നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുർബാന ഏകീകരണം: കർദിനാളിന്റെ ഇടയലേഖനം കത്തിച്ചും കുർബാന തടസപ്പെടുത്തിയും പ്രതിഷേധം

  കുർബാന ഏകീകരണം: കർദിനാളിന്റെ ഇടയലേഖനം കത്തിച്ചും കുർബാന തടസപ്പെടുത്തിയും പ്രതിഷേധം

  കർദിനാളിന്റെ ഇടയലേഖനം കത്തിച്ചും കുർബാന തടസപ്പെടുത്തിയും പ്രതിഷേധം

  വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

  വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

  • Share this:
  കൊച്ചി: കുർബാന ഏകീകരണം സംബന്ധിച്ച തർക്കം സിറോ മലബാർ സഭയിലെ അന്തരീക്ഷത്തെ സംഘർഷഭരിതമാക്കുകയാണ്. എറണാകുളം - അങ്കമാലി അതിരൂപതയിലാണ് ശക്തമായ പ്രതിഷേധം അലയടിക്കുന്നത്. അതിരൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ സഭാ നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സിനഡിൻ്റെ നിർദ്ദേശങ്ങൾ പുറത്തുവന്നപ്പോൾ തന്നെ ഇടയലേഖനം വായിക്കുന്നത് സംബന്ധിച്ച് വലിയ എതിർപ്പ് വൈദികർ ഉയർത്തിയിരുന്നു.

  പരിഷ്ക്കരിച്ച കുർബാന രീതി നടപ്പാക്കാൻ അനുവദിക്കുകയില്ലെന്ന് പരസ്യമായി ഇവർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ എതിർപ്പിനെ മറികടന്നു ഇടയലേഖനം വായിക്കാൻ വൈദികരോട് സഭാ നേതൃത്വം നിർദേശിക്കുകയായിരുന്നു. ഇന്ന് കുർബാന മധ്യേ പള്ളികളിൽ  ഇടയ ലേഖനം വായിക്കാൻ ആവശ്യപ്പെട്ടിരുന്നു. കുർബാനയിലെ മാറ്റങ്ങൾ  സംബന്ധിച്ചുള്ളതാണ് ഇടയലേഖനം. എറണാകുളം അങ്കമാലി അതിരൂപതയിൽ ചിലയിടങ്ങളിൽ ഇത് തർക്കത്തിന് കാരണമാവുകയും ചെയ്തു.

  കുർബാന ഏകീകരണം സംബന്ധിച്ച കർദിനാളിനെ ഇടയലേഖനം വായിക്കുന്നതിനെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിലാണ് വിശ്വാസികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. കുർബാന മധ്യേ വൈദികൻ ഇടയലേഖനം വായിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു സംഘർഷം ഉടലെടുത്തത്.

  വത്തിക്കാൻ തീരുമാനപ്രകാരം സീറോ മലബാർ സഭാ സിനഡിന്റെ നിർദ്ദേശമനുസരിച്ച് കുർബാന ഏകീകരണം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ അറിയിപ്പായിരുന്നു  ഇടയലേഖനമായി വന്നത്. ഇത് വായിക്കാൻ അനുവദിക്കില്ലെന്നും വിശ്വാസികൾക്ക് ജനാഭിമുഖ കുർബാന തന്നെ മതി എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഏതാനും വിശ്വാസികൾ അൾത്താരയിലേക്ക് കയറിയത്.  ഇടയലേഖനം അസാധുവാക്കിയതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തുടർന്ന് വൈദികന്റെ മൈക്ക് പിടിച്ചെടുക്കുകയും പ്രാർത്ഥന തടസ്സപ്പെടുത്തുകയും ചെയ്തു. മറുവിഭാഗം വിശ്വാസികളും പ്രശ്നത്തിൽ ഇടപെട്ടതോടെ പള്ളിക്കകത്ത് വാക്കേറ്റം രൂക്ഷമായി. പ്രതിഷേധിച്ചവർ  പള്ളിക്ക് പുറത്ത് ഇടയലേഖനത്തിന്റെ പകർപ്പ് കത്തിച്ചു. തുടർന്ന് പോലീസും സ്ഥലത്തെത്തി.

  ബഹളത്തിനിടയിലും പള്ളി വികാരി ഫാദർ സെലസ്റ്റിൻ ഇഞ്ചിക്കൽ ഇടയലേഖനം വായിച്ച് പൂർത്തിയാക്കി. സഭയുടെ തീരുമാനം അനുസരിച്ചുള്ള അറിയിപ്പ് പള്ളികളിൽ വായിക്കേണ്ടതാണെന്നും ഒരു ഭാഗം വിശ്വാസികളും വൈദികരും കാര്യങ്ങൾ തെറ്റിദ്ധരിച്ച് മനസ്സിലാക്കുന്നതിലെ കുഴപ്പമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഫാദർ സെലസ്റ്റിൻ ഇഞ്ചിക്കൽ പറഞ്ഞു. കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും പ്രതിഷേധക്കാരെ പിരിച്ചുവിടുകയും ചെയ്തു. കുർബാന തടസ്സപ്പെടുത്തിയതിനും അനിഷ്ട സംഭവങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

  • കുർബാന എകീകരണം: തർക്കവും സംഘർഷവും പള്ളിക്കകത്തേയ്ക്ക്

  • കർദിനാളിന്റെ ഇടയലേഖനം കത്തിച്ചും കുർബാന തടസപ്പെടുത്തിയും പ്രതിഷേധം

  • ആലുവ പ്രസന്നപുരം പള്ളിയിൽ വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

  • ഇടയലേഖനം അസാധുവാക്കിയതാണെന്ന് പ്രതിഷേധക്കാർ


  Summary: Believers burn the pastoral letter to the laity in protest against uniformity in holy mass. A section of them disrupted proceedings inside the church and entered into a war of words and launched fight against each other
  Published by:user_57
  First published: