നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരാറുകാർക്ക് നേട്ടം; ബിൽ തുക ഇനിമുതൽ ജില്ലകളിൽ തന്നെ മാറാം

  കരാറുകാർക്ക് നേട്ടം; ബിൽ തുക ഇനിമുതൽ ജില്ലകളിൽ തന്നെ മാറാം

  നിലവിൽ 162 കോടിയാണ് ചെറുകിട കരാരുകാർക്ക് കുടിശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്. 1000 കോടിയുടെ ജോലികളുടെ ബില്ല് തയ്യാറായി വരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിൽ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്ന കരാറുകാർക്ക് ഇനിമുതൽ ബില്ലുകൾ ജില്ലകളിൽ തന്നെ മാറ്റി നൽകും. ബില്ല് മാറി നൽകാനുള്ള അധികാരം ജില്ലാ എക്സിക്യൂട്ടീവ് എ‍ഞ്ചിനീയർമാർക്ക് നൽകി സർക്കാർ ഉത്തരവിറങ്ങി. നിലവിൽ തദ്ദേശ വകുപ്പ് ചീഫ് എൻജിനീയർക്ക് നൽകിയിരുന്ന അധികാരമാണ് ജില്ലകളിലേക്ക് മാറ്റി നൽകുന്നത്. ഇതോടെ  കരാറുകാരുടെ ബില്ലുകൾ മാറുന്നതിന് പുതിയ വേ​ഗം കൈവരും.

  സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഈ പദ്ധതിയിൽ നടക്കുന്ന റോഡ് നിർമ്മാണത്തിന് പണം അനുവദിച്ചിരുന്നത് തിരുവനന്തപുരത്തുളള ചീഫ് എൻജിനീയറാണ്. അമിത ജോലിഭാരവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മൂലം പല ഫയലുകളും ചീഫ് എൻജിനീയർ ഓഫീസിൽ കെട്ടികിടക്കുകയായിരുന്നു. കടമെടുത്ത് പണി നടത്തുന്ന കരാറുകാർ ബില്ലുകൾ പാസ്സാവാത്തതുമൂലം ഏറെ പ്രതിസന്ധി നേരിട്ടിരുന്നു. സർക്കാരിന് പണം ഉണ്ടായിട്ടും ചീഫ് എൻജിനീയർ ഓഫീസിലെ തിരക്കുമൂലം ഫയലുകൾ കെട്ടികിടക്കുന്നതായിരുന്നു നിലവിലെ സ്ഥിതി.

  2018 ലും 2019 ലും ഉണ്ടായ പ്രളയത്തിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിനായി 1000 കോടിയുടെ നിർമ്മാണത്തിന് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. 5000 ത്തിലധികം റോഡ് നിർമ്മാണ പദ്ധതികളാണ് നടന്നുവരുന്നത്. ഇവയിൽ പലതും പൂർത്തിയായതും ജോലി നടന്നുവരുന്നതുമാണ്. ഈ ജോലികളുടെയെല്ലാം ബില്ലുകൾ ചീഫ് എൻജിനീയർ തീരുമാനമെടുക്കുന്നത് അമിത ജോലിഭാരമാണെന്ന് കാട്ടി തദ്ദേശവകുപ്പ് ചീഫ് എൻജിനീയർ സർക്കാരിന് കത്ത് നൽകിയിരുന്നു. ബില്ല് മാറുന്നതിന് ബദൽ സംവിധാനം വേണമെന്ന് കരാറുകാരുടെ സംഘടനയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരി​ഗണിച്ചാണ് ജില്ലാ പ‍‍ഞ്ചായത്തുകളുടെ കീഴിൽ പ്രവർത്തിക്കുന്ന എക്സിക്യൂട്ടീവ് എൻഞ്ചിനീയർമാർക്ക് അധികാരം നൽകിയത്.

  Also Read- ലോട്ടറിയടിച്ച ഒന്നാം സമ്മാനം 65 ലക്ഷം രൂപ കേസുള്ളതിനാൽ നൽകാനാകില്ലെന്ന് സർക്കാർ; തടഞ്ഞുവെക്കാനാകില്ലെന്ന് ഹൈക്കോടതി

  നിലവിൽ 162 കോടിയാണ് ചെറുകിട കരാരുകാർക്ക് കുടിശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്. 1000 കോടിയുടെ ജോലികളുടെ ബില്ല് തയ്യാറായി വരുന്നു. എംഎൽഎ മാരുടെ ആസ്തി വികസന പദ്ധതിയിൽ 600 കോടിയാണ് കരാറുകർക്ക് നൽകാനുളളത്. സർക്കാരിന്റെ പുതിയ തീരുമാനം ചെറുകിട കരാറുകാർക്ക് വൻ നേട്ടമാകുമെന്നാണ് പ്രതീക്ഷ.കിഫ്ബി ജോലികൾ ഏറ്റെടുക്കുന്ന വൻകിട കരാറുകാർക്ക് കൃത്യമായി പണം നൽകുമ്പോഴാണ് ചെറുകിട കരാറുകാർക്ക് ഈ പ്രതിസന്ധി നേരിട്ടിരുന്നത്. ഓരോ ജില്ലകളിലേയും ജോലികൾക്ക് അതത് ജില്ലകളിൽ തന്നെ തീരുമാനമുണ്ടാകുമ്പോൾ വേ​ഗത്തിൽ ബില്ലുകൾ മാറി വരുമെന്നാണ് പ്രതീക്ഷ.
  Published by:Anuraj GR
  First published:
  )}