HOME » NEWS » Kerala » BASELIOS MARTHOMA PAULOSE II WAS INSTRUMENTAL IN ESTABLISHING RIGHT OF WOMEN TO VOTE MM TV

സഭയ്ക്കുള്ളിൽ സ്ത്രീകളുടെ വോട്ടവകാശത്തിനായി മുന്നിട്ടിറങ്ങിയ ശ്രേഷ്ഠ ഇടയൻ; കത്തോലിക്കാ ബാവയുടെ വിയോഗത്തിൽ വിതുമ്പി വിശ്വാസ സമൂഹം

അശരണർക്കും വേദന അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്കുമായി ഒട്ടേറെ മികച്ച പദ്ധതികൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്

News18 Malayalam | news18-malayalam
Updated: July 12, 2021, 1:48 PM IST
സഭയ്ക്കുള്ളിൽ സ്ത്രീകളുടെ വോട്ടവകാശത്തിനായി മുന്നിട്ടിറങ്ങിയ ശ്രേഷ്ഠ ഇടയൻ; കത്തോലിക്കാ ബാവയുടെ വിയോഗത്തിൽ വിതുമ്പി വിശ്വാസ സമൂഹം
ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ
  • Share this:
വിടവാങ്ങിയ പരിശുദ്ധ ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അശരണർക്കും വേദന അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്കുമായി ഒട്ടേറെ മികച്ച പദ്ധതികൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു. അതിൽ ഏറ്റവും പുരോഗനാത്മകവും പ്രശംസ പിടിച്ചുപറ്റിയതുമായ നിർണായക തീരുമാനമായിരുന്നു സഭയുടെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ സ്ത്രീകൾക്കും വോട്ടവകാശം നൽകി എന്നത്.

സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും, അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും 2011ൽ വോട്ടവകാശം ഏർപ്പെടുത്തി. ഇതിലൂടെ പള്ളി ഭരണത്തിലും, അതുവഴി സഭാ ഭരണത്തിലും, സ്ത്രീകൾ നിർണായക ശക്തിയായി മാറി. പുതുതലമുറയ്ക്കും കുടുംബങ്ങൾക്കും വഴികാട്ടിയായി സഭയുടെ മാനവശേഷി വകുപ്പിൻ്റെ കീഴിൽ പ്രത്യേക പദ്ധതികൾ അദ്ദേഹം ആസൂത്രണം ചെയ്തു.

ലളിതവും നിർമ്മലവുമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. ചെറിയ പ്രായത്തിൽ തന്നെ സഭയുടെ പരമോന്നത പദവികളിലേക്ക് എത്തിയിരുന്നെങ്കിലും, സഭാ നിയമങ്ങൾ പിന്തുടരുന്നതിലെ ചിട്ടയും, പെരുമാറ്റത്തിലെ ലാളിത്യവും അദ്ദേഹത്തെ വിശ്വാസികൾക്കിടയിൽ ഏറെ പ്രിയപ്പെട്ടവനാക്കി. വിദേശ സഭകളുമായി അദ്ദേഹം നിരന്തരം ബന്ധം പുലർത്തിയിരുന്നു.

2013ൽ ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനമേറ്റ് ആറ് മാസത്തിനകം തന്നെ ബാവയെ വത്തിക്കാൻ സ്വീകരിച്ചു. വത്തിക്കാനിലെ കർശനമായ നിയമങ്ങൾ പലതും മാറ്റിവെച്ച് മാർപ്പാപ്പ വളരെയധികം സമയം ബാവയോടൊപ്പം ചിലവഴിച്ചു എന്നതും ശ്രദ്ധേയമാണ്. ഔദ്യോഗിക ചടങ്ങുകളും യാത്ര പറച്ചിലും കഴിഞ്ഞ് വത്തിക്കാനിൽ നിന്ന് മടങ്ങാൻ എത്തിയപ്പോൾ വാർഡുമാരെ വത്തിക്കാൻ ഉദ്യോഗസ്ഥരേയും ഞെട്ടിച്ചു കൊണ്ട് തൻ്റെ ആത്മീയ സഹോദരന് യാത്രയയപ്പ് നൽകാൻ മാർപ്പാപ്പ തന്നെ നേരിട്ട് എത്തിയത് അവിസ്മരണീയമായ മുഹൂർത്തവും, വിദേശ സഭകളുമായി അദ്ദേഹം വച്ച് പുലർത്തിയിരുന്ന മഹത്തായ ബന്ധത്തിൻ്റെ പ്രതിഭലനവുമായി.വലിയ ചുമതലയേറ്റ്‌ 11 വർഷം പിന്നിടുമ്പോളാണ് അർബുദരോഗബാധിതനായി അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്. തൃശൂർ കുന്നുംകുളത്ത് നിന്ന് 12 വയസിൽ അൾത്താര ബാലനായി ശുശ്രൂഷകളിൽ പങ്കെടുത്തു തുടങ്ങിയ ജീവിതം വിദേശ സഭകളിലടക്കം മികച്ച ബന്ധം പുലർത്തിയിരുന്ന വലിയ ഇടയനായി  ഉയരുകയായിരുന്നു.

കുന്നുംകുളത്തെ നസ്രാണി പൈതൃകത്തിൻ്റെ സ്വാധീനം തൻ്റെ ജീവിതത്തിൽ ഉടനീളം സ്വീകരിച്ച ബാവാ തിരുമേനി വിശ്വാസ കാര്യങ്ങളിലും ആചാര അനുഷ്ഠാനങ്ങളിലും കർശനമായ നിഷ്ഠ പുലർത്തിയിരുന്നു. പള്ളി തർക്ക കേസിൽ സുപ്രധാനമായ സുപ്രിം കോടതി വിധി വന്ന കാലയളവിൽ മറ്റു സഭകളുമായുള്ള ചർച്ചകൾക്ക് കത്തോലിക്കാ ബാവ തന്നെയാണ് മുൻകൈ എടുത്തത്.

എഴുപത്തിനാലാമത്തെ വയസിൽ അദ്ദേഹം വിടവാങ്ങുമ്പോൾ സഭാ വിശ്വാസികൾക്കിടയിൽ മാത്രമല്ല, സാമൂഹിക, സാംസ്കാരിക, രംഗത്തുള്ള ആളുകളിലും വലിയ വേദനയാണ് ആ വിയോഗം സൃഷ്ടിക്കുന്നത്. പിന്നണിഗായിക കെ.എസ്. ചിത്ര അടക്കമുള്ള പ്രമുഖർ അദ്ദേഹവുമായി പുലർത്തിയിരുന്ന വ്യക്തിബന്ധം അതിനൊരു ഉദാഹരണമാണ്. കേരള ചരിത്രത്തിൽ  സുപ്രധാനമായ ഏടുകൾ പലതും കുറിച്ചതിന് ശേഷമാണ് ബസേലിയസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലയവനികയ്ക്കുള്ളിൽ മറയുന്നത്.
Published by: user_57
First published: July 12, 2021, 1:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories