തിരുവനന്തപുരം: മദ്യവിൽപനയ്ക്കൊപ്പം ബിവറേജസ് ഷോപ്പുകൾ പഴയ കുപ്പികൾ തിരിച്ചെടുക്കുന്നു. ഒരു ഫുൾ ബോട്ടിൽ ചില്ല് കുപ്പികൾക്ക് മൂന്നു രൂപയും ഒരു കിലോ പ്ലാസ്റ്റിക് കുപ്പികൾക്ക് 15 രൂപയും ബിവറേജസ് കോർപറേഷൻ നൽകും. ജനുവരി ഒന്നുമുതൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിൽ കാലികുപ്പികൾ തിരിച്ചെടുക്കുന്നത്. നിരോധനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ വിൽക്കുന്നവർ തന്നെ അത് തിരിച്ചെടുക്കണം.
ക്ലീൻ കേരളയും ബിവറേജസ് കോർപറേഷനും തമ്മിലുള്ള ധാരണപ്രകാരമാണ് ഔട്ട്ലെറ്റുകളിൽ പഴയ കുപ്പികൾ തിരിച്ചെടുക്കുന്നത്. ക്ലീൻ കേരള പ്രതിനിധികളായിരിക്കും ബിവറേജസ് ഷോപ്പുകളിൽ കുപ്പികൾ തിരിച്ചെടുക്കുന്ന കൌണ്ടറുകളിൽ ഇരിക്കുക. തുടക്കത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ മദ്യഷോപ്പുകളിലായിരിക്കും മൂന്നു മാസത്തെ പരീക്ഷണാടിസ്ഥാനത്തിൽ കുപ്പികൾ തിരിച്ചെടുക്കുക.
അടുത്തഘട്ടത്തിൽ സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കും. ബിവറേജസിൽ മാത്രമല്ല, വീടുകളിലെത്തിയും കാലികുപ്പികൾ ശേഖരിക്കാൻ പദ്ധതിയുണ്ട്. ഹരിതകർമസേനയുടെ നേതൃത്വത്തിലായിരിക്കും ഇത്. കൂടാതെ ക്ലീൻ കേരള കമ്പനിയുടെ കളക്ഷൻ സെന്ററുകളിലും കുപ്പി എത്തിക്കാം. ക്ലീൻ കേരളയ്ക്കും കുപ്പി നൽകുമ്പോൾ മാത്രമായിരിക്കും നിശ്ചയിച്ചിട്ടുള്ള വില ലഭിക്കുക. വീട്ടിലെത്തി ഹരിതകർമസേനക്കാർ ശേഖരിക്കുന്ന കുപ്പിക്ക് വില ലഭിക്കില്ല.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.