തൃശൂർ: അമിതമായി വാങ്ങി സൂക്ഷിച്ച് വിറ്റഴിക്കാനാകാതെ വന്ന 50 ലക്ഷത്തോളം ലിറ്റർ ബിയർ ബിവറേജസ് കോർപറേഷൻ നശിപ്പിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ വാങ്ങിക്കൂട്ടിയവയാണിത്. മഴക്കാലത്ത് ബിയർ വിൽപ്പന കുറയുമെന്നത് അവഗണിച്ചാണ് ഈ സമയം ലക്ഷക്കണക്കിന് കെയ്സ് ബിയർ വാങ്ങിയത്. കോർപറേഷന് സാധാരണയിൽ കവിഞ്ഞ വിലക്കിഴിവും മറ്റാനുകൂല്യങ്ങളും നൽകിയ കമ്പനിയിൽ നിന്നായിരുന്നു വാങ്ങൽ.
മദ്യവിൽപ്പനശാലകളിലൂടെ കുപ്പിക്ക് 130 രൂപയ്ക്കും 160 രൂപയ്ക്കും വിറ്റഴിക്കേണ്ട ബിയറുകളാണിവ. നിയമപ്രകാരം ബിയർ ആറുമാസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ നശിപ്പിക്കണം. മഴക്കാലത്ത് ബിയർ വിൽപ്പന കുറയുമെന്നതിനാൽ അതിനനുസരിച്ചാണ് കോർപറേഷൻ വാങ്ങിയിരുന്നത്. പതിവുരീതി മാറ്റിയതോടെയാണ് ബിയർ നശിപ്പിക്കേണ്ടി വരുന്നത്. ഇത്രയധികം ബിയർ വാങ്ങിയതിന്റെ വിലയും കമ്പനികൾക്ക് നൽകിയിട്ടില്ല.
Also Read- ഏപ്രിൽ ഒന്നു മുതൽ ജീവിതച്ചെലവേറും; ഇന്ധനത്തിനും മദ്യത്തിനും മരുന്നിനും വില കൂടും
സാധാരണ ഗതിയിൽ മദ്യം വിറ്റഴിച്ചതിന്റെ ശേഷമാണ് പണം കമ്പനികൾക്ക് നൽകുക. ബിയറിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. ആറുമാസത്തിനകം വിറ്റഴിക്കുമെന്നതിനാൽ ബിയർ ഉത്‌പാദനക്കമ്പനികൾക്ക് പണം വേഗത്തിൽ കിട്ടിയിരുന്നു. ഇപ്പോൾ വിറ്റഴിക്കാനാകാത്തതിനാൽ പണം കൊടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. വിറ്റഴിക്കാനാകാത്ത ഇനത്തിന് പണം നൽകേണ്ടി വന്നാൽ കോർപറേഷന് നല്ല തുക നഷ്ടം വരും.
വിറ്റഴിക്കാനാകാതെ സ്റ്റോക്ക് കെട്ടിക്കിടക്കുന്നതിനാൽ കോർപറേഷന്റെ സംഭരണശാലകളിലും വിൽപ്പനശാലകളിലും പുതിയ സ്റ്റോക്ക് സൂക്ഷിക്കാനിടമില്ലാത്ത സ്ഥിതിയാണ്. 50 ലക്ഷത്തോളം ലിറ്റർ ബിയർ ഉൾക്കൊള്ളുന്ന 70 ലക്ഷത്തോളം കുപ്പികൾ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് മദ്യനിർമാണശാലയിലെത്തിച്ചു വേണം നശിപ്പിക്കാൻ. ഇതിനായും നല്ലൊരു തുക ചെലവിടണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Beer, Bevco, Beverages Corporation