കോട്ടയം: കൂടുതൽ കുട്ടികൾ ഉള്ളവര്‍ക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടി ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. മൂന്നോ അതിലധികമോ കുട്ടികൾ ഉള്ളവർക്കാണ് വിവിധ തരത്തിലുള്ള ആനുകൂല്യങ്ങൾ പാലാ രൂപതാ പ്രഖ്യാപിച്ചത്. മാർപാപ്പയുടെ ആഹ്വാനപ്രകാരം കുടുംബ വർഷം 2021 ആചരിക്കുന്നതിന്റെ ഭാഗമായി ആണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത് എന്നാണ് പാലാ രൂപതയുടെ വിശദീകരണം. സോഷ്യൽ മീഡിയ വഴി ആണ് ആദ്യമായി പാലാ രൂപത ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. തുടർന്ന് ഇത് വിവാദമായതോടെ സോഷ്യൽ മീഡിയയിലെ പോസ്റ്റ് പിൻവലിച്ചിരുന്നു.
ഇന്ന് നടന്ന കുർബാനയ്ക്കിടെ ആണ് വൈദികർ രൂപതയുടെ തീരുമാനം വായിച്ചത്. ആദ്യം സോഷ്യൽ മീഡിയയിൽ ഇറക്കിയ പോസ്റ്റർ വിവാദങ്ങളെ തുടർന്ന് രൂപതാ പിൻവലിച്ചിരുന്നു. അതിനുശേഷമാണ് വിശദമായ സർക്കുലർ പാലാ രൂപതാ പുറത്തിറക്കിയത്. ഈ സർക്കുലറാണ് ഇന്ന് പള്ളികളിൽ വായിച്ചത്. ആറു തരത്തിലുള്ള സൗജന്യങ്ങൾ ആണ് പാലാ രൂപത പ്രഖ്യാപിച്ചിരിക്കുന്നത്.
1.രണ്ടായിരത്തിനുശേഷം വിവാഹിതരായ പാലാ രൂപതാ രൂപതാ അംഗങ്ങൾ ആയ ദമ്പതിമാർക്ക് അഞ്ചോ അതിലധികമോ കുട്ടികളുണ്ടെങ്കിൽ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം നൽകും. 2021 ഓഗസ്റ്റ് മുതൽ ആനുകൂല്യം നൽകും.
2. നാല് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരിൽ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് രൂപതയുടെ ആശുപത്രിയിൽ ജോലിക്ക് മുൻഗണന.
3.രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും, മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയിലും നാലാമത്തെ കുട്ടി മുതൽ പ്രസവ ചികിത്സ സൗജന്യം.
4. മൂന്നു കുട്ടികളിൽ മേലുള്ള കുടുംബങ്ങളിൽനിന്നും രൂപതയുടെ പാലയിലെ ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്ന നാലാമത്തെ കുട്ടിക്ക് നഴ്സിങ് കോഴ്സിന് സൗജന്യ പഠനം.
5. നാലാമതും തുടർന്നും ലഭിക്കുന്ന കുട്ടികൾക്ക് രൂപതയ്ക്ക് കീഴിലെ എൻജിനീയറിങ് കോളേജിൽ ട്യൂഷൻ ഫീ സൗജന്യം. ഫുഡ് ടെക്നോളജി കോളേജിലും ഇതേ സൗജന്യം ഉണ്ടാകും.
6. 2000 മുതൽ 2021 വരെ ജനിച്ച നാലാമത്തെ മുതലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് പ്രത്യേകപരിഗണന.
Also Read-അഞ്ചു മക്കൾ ഒരു കുറ്റകൃത്യമോ അശ്ലീലമോ അല്ല; ഒരു പാലാക്കാരൻ പറയുന്നു
ഏറെ വിവാദങ്ങൾ ഉണ്ടായ ശേഷവും തീരുമാനവുമായി പാലാ രൂപത മുന്നോട്ടുപോകുന്നു എന്നതാണ് ശ്രദ്ധേയം. കത്തോലിക്ക നവീകരണ സമിതിയാണ് പാലാ രൂപതയുടെ വിവാദ തീരുമാനത്തിനെതിരെ ആദ്യം രംഗത്തുവന്നത്. സ്ത്രീകളെ കുട്ടികൾ ഉണ്ടാക്കുന്നതിനുള്ള യന്ത്രമായി കരുതരുത് എന്നാണ് കത്തോലിക്ക നവീകരണ സമിതി വിമർശിച്ചത്.
അതേസമയം കത്തോലിക്കാസഭയുടെ എക്കാലത്തെയും നിലപാടുകളാണ് സർക്കുലർ ആയി പുറത്തിറക്കിയത് എന്ന് പാലാ രൂപത വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ആവശ്യമില്ല. കുട്ടികൾ ദൈവത്തിന്റെ വരദാനം ആയാണ് കത്തോലിക്കാ സഭ കാണുന്നത് എന്നും നേരത്തെ പാലാ ബിഷപ്പ് വ്യക്തമാക്കിയിരുന്നു. പാലാ രൂപതക്ക് പുറമേ പത്തനംതിട്ട രൂപതയും ഇതേ നിലപാട് ആവർത്തിച്ച് സർക്കുലർ പുറത്തിറക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.