• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിദേശ വനിതയുടെ തിരോധാനം ആൺ സുഹൃത്തുമായുള്ള സൗന്ദര്യപിണക്കത്തിനൊടുവിൽ

അൻപത്തൊമ്പതുകാരിയായ വെസ്‌നയും ഇരുപത്തിനാലുകാരനായ ജിം ബെന്നിയും തമ്മില്‍ ഫെയ്‌സ് ബുക്കില്‍ തുടങ്ങിയ പരിചയം പിന്നീട് സ്‌നേഹബന്ധമായി വളരുകയായിരുന്നു.

news18
Updated: May 17, 2019, 5:51 PM IST
വിദേശ വനിതയുടെ തിരോധാനം ആൺ സുഹൃത്തുമായുള്ള സൗന്ദര്യപിണക്കത്തിനൊടുവിൽ
വെസ്ന
news18
Updated: May 17, 2019, 5:51 PM IST
സനോജ് സുരേന്ദ്രന്‍
കോഴിക്കോട്

കോഴിക്കോട് നഗരമധ്യത്തില്‍ നിന്നു വിദേശവനിതയെ കാണാതായ സംഭവത്തിന്‍റെ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് പ്രായത്തെയും ദേശത്തെയും മറികടന്ന് ഫേസ് ബുക്കില്‍ മൊട്ടിട്ട  അപൂർവ സൗഹൃദകഥ. ആൺ സുഹൃത്തുമായുള്ള സൗന്ദര്യപ്പിണക്കത്തെ തുടര്‍ന്ന് വിദേശവനിത പിണങ്ങിപ്പോയത് മണിക്കൂറുകളോളമാണ് പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയത്.

ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ വെസ്‌നയെ കാണാനില്ലെന്ന പരാതിയുമായാണ് കോട്ടയം പുതുപ്പള്ളി സ്വദേശി ജിം ബെന്നി വെള്ളിയാഴ്ച പുലര്‍ച്ചെ കസബ പൊലീസ് സ്‌റ്റേഷനിലെത്തിയത്. വിദേശ വനിതയെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ പൊലീസ് സംവിധാനമാകെ ഊർജിതമായി. ഇരുപതോളം വാഹനങ്ങള്‍ നഗരത്തില്‍ നാനാഭാഗത്തേക്കും പാഞ്ഞു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കോഴിക്കോട് ബീച്ചിന് സമീപത്ത് വെസ്‌നയെ കണ്ടെത്തി. തുടര്‍ന്നാണ്  ഫേസ് ബുക്കിൽ  വിരിഞ്ഞ അപൂർവ സൗഹൃദകഥ പൊലീസിന് മുന്‍പില്‍ ചുരുളഴിഞ്ഞത്.

അൻപത്തൊമ്പതുകാരിയായ വെസ്‌നയും ഇരുപത്തിനാലുകാരനായ ജിം ബെന്നിയും തമ്മില്‍ ഫേസ് ബുക്കില്‍ തുടങ്ങിയ പരിചയം പിന്നീട് സ്‌നേഹബന്ധമായി വളരുകയായിരുന്നു. ഒരിക്കല്‍ ഇന്ത്യയില്‍ വന്ന വെസ്‌ന, ജിം ബെന്നിയുമായി രാജ്യമാകെ സഞ്ചരിച്ചിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങി രണ്ട് വര്‍ഷത്തിന് വീണ്ടും ഇന്ത്യയില്‍ എത്തി. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഇന്നലെ രാത്രിയിലാണ് ഇരുവരും കോഴിക്കോട് നഗരത്തില്‍ എത്തിയത്.

താമസ സൗകര്യവുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ തര്‍ക്കത്തെ തുടന്ന് വെസ്‌ന പിണങ്ങി പോവുകയായിരുന്നു. തന്റെ അന്വേഷണത്തില്‍ വെസ്നയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ജിം പൊലീസിനെ സമീപിച്ചത്.  കണ്ടുമുട്ടിയപ്പോൾ  ഇരുവരും സൗന്ദര്യപിണക്കം മറന്നു.

ഒടുവില്‍ കേരള പൊലീസിന് നന്ദി പറഞ്ഞ് വെസ്‌ന
Loading...

"ഞങ്ങൾ തമ്മിൽ ഒരു തർക്കം ഉണ്ടായി. തുടർന്ന് ഞാൻ ഓട്ടോറിക്ഷ വിളിച്ച് പോയി. ഗോവയ്ക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. തുടർന്ന് ഫേസ് ബുക്കിൽ എന്നെ കാണാനില്ലെന്ന മെസേജ് വന്നു. പിന്നെ പൊലീസ് വന്ന് എന്നെ കൂട്ടികൊണ്ടു പോയി. പൊലീസ് എന്നോട് നന്നായി പെരുമാറി, ഭക്ഷണം വാങ്ങി നൽകി. നല്ല പെരുമാറ്റം ഉണ്ടായി. മറ്റാരുമല്ല ഇതിൽ ഞങ്ങൾ രണ്ടാളുമാണ് കുറ്റക്കാർ. ഇതിൽ നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു," വെസ്‌ന ന്യൂസ് 18 നോട് പറഞ്ഞു.

മെക്കാനിക്കല്‍ എഞ്ചിനീയറായ ജിം ബെന്നിയും സന്തോഷത്തിലാണ്. "എനിക്ക് ഒരുപാട്  പരിഭവമുണ്ടായിരുന്നു. എന്നാൽ, അവളെ കണ്ടെത്തിയതോടെ വലിയ സന്തോഷമായി," ജിം ബെന്നി പറഞ്ഞു .

ഇരുവരുടെയും സന്തോഷകരമായ സമാഗമം  പൊലീസിനും ആശ്വാസമായി. എന്നാൽ, കേസെടുത്തതിനാല്‍ വെസ്‌നയെ കോടതിയില്‍ ഹാജരാക്കണം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട് കാണാനുള്ള യാത്ര തുടരാനാണ്  വെസ്നയുടെയും ജിം ബെന്നിയുടെയും  തീരുമാനം.
First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...