നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സർവ്വം ജൈവമയം: സെക്രട്ടേറിയറ്റിലെ ബയോഡെസ്ക് മെഗാഹിറ്റ്

  സർവ്വം ജൈവമയം: സെക്രട്ടേറിയറ്റിലെ ബയോഡെസ്ക് മെഗാഹിറ്റ്

  ഓണത്തിന് ഒരു മുറം പച്ചക്കറി അടക്കം വിവിധ പദ്ധതികൾ വഴി ചെറുതും വലുതുമായ പച്ചക്കറി കൃഷി മിക്കവര്‍ക്കുമുണ്ട്. അധികം വരുന്നത് എന്ത് ചെയ്യുമെന്ന ചോദ്യമാണ് ബയോഡെസ്ക് എന്ന ആശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

  ഗാർഡൻ സൂപ്പർവൈസർ എൻ. സുരേഷ് കുമാർ

  ഗാർഡൻ സൂപ്പർവൈസർ എൻ. സുരേഷ് കുമാർ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കുറ്റവും കുറവും ചുവപ്പ് നാടയും മാത്രമല്ല സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റിന് അകത്തേക്ക് നോക്കിയാൽ ചില മികച്ച മാതൃകകളും നമുക്ക് കാണാമെന്നതിന് തെളിവാണ് മാസങ്ങളായി വിജയകരമായി പ്രവര്‍ത്തിക്കുന്ന ബയോ ഡെസ്ക്. എന്തും വിൽക്കാം, എന്തും വാങ്ങാം എന്ന് പറയുന്നത് പോലെയാണ് ബയോഡെസ്കിന്‍റെ പ്രവര്‍ത്തനം. പക്ഷേ, ജൈവമാകണമെന്ന് മാത്രം.

   മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിന് മുന്നിലെ ഗാർഡൻ സൂപ്പർവൈസർ എൻ. സുരേഷ് കുമാറിന്‍റെ ഓഫീസ് മുറി തന്നെയാണ് ബയോ ഡെസ്ക്. നാടൻമുട്ട, പഴങ്ങൾ, പച്ചക്കറികൾ ജീവനക്കാരുടെ വീടുകളിൽ നിന്ന് ജൈവമായതെന്തും ഇവിടെ എത്തിക്കാം. അത് മറ്റുളളവർക്ക് വാങ്ങാനും സൗകര്യമുണ്ട്.

   സെക്രട്ടേറിയറ്റ് ജീവനക്കാരിൽ കാര്‍ഷിക അവബോധം ഉണ്ടാക്കാനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് തുടങ്ങിയ ഗ്രീൻ വളണ്ടിയര്‍ ഗ്രൂപ്പാണ് എല്ലാറ്റിന്‍റെയും അടിസ്ഥാനം. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ആശയം മുന്നോട്ട് വെക്കുകയും അത് വൻ വിജയമാകുകയും ചെയ്തതോടെ ഗ്രീൻ വളണ്ടിയര്‍ ഗ്രൂപ്പ് സെക്രട്ടേറിയറ്റിൽ വേരു പിടിച്ചു. സംഘത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഗ്രീൻ ലീഫ് എന്ന വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടായത്.   അംഗങ്ങളുടെ എണ്ണം അടിക്കടി കൂടുന്നതിനനുസരിച്ച് വളര്‍ന്ന് വളര്‍ന്നിപ്പോൾ നാല് ഗ്രൂപ്പ് നിലവിലുണ്ട്. ജീവനക്കാര്‍ മാത്രമല്ല ഉന്നത ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും എല്ലാം ഗ്രൂപ്പിൽ അംഗങ്ങളുമാണ്. കാര്‍ഷിക ഇതര അറിയിപ്പുകളൊന്നും ഗ്രൂപ്പിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ കര്‍ശന വ്യവസ്ഥകളോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനം.   ഓണത്തിന് ഒരു മുറം പച്ചക്കറി അടക്കം വിവിധ പദ്ധതികൾ വഴി ചെറുതും വലുതുമായ പച്ചക്കറി കൃഷി മിക്കവര്‍ക്കുമുണ്ട്. അധികം വരുന്നത് എന്ത് ചെയ്യുമെന്ന ചോദ്യമാണ് ബയോഡെസ്ക് എന്ന ആശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അടുക്കള മുറ്റത്തും മട്ടുപ്പാവിലും ഫ്ലാറ്റിന്‍റെ ബാൽക്കണിയിലുമെല്ലാം വളരുന്ന പച്ചക്കറികളിൽ മിച്ചം വരുന്നതെല്ലാം ജീവനക്കാര്‍ ബയോഡെസ്കിൽ എത്തിക്കും.

