മനു ഭരത്
കണ്ണൂർ: യുവതിയുടെ ലൈംഗിക പീഡനപരാതിയിൽ അറസ്റ്റ് ഭയന്ന് ബിനോയ് കോടിയേരി ഒളിവിൽ. ബിനോയിയെ കസ്റ്റഡിയിൽ വേണമെന്ന് മുംബൈ പൊലീസ് സംഘം കേരളാ പൊലീസിനോട് ആവശ്യപ്പെട്ടു. അതിനിടെ ബിനോയിക്കെതിരെ കൂടുതൽ തെളിവുകൾ യുവതി പൊലീസിന് കൈമാറി. മുംബൈ പൊലീസ് ആവശ്യപ്പെട്ടാൽ എല്ലാ സഹായവും നൽകുമെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം.
ബിനോയ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന ഉറച്ച നിലപാടിലാണ് മുംബൈ പൊലീസ്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ബിനോയിയുടെ വീടുകളിൽ മുംബൈ പൊലീസ് നോട്ടീസ് നൽകി. ബിനോയ് പ്രഥമ ദൃഷ്ട്യ കുറ്റക്കാരനാണെന്നും അന്വേഷണ സംഘം കരുതുന്നു. എഫ് ഐ ആറിന്റെ പകർപ്പ്, ഫോൺ രേഖകൾ, ഫോട്ടോകൾ എന്നവയുമായാണ് ഓഷിവാര പൊലീസ് കണ്ണൂരിൽ എത്തിയത്.
കോടിയേരിയിലെ കുടുംബ വീട്ടിലും, തലശ്ശേരി മൂഴികരയിലെ വീട്ടിലും മുംബൈ സംഘം എത്തി. എത്രയും പെട്ടന്ന് കീഴടങ്ങണമെന്ന ആവശ്യം കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. നിരപരാധി എങ്കിൽ അത് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമാകുമെന്നും അതിന് തയ്യാറാകണമെന്നും കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ബിനോയുടെ അപ്പാർട്ടമെന്റ്സിലും മുംബൈ പൊലീസ് നോട്ടീസ് നൽകും. അന്വേഷണത്തിൽ മുംബൈ പൊലീസ് ആവശ്യപ്പെട്ടാൽ എല്ലാ സഹായവും നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
അതേസമയം, ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ യുവതി മുംബൈ ഓഷിവാര സ്റ്റേഷനിലെത്തി കൈമാറി. യുവതിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇരുവരും ഒന്നിച്ചു താമസിച്ചതിന്റെ തെളിവുകൾ മുംബൈ പൊലീസിന് ലഭിച്ചു. കേസ് അന്വേഷണത്തിന് കേരളത്തിലെത്തിലെത്തിയ സംഘത്തോട് സംസ്ഥാനത്ത് തന്നെ തുടരാനാണ് മുംബൈ പൊലീസിന്റെ നിർദ്ദേശം. ബിനോയ് ഒളിവിലാണെന്ന് വ്യക്തമായതിനാൽ കണ്ടെത്താൻ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ സഹായം അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട്. ബിനോയ് കേരളത്തിൽ നിന്ന് പുറത്തേക്ക് കടന്നതായാണ് കണ്ണൂർ പൊലീസിന് ഇപ്പാൾ ലഭിക്കുന്ന വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.