• HOME
 • »
 • NEWS
 • »
 • kerala
 • »
 • ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് രക്തം വാർന്ന് മരിച്ചു;10000 രൂപ മോഷണം പോയെന്നും ആരോപണം

ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് രക്തം വാർന്ന് മരിച്ചു;10000 രൂപ മോഷണം പോയെന്നും ആരോപണം

അപകടമുണ്ടായി അരമണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്ന ഗ്രിഗോറിയെ രക്ഷിക്കാൻ ആരും തയ്യാറായില്ലെന്ന് ആരോപണമുണ്ട്

Accident

Accident

 • Last Updated :
 • Share this:
  പാലക്കാട്: ബൈക്കില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്‌ യുവാവ് രക്തം വാർന്ന് മരിച്ചു. പാലക്കാട് വടകരപ്പതി സ്വദേശി അമല്‍രാജിന്റെ മകന്‍ ഗ്രിഗോറി(32)ആണു മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള സഹോദരനു ഭക്ഷണം നൽകാനായി വരുന്നതിനിടെയാണ് അപകടം. ഗ്രിഗോറിയുടെ പക്കലുണ്ടായിരുന്ന പണം അപകടത്തിനു ശേഷം മോഷണം പോയെന്നു ബന്ധുക്കള്‍ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കണ്ടെയ്നര്‍ ലോറി സിസിടിവിയുടെ സഹായത്തോടെ കണ്ടെത്തുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു.

  അപകടമുണ്ടായി അരമണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്ന ഗ്രിഗോറിയെ രക്ഷിക്കാൻ ആരും തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഒടുവിൽ അതുവഴി വന്ന ഒരാൾ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരന്റെ ശസ്ത്രക്രിയയ്ക്ക് അടയ്ക്കാന്‍ കൈയില്‍ കരുതിയിരുന്ന 10,000 രൂപ അപകടത്തിനു ശേഷം മോഷണം പോയെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യത്തിൽ പൊലീസിന് പരാതി നൽകുകയും ചെയ്തു. അപകടത്തില്‍പെട്ട് റോഡില്‍ കിടന്നപ്പോള്‍ അജ്ഞാതര്‍ പണം കവര്‍ന്നതായാണ് സംശയം.

  കൊല്ലം തെൻമലയിൽ യുവാവിനെ കുത്തിക്കൊന്നു; വെട്ടേറ്റ പ്രതിയും ഗുരുതരാവസ്ഥയിൽ

  തെന്മലയിൽ സാമ്പത്തിക തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. തെൻമല സ്വദേശി അരുൺ കുമാർ ആണ് മരിച്ചത്. അരുൺകുമാർ വടിവാൾകൊണ്ട് വെട്ടിയ പ്രതി ബിപിൻ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അരുൺകുമാറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. തെൻമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  സാമ്പത്തിക തർക്കത്തെ തുടർന്നാണ് അരുൺകുമാറും ബിപിനും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അരുൺകുമാറിൻ്റെ വീടിനുസമീപം നിൽക്കുകയായിരുന്ന ബിബിനെ അരുൺകുമാർ വീട്ടിൽ നിന്നും വടിവാളുമായി ഇറങ്ങി വന്ന് വെട്ടുകയും വടിവാൾ പിടിച്ചുവാങ്ങിയ വിപിൻ അരുൺകുമാറിനെ തിരിച്ചു ആക്രമിക്കുകയും ചെയ്തു എന്നാണ് പ്രാഥമിക വിവരം.

  യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മുറിയിൽ രക്തക്കറ; ദുരൂഹതയെന്ന് ആരോപണം

  യുവതിയെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യ ദേവികയെ(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിൽ രക്തക്കറയും കസേരകൾ തകർത്ത നിലയിലും കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുന്നത്. നെടുങ്കണ്ടം എംഇഎസ് കോളേജില്‍ രണ്ടാം വര്‍ഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ദേവിക. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് അര്‍ജുന്‍.

  ശനിയാഴ്ച രാത്രിയിലാണ് സംഭവം. രാത്രിയില്‍ ശുചിമുറിയില്‍ പോയ ഭാര്യ തിരിച്ചെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് അർജുൻ പൊലീസിന് പറഞ്ഞു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അർജുൻ-ദേവിക ദമ്പതികൾക്ക് മൂന്നര വയസുള്ള മകനും.

  സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ദേവികയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പൊലീസും വിരലടയാള വിദഗ്ദ്ധരും വീട്ടിൽ എത്തി പരിശോധന നടത്തി. മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അർജുനെ വിശദമായി ചോദ്യം ചെയ്യുമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്നും കട്ടപ്പന ഡിവൈഎസ്പി വ്യക്തമാക്കി.
  Published by:Anuraj GR
  First published: