ലഹരിക്കായി കള്ളപ്പണ ഇടപാടു നടത്തിയെന്ന കേസിലെ ജയില്‍ വാസത്തിന് ശേഷം ബിനീഷ് കോടിയേരി(Bineesh Kodiyeri) അഭിഭാഷക(Advocate) രംഗത്തേക്ക്. നേരത്തേ വക്കീല്‍ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് ബിനീഷ് കേസില്‍ കുടുങ്ങുന്നതും ജയിലില്‍ പോകുന്നതും.
പി സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന് നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷിന്റെ പുതിയ സംരംഭം. ഇരുവരും ബിനീഷിന്റെ സഹപാഠികളാണ്.
മൂവരും ചേര്‍ന്ന് ഹൈക്കോടതിയോടുചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ ഞയാറാഴ്ച ഓഫിസ് തുറക്കും. കെട്ടിടത്തിലെ 651ാം നമ്പര്‍ മുറിയിലാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുക. ഉദ്ഘാടന ചടങ്ങില്‍ പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കില്ല എന്നാണ് വിവരം.
2006ലാണ് നിനുവും ഷോണും ബിനീഷും എന്റോള്‍ ചെയ്തത്. ശേഷം ഷോണ്‍ ജോര്‍ജ് രണ്ടുവര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. വീട്ടുകാര്‍ക്കും തങ്ങള്‍ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നു ഷോണ്‍ പറയുന്നു. രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കുന്നതല്ലെന്നും ഇവര്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bineesh kodiyeri