കൊച്ചി : ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ നടി ലീനാ മരിയാ പോളിനെ വീണ്ടും ചോദ്യം ചെയ്യും. മുംബൈ അധോലോകവുമായും കുഴൽപ്പണ ഇടപാടുകാരുമായുള്ള ബന്ധവും അന്വേഷിക്കും. ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തവർ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു, കേസിലെ മുഖ്യകണ്ണികളായ ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ലീനയെ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്.
അതേസമയം വെടിവയ്പ്പിന് ക്വട്ടേഷൻ നൽകിയത് കാസർകോഡ് സ്വദേശി മോനായിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് രവി പൂജാരിയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് നിഗമനം.തോക്കും വാഹനവും എത്തിച്ച് നൽകിയത് മോനായിയുടെ നിർദേശപ്രകാരമാണെന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ അല്‍താഫ് എന്നയാൾ മൊഴി നൽകിയിരുന്നു. ഇയാളും മോനായിയും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. മോനായി ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്.
2018 നവംബറിൽ ലീനയ്ക്ക് 30കോടി രൂപയുടെ കുഴൽപ്പണം ലഭിച്ചെന്ന വിവരം ക്വട്ടേഷൻ സംഘത്തിന് ചോർന്ന് കിട്ടിയിരുന്നു. ഇതാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കൊല്ലത്തെ ഒരു സിനിമാ നിർമ്മാതാവ് വഴിയാണ് ഇക്കാര്യം സംഘം അറിയുന്നത്. ഇത് സംബന്ധിച്ച വസ്തുതകൾ ലീന മറച്ചു വക്കുന്നതായി ക്രൈംബ്രാഞ്ചിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.ആ സംശയം സ്ഥിരീകരിക്കുന്ന തരത്തിലാണ് ഇപ്പോൾ പിടിയിലായവർ നൽകിയിരിക്കുന്ന മൊഴിയെന്നാണ് സൂചന. എന്നാൽ കുഴൽപ്പണം എവിടെ നിന്ന് വന്നു, എന്തിനാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തതയില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.