   സെക്രട്ടേറിയറ്റിലെ ഗാര്‍ഡൻ സൂപ്പർ വൈസറായ സുരേഷ് കുമാറിന്‍റെ ഓഫീസിനു മുന്നിലിട്ട ഒരു ബെഞ്ചാണ് ബയോഡെസ്ക്. പച്ചക്കറിയും പഴങ്ങളും കോഴിമുട്ടയും എന്നു വേണ്ട അംഗങ്ങൾ കൊണ്ടു വരുന്നതെല്ലാം അവിടെ സൂക്ഷിക്കും. ബയോ ഡെസ്കിൽ അന്നന്ന് ലഭ്യമാകുന്ന സാധനങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി അംഗങ്ങളെ അറിയിക്കും. ന്യായവില അതാത് ട്രേകളിൽ നിക്ഷേപിച്ച് ആവശ്യത്തിന് ഉത്പന്നങ്ങൾ ആര്‍ക്കും തൂക്കിയെടുക്കാം. ക്ലിഫ് ഹൗസിൽ നിന്നടക്കം പച്ചക്കറികളും ഫലവര്‍ഗങ്ങളും ദിവസവും ബയോഡെസ്കിൽ എത്താറുണ്ട്.   ന്യായവിലക്ക് ശുദ്ധമായ പച്ചക്കറിയും മുട്ടയുമെല്ലാം വാങ്ങാനുള്ള സംവിധാനം ജിവനക്കാരെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. അവരവരുടെ ആവശ്യം കഴിഞ്ഞ് വരുന്നതെല്ലാം ബയോ ഡസ്കിലെത്തിക്കാനും എല്ലാവരും ശ്രദ്ധിക്കുന്നു. പച്ചക്കറി മാത്രമല്ല പച്ചക്കറി തൈകളും വിത്തും എന്നുവേണ്ട സെക്രട്ടേറിയറ്റ് വളപ്പിൽ നിന്നടക്കം വെട്ടിമാറ്റുന്ന പൂച്ചെടി കമ്പുകൾ വരെ ബയോഡെസ്ക് വഴി സൗജന്യമായും അല്ലാതെയും വിതരണം ചെയ്യുന്നുണ്ട്.

   മത്സ്യകൃഷിയും കൂൺ കൃഷിയും പരിശീലനവുമൊക്കെയായി പ്രവര്‍ത്തനം വിപുലമാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ഗ്രീൻ വളണ്ടിയര്‍മാര്‍. സെക്രട്ടേറിയറ്റിൽ സ്ഥാപിച്ച വിത്ത് പെട്ടി വഴി സൗജന്യമായി വിത്തും വിതരണം ചെയ്യുന്നുണ്ട്. ശീതകാല പച്ചക്കറികളും പച്ചക്കറി തൈകളും അതാത് സീസൺ അനുസരിച്ച് ലഭ്യമാക്കാനും നടപടി ഉണ്ട്. വീട് അലങ്കരിക്കാനും പൂന്തോട്ടവും പുൽത്തകിടിയും ഉണ്ടാക്കാനുമൊക്കെയാണ് സഹായം വേണ്ടതെങ്കിൽ അതിനൊരു കൈ നോക്കാനും സംഘം തയ്യാറാണ്.
   First published:
   )}