്ചിട്ടും മടങ്ങിയില്ല, ദുരന്തം ക്യാപ്റ്റന് സംഭവിച്ച വീഴ്ചയെന്ന് രക്ഷപ്പെട്ട പാലക്കാട് സ്വദേശി
അതേസമയം, മുംബൈ ബാര്‍ജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് തോലന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ, കണ്ണൂർ ചെമ്പേരി സ്വദേശി സനീഷ് ജോസഫ് എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ബാർജിലെ കരാർ കമ്പനിയിലെ പ്രൊജക്ട് മാനേജറായിരുന്നു സുരേഷ് കൃഷ്ണൻ. ഇനിയും രണ്ട് മലയാളികളെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. നാവികസേന തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ ആകെ മരിച്ചവരുടെ എണ്ണം 66 ആയി.
You may also like:Pinarayi Vijayan Birthday| ചരിത്രമെഴുതിയ ക്യാപ്റ്റന് പിറന്നാൾ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ
ബാർജ് ദുരന്തത്തിന് കാരണം ക്യാപ്റ്റന് സംഭവിച്ച വീഴ്ചയാണെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട പാലക്കാട് കേരളശ്ശേരി സ്വദേശി പ്രണവ് വെളിപ്പെടുത്തിയിരുന്നു. മെയ് 15ന് തന്നെ ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. മുൻകരുതൽ സ്വീകരിക്കാൻ ക്യാപ്റ്റന് നിർദ്ദേശവും കിട്ടിയതാണ്. എന്നാൽ മുൻകരുതലുകൾ എടുക്കാൻ ക്യാപ്റ്റൻ തയ്യാറാകാത്തതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് പ്രണവ് പറയുന്നു.
261 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. ഇതിൽ പകുതിയോളം പേർക്ക് മാത്രമാണ് രക്ഷപ്പെടാനായത്. ക്യാപ്റ്റൻ രക്ഷപ്പെട്ടോ എന്നറിയില്ലെന്നും പ്രണവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyclone Tauktae