• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിണറായിയെ കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹം ബാക്കിയാക്കി ബർലിൻ കുഞ്ഞനന്തൻ നായരുടെ അന്ത്യയാത്ര

പിണറായിയെ കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹം ബാക്കിയാക്കി ബർലിൻ കുഞ്ഞനന്തൻ നായരുടെ അന്ത്യയാത്ര

2021 ജനുവരി 13നാണ് പിണറായിയെ കാണണമെന്നും മാപ്പു പറയണമെന്നും ബർലിൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. ഇഎംഎസിനെക്കാൾ കരുത്തുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ബർലിൻ അവസാന കാലത്ത് വിലയിരുത്തിയിരുന്നു

  • Last Updated :
  • Share this:
    കണ്ണൂർ: പിണറായിയെ കണ്ട് മാപ്പ് പറയണമെന്ന ആഗ്രഹം ബാക്കിയാക്കിയൊണ് ബർലിൻ കുഞ്ഞനന്തൻ നായർ വിടവാങ്ങിയത്. ഇക്കാര്യം പലതവണ പരസ്യമായി പ്രകടിപ്പിച്ചെങ്കിലും ഇരുവർക്കും തമ്മിൽ കാണാനായില്ല. ബർലിൻ കുഞ്ഞനന്തൻ നായർ രോഗബാധിതനായി വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കാണാൻ പിണറായി വിജയൻ പോയിരുന്നില്ല. സിപിഎം ഗ്രൂപ്പ് വഴക്ക് മൂർച്ഛിച്ചിരുന്ന കാലത്ത് വി.എസിനൊപ്പം നിലകൊണ്ടയാളായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ. എന്നാൽ അന്ന് വി.എസിനൊപ്പം നിൽക്കുകയും പരസ്യനിലപാട് സ്വീകരിക്കുകയും ചെയ്തതിൽ പിണറായിയോട് മാപ്പ് ചോദിക്കണമെന്ന ആഗ്രഹം ബർലിൻ കുഞ്ഞനന്തൻ നായർ പല തവണ പ്രകടിപ്പിച്ചിരുന്നു.

    ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിലും അതിന്‍റെ രണ്ടാം ഭാഗത്തിലും പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുന്ന നിരവധി പരാമർശങ്ങളും ആരോപണങ്ങളും ഉണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ആശയതലത്തിൽ വഴിതെറ്റിപ്പോയെന്നും തന്‍റെ നിലപാട് വിഭാഗീയപരമായിരുന്നുവെന്നും ബർലിൻ കുഞ്ഞനന്തൻ നായർക്ക് തോന്നിയിരുന്നു അതുകൊണ്ടുതന്നെ പിണറായിയോട് മാപ്പ് പറയാനും കാലുപിടിക്കാൻ തയ്യാറാണെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞത്.

    2021 ജനുവരി 13നാണ് പിണറായിയെ കാണണമെന്നും മാപ്പു പറയണമെന്നും ബർലിൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. ഇഎംഎസിനെക്കാൾ കരുത്തുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ബർലിൻ അവസാന കാലത്ത് വിലയിരുത്തിയിരുന്നു. ബർലിൻ പാർട്ടിയിലേക്കു തിരിച്ചെത്തിയതോടെ പിണറായി ഒഴികെയുള്ള നേതാക്കൾ സന്ദർശിച്ചിരുന്നു.

    പാർട്ടി പ്രാദേശിക ഘടകം കുഞ്ഞനന്തൻ നായർക്കു വേണ്ട സഹായങ്ങളും ചെയ്തിരുന്നു. കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് നടന്നപ്പോൾ ആദ്യ സംഭാവന സ്വീകരിക്കാൻ പാർട്ടി കണ്ടെത്തിയ ആളും കുഞ്ഞനന്തൻ നായരായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ പാർട്ടി പതാക പുതച്ചാണ് അന്ത്യയാത്ര. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് പാർട്ടി പതാക പുതപ്പിച്ചത്. നാറാത്ത് പിഎച്ച്സിക്കു സമീപം പൊതുദർശനത്തിനുള്ള സൗകര്യവും സിപിഎം ഒരുക്കി. ഇന്ന് രാവിലെ 10 മുതൽ 12 വരെയാണു പൊതുദർശനം.

    ആദ്യകാല കമ്മ്യൂണിസ്റ്റ് അനുഭാവിയും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് അന്തരിച്ചത്. 97 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കണ്ണൂര്‍ നാറാണത്തെ വീട്ടിലായിരുന്നു അന്ത്യം. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബർലിനിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായിരുന്നു.

    പന്ത്രണ്ടാം വയസിൽ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ. നായനാർക്കൊപ്പമാണ് അദ്ദേഹം പ്രവർത്തിച്ചു തുടങ്ങിയത്. ഇ.എം.എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും എകെജിയ്‌ക്കൊപ്പവും പ്രവർത്തിച്ചു.1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായി . പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. 1965 മുതൽ 82 വരെ ‘ബ്ലിറ്റ്‌സിന്റെ’ യൂറോപ്യൻ ലേഖകൻ. സിഐഎയെക്കുറിച്ച് ‘ഡെവിൾ ഇൻ ഹിസ് ഡാർട്ട്’ എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്‌തകം രചിച്ചു. 2005ൽ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയെങ്കിലും 2015ൽ തിരിച്ചെടുത്തു.
    Published by:Anuraj GR
    First published: