• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

കേരളത്തിൽ ഭാരത് ബന്ദ് ഇല്ലാത്തത് എന്തുകൊണ്ട്? 10 കാര്യങ്ങൾ...

News18 Malayalam
Updated: September 7, 2018, 10:50 PM IST
കേരളത്തിൽ ഭാരത് ബന്ദ് ഇല്ലാത്തത് എന്തുകൊണ്ട്? 10 കാര്യങ്ങൾ...
News18 Malayalam
Updated: September 7, 2018, 10:50 PM IST
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കേരളത്തിൽ അന്ന് ബന്ദില്ല. പകരം ഹർത്താലാണ് ഉണ്ടാവുകയെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ അറിയിച്ചു. സി.പി.എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

2. രാജ്യം മുഴുവൻ ബന്ദിന് ആഹ്വാനം ചെയ്തപ്പോൾ കേരളത്തിൽ മാത്രം എങ്ങനെ ഹർത്താലായി?

കേരളത്തിൽ ബന്ദ് നടത്തുന്നതിന് നിയമപരമായ തടസമുണ്ട്. അതുകൊണ്ട് പേര് മാറി ഹർത്താൽ ആകുന്നുവെന്ന് മാത്രം.

3. കേരളത്തിന് എന്താണ് മെച്ചം ?

കേരളം ഒഴികെ ഭാരത് ബന്ദ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് മൂന്നുവരെ ആറുമണിക്കൂർ മാത്രമാണ് ജനജീവിതം സ്തംഭിക്കുക. എന്നാൽ ഹർത്താൽ നടക്കുന്ന കേരളത്തിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ 12 മണിക്കൂറാണ് ജനജീവിതം നിശ്ചലമാവുക. കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേദിവസം കേരളം നിശ്ചലമാകുമെന്നുറപ്പാണ്. അതായത് ബന്ദിനെക്കാൾ തീവ്രമായി ഹർത്താൽ മാറുമെന്ന് ചുരുക്കം. ഹർത്താലിന് ആഹ്വാനം ചെയ്ത കോൺഗ്രസും ഇടതുപാർട്ടികളും ശക്തമായ കേരളത്തിൽ ഹർത്താൽ അതിശക്തമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.

4. എന്താണ് ബന്ദ്?

രാഷ്ട്രീയകക്ഷികളുടെ ഒരു പ്രതിഷേധ മാർഗമാണ് ബന്ദ്. തങ്ങൾക്ക് ജനപിന്തുണ ഉണ്ടെന്നു കാണിക്കുവാനും ഓരോ രാഷ്ട്രീയ കക്ഷികളും ഈ അവസരം ഉപയോഗിക്കുന്നു. കടകളടച്ചും വാഹനങ്ങൾ ഓടിക്കാതെയും ഓഫീസിൽ പോകാതെയും ജനങ്ങൾ പ്രതികരിക്കുമ്പോൾ അതു ജനപിന്തുണയുടെ അളവുകോലായി പാർട്ടികൾ പ്രഖ്യാപിക്കും. ബന്ദ് വിജയിപ്പിക്കുവാൻ പലപ്പോഴും ശക്തിയും സമ്മർദവും അക്രമവുമെല്ലാം ഉപയോഗിക്കാറുണ്ട്. ജനങ്ങളെ ഭയപ്പെടുത്തി വീട്ടിലിരുത്തുന്ന സ്ഥിതിയുമുണ്ട്.
Loading...

5. എന്താണ് ഹർത്താൽ?

പ്രതിഷേധ സൂചകമായോ ദുഃഖസൂചകമായോ കടകളും വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുന്നതിനെയാണ് സാങ്കേതികാർത്ഥത്തിൽ ഹർത്താൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 1997ൽ ഹൈക്കോടതി ബന്ദ് നിരോധിച്ചതിന് ശേഷമാണ് ബന്ദിന് സമാനമായ ഹർത്താൽ വ്യാപകമായത്. വർഷത്തിൽ അനേകം സംസ്ഥാന ഹർത്താലുകളും പ്രാദേശിക ഹർത്താലുകളും നടക്കുന്ന നാടാണ് നമ്മുടേത്. മുഖ്യധാരാ രാഷട്രീയ പാർട്ടികൾ മുതൽ ചെറു പാർട്ടികൾ വരെ അവരവർക്ക് താല്പര്യമുള്ള വിഷയത്തിൽ ഹർത്താലുകൾ നടത്താറുണ്ട്.
ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുന്ന ഹർത്താലുകൾ കുറവാണെന്ന് വിമർശനമുണ്ട്. ഭയംമൂലം ഹർത്താലിൽ സഹകരിക്കാൻ നിർബന്ധിതരാവുകയാണ്‌. 'സേ നോ ടു ഹർത്താൽ' പോലെയുള്ള സന്നദ്ധ സംഘങ്ങൾ ഇപ്പോൾ ഹർത്താലിനെതിരെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളിലും റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും അത്യാവശ്യം പോകേണ്ടിവരുന്ന യാത്രക്കാർക്കു വാഹനസൗകര്യം ഒരുക്കുകയാണ് ഇവർ ചെയ്യുന്നത്.

6. കേരളത്തിൽ ബന്ദ് നിരോധിച്ചത് എന്തിന്?

ഒരുകാലത്ത് ബന്ദുകളുടെ അതിപ്രസരത്താൽ സംസ്ഥാനം വീർപ്പുമുട്ടിയിരുന്നു. അടിയ്ക്കടിയുള്ള ബന്ദ് പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതും സംസ്ഥാനത്തിന്റെ വികസന പുരോഗതിയെ തന്നെ ബാധിക്കുന്നുവെന്നതും പരിഗണിച്ചാണ് 1997ൽ ജസ്റ്റിസുമാരായ കെ.ജി ബാലകൃഷ്ണൻ ‍, പി.കെ ബാലസുബ്രഹ്മണ്യൻ, ജെ.ബി കോശി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഇന്ത്യയിലാദ്യമായി കേരളത്തിൽ ബന്ദ് നിരോധിച്ചത്. ബന്ദ് നടത്താൻ ആഹ്വാനം പുറപ്പെടുവിക്കുന്നതും അതു നടപ്പിലാക്കുന്നതും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു. ഈ നിരോധനത്തെ പിന്നീട് സുപ്രീംകോടതിയും ശരിവച്ചു. ബന്ദ് നിരോധിച്ചപ്പോള്‍ ജനം ആശ്വസിച്ചു. എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല. ബന്ദ് ഹർത്താലെന്ന പേരിൽ ഒരു പക്ഷെ ബന്ദിനെക്കാൾ തീവ്രതയിൽ തന്നെ കേരളത്തിൽ പലതവണ കൊണ്ടാടപ്പെട്ടു.

7. ബന്ദോ ഹർത്താലോ വലുത്?

ബന്ദുണ്ടായിരുന്ന കാലത്ത് ഹര്‍ത്താല്‍ നടത്തിയാല്‍ കടകമ്പോളങ്ങൾ അടച്ചിടുകയോ പൊതുവാഹനങ്ങൾ നിരത്തിലിറങ്ങാതിരിക്കുകയോ ആണ് ഉണ്ടായിരുന്നത്. സ്വന്തമായി വാഹനമുള്ള വ്യക്തികള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടായിരുന്നില്ല. ആംബുലന്‍സ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ തുടങ്ങി അത്യാവശ്യം വാഹനങ്ങള്‍ അന്ന് ഹര്‍ത്താല്‍ ദിനത്തില്‍ ഓടുമായിരുന്നു. ബന്ദ് നിരോധിച്ച് ഹര്‍ത്താല്‍ വന്നപ്പോള്‍ ബന്ദിനേക്കാള്‍ തീവ്രത ഹര്‍ത്താലിനു വന്നു.
സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാര വ്യവഹാരങ്ങളിൽ നിന്ന് ഒരു ദിവസം വിട്ടുനിന്ന് ഹർത്താലിൽ പങ്കെടുത്തു. കേരളത്തിൽ ഹർത്താലെന്നാൽ ഫലത്തിൽ ബന്ദ് തന്നെയാണ്. ബന്ദിന് നിരോധനമുള്ളതിനാൽ ഹർത്താൽ എന്ന പേരിൽ നടത്തപ്പെടുന്നുവെന്ന് മാത്രം.

8. ഹർത്താലിന്റെ സ്വന്തം നാടോ കേരളം?

കേരളം ഹർത്താലുകളുടെ നാടാണെന്ന പ്രചരണത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. എന്തിനും ഏതിനും ഹർത്താൽ പ്രഖ്യാപിക്കുന്നുവെന്ന വിമർശനവും നമ്മെ കുറിച്ച് ഉന്നയിക്കുന്നവരുണ്ട്. ഹർത്താൽ ആഹ്വാനം ചെയ്യുന്ന കാര്യത്തിൽ‌ വലിയ കക്ഷിയെന്നോ ചെറിയ കക്ഷിയെന്നോ‌ ഉള്ള വലുപ്പചെറുപ്പമില്ല. ലക്ഷക്കണക്കിന് അണികളുള്ളവർക്കും ഈർക്കിലി പാർട്ടികൾക്കും ഒരു പോലെ ഹർത്താൽ നടത്തി വിജയിപ്പിക്കാം. അടുത്തിടെ കേരളം കണ്ട വാട്സാപ് ഹർത്താൽ തന്നെ ഉദാഹരണം. ആഹ്വാനം ചെയ്തത് ആരെന്ന് പോലും അറിയാത്ത ഹർത്താലിൽ വലിയ തോതിലുള്ള അക്രമം നടന്നു. ഹർത്താൽ ദിനത്തിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ അതിന്റെ നഷ്ടപരിഹാരം ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണമെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

9. ഹർത്താൽ നിരോധനം വേണമോ?

ഹര്‍ത്താലും പണിമുടക്കും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പലതവണ കോടതികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. 2017ലും ഇത്തരമൊരു പൊതുതാല്‍പര്യഹരജി സുപ്രിംകോടതിക്ക് മുന്നിലെത്തി. എന്നാൽ ഹര്‍ത്താല്‍ പ്രതിഷേധമാര്‍ഗമാണെന്നും അതു നിരോധിക്കാനാവില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം പൗരന്‍മാരുടെ മൗലികാവകാശങ്ങളില്‍പ്പെട്ടതാണെന്ന് വ്യക്തമാക്കിയ കോടതി, പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശത്തില്‍ പെട്ടതായതിനാല്‍ ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്നും പറഞ്ഞു. ഹര്‍ത്താലും ഒരു പ്രതിഷേധരൂപമാണ്. നിരോധനം ഏര്‍പ്പെടുത്തിയാല്‍ പ്രതിഷേധിക്കാനള്ള പൗരന്റെ ഒരു സാധ്യതയ്ക്കാണ് നിരോധനം വരിക. അതിനാല്‍ ഹർജി അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2012 മുതല്‍ 2015 വരെ കേരളത്തില്‍ 17 ഹര്‍ത്താലുകള്‍ നടന്നുവെന്നും ഇത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നുവെന്നുമാണ് ഹർജിക്കാരനായ അഭിഭാഷകൻ ഷാജി ജെ കോടംകണ്ടത്ത് ചൂണ്ടിക്കാട്ടിയത്.

10. തിങ്കളാഴ്ച ഒഴിവാക്കിയ മേഖലകൾ?

പ്രളയ ബാധിത പ്രദേശങ്ങളെ ഹര്‍ത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടാകരുതെന്ന് എം.എം ഹസൻ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളേയും, വിവാഹം, ആശുപത്രി, എയര്‍ പോര്‍ട്ട്, വിദേശ ടൂറിസ്റ്റുകള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴി വാക്കിയിട്ടുണ്ട്. തികച്ചും സമാധാനപരമായിട്ടായിരിക്കും ഹർത്താൽ നടത്തുകയെന്ന് കോൺഗ്രസും ഇടതുപാർട്ടികളും അറിയിച്ചിട്ടുണ്ട്.
First published: September 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...