• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bipin Rawat | കേരളം മറക്കരുത് ആ കരുതൽ; 2018 പ്രളയകാലത്ത് വിവരങ്ങൾ നേരിട്ട് അന്വേഷിച്ച ബിപിൻ റാവത്തിനെ

Bipin Rawat | കേരളം മറക്കരുത് ആ കരുതൽ; 2018 പ്രളയകാലത്ത് വിവരങ്ങൾ നേരിട്ട് അന്വേഷിച്ച ബിപിൻ റാവത്തിനെ

സ്വയം പരിചയപ്പെടുത്തിയ കരസേനാ മേധാവി സ്ഥിതിഗതികള്‍ വിശദമായി ചോദിച്ചറിഞ്ഞു

Bipin_Rawat

Bipin_Rawat

  • Share this:
തിരുവനന്തപുരം : കേരളത്തിന് കരുതലിന്റെ കരം നീട്ടിയ സേനാ മേധാവിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത് (CDS General Bipin Rawat). 2018ലെ പ്രളയദുരിതം രൂക്ഷമായപ്പേഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister Pinarayi Vijayan) കരസേനയുടെ സഹായം തേടിയത്.

കേരളത്തിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ യോഗത്തിനു തൊട്ടുപിന്നാലെ ദുരന്ത നിവാരണ അതോററ്റി മെംബര്‍ സെക്രട്ടറി ഡോ. എം. ശേഖര്‍ കുര്യാക്കോസിന്റൈ മൊബൈല്‍ ഫോണിലേക്ക് നമ്പര്‍ തെളിയാത്ത ഒരു ഫോണ്‍കോള്‍ വന്നു. സ്വയം പരിചയപ്പെടുത്തിയ കരസേനാ മേധാവി സ്ഥിതിഗതികള്‍ വിശദമായി ചോദിച്ചറിഞ്ഞു. പ്രളയം മൂലം വലിയ നാശം സംഭവിച്ച പ്രധാന സ്ഥലങ്ങള്‍, നിയോഗിക്കപ്പെട്ട സേനാ വിഭാഗങ്ങള്‍, പരിക്കേറ്റവരുടേയും മരിച്ചവരുടേയും വിവരങ്ങള്‍ എന്നിവയെല്ലാം ചോദിച്ചറിഞ്ഞുള്ള സംഭാഷണം പത്ത് മിനിറ്റ് വരെ നീണ്ടു.

Also Read - സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‌ വിട; സംസ്‌കാരം നാളെ; മൃതദേഹം ഡല്‍ഹിയിലെത്തിക്കും

കരസേനയില്‍ നിന്നും കൂടുതല്‍ സഹായം ആവശ്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടേയും റവന്യു വകുപ്പ് മേധാവിയുടേയും ഫോണ്‍ നമ്പര്‍ നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Also Read - 'പ്രഗത്ഭനായ സൈനികനെയാണ് രാജ്യത്തിന് നഷ്ടമായത്'; ബിപിൻ റാവത്തിന് അനുശോചനം അറിയിച്ച് മോഹൻലാൽ

സംയുക്ത സേനാ മേധാവിയായ ശേഷം അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതു പരിപാടികളില്‍ ഒന്ന് കേരള പോലീസിന്റെ സൈബര്‍ സമ്മേളനമായ 'കൊക്കൂണ്‍' ആയിരുന്നു. കഴിഞ്ഞ മാസം 12ന് വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്തത്.

Also Read- Mi-17V5 | സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് അപകടത്തിൽപ്പെട്ട Mi-17V5 ഹെലികോപ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

KSDMA മെമ്പര്‍ സെക്രട്ടറിയും കേരള സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ മേധാവിയുമായ Dr. ശേഖര്‍ കുര്യാക്കോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഇന്ത്യയുടെ ജനറല്‍, ഒരു മനുഷ്യസ്‌നേഹി, ആ ഒരു ഫോണ്‍ വിളി...

2018ലെ പ്രളയം അതിന്റെ തീവ്രതയില്‍ നില്‍ക്കുമ്പോള്‍ ബഹു. മുഖ്യമന്ത്രി കരസേനയോട് അവരുടെ ഒരു പ്രത്യേക വിഭാഗത്തെ കേരളത്തില്‍ വിന്യസിക്കാമോ എന്ന് ഒരു യോഗത്തില്‍ ചോദിച്ചു. നമ്മുടെ ബ്രിഗേഡിയര്‍ അരുണ്‍ സാര്‍ അതിനു ശ്രമിക്കാം എന്നും പറഞ്ഞു. യോഗം കഴിഞ്ഞ് തിരികെ കുര്യന്‍ സാറിന്റെ (PH Kurian) മുറിയില്‍ എത്തി. കുറച്ച് കഴിഞ്ഞപ്പോ എന്റെ ഔദ്യോഗിക മൊബൈലില്‍ നമ്പര്‍ തെളിയാത്ത ഒരു കോള്‍ വന്നു. ഒരു കോളും എടുക്കാതെ ഇരിക്കരുത് എന്നതിനാല്‍ ഫോണ്‍ എടുത്തു. എടുക്കാതെ ഇരുന്നെങ്കില്‍ ഇങ്ങനെ ഇന്ന് ഓര്‍ക്കുവാന്‍ കഴിയില്ലായിരുന്നു.

ഘനഘാംഭീര്യമുള്ള ഒരു ശബ്ദം എന്നോടു പറഞ്ഞു. ഇന്ത്യയുടെ കരസേനാ മേധാവിക്ക് എന്നോട് സംസാരിക്കണം, ഫോണ്‍ കണക്റ്റ് ചെയ്യുന്നു എന്ന്. നമ്മുടെ എയര്‍ മാര്‍ഷല്‍ സുരേഷ് സാര്‍, വൈസ് അഡ്മിറല്‍, മേജര്‍ ജനറല്‍മാര്‍ എന്നിവരോടൊക്കെ ആ സമയങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ പട്ടാള തലവന്‍ നേരിട്ടു വിളിക്കുന്നു! ഭയവും, ബഹുമാനവും ഒക്കെ കലര്‍ന്ന സ്വരത്തോടെ സര്‍, ഗുഡ് ഈവെനിംഗ് എന്ന് പറഞ്ഞ് ആരംഭിച്ചു. തിരികെ അദ്ദേഹം പേര് പറഞ്ഞ് പരിചയപ്പെടുത്തി. കേരളത്തിലെ സ്ഥിതി ഗതികള്‍ വിശദമായി ചോദിച്ച് അറിഞ്ഞു. ബാധിക്കപ്പെട്ട പ്രധാന സ്ഥലങ്ങള്‍, നിയോഗിക്കപ്പെട്ട സേനകളുടെ വിവരങ്ങള്‍, മരണങ്ങളുടെയും, പരുക്കേറ്റവരുടെയും വിവരങള്‍ എന്നിവയും ചോദിച്ചു.

കരസേനയുടെ അധിക സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കാന്‍ പറഞ്ഞു. അരുണ്‍ സാറിന് എല്ലാ കാര്യങ്ങളും അറിയാം എന്നും, കുറച്ചു മുന്‍പ് നടന്ന യോഗത്തില്‍ ബഹു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതും ഞാന്‍ അറിയിച്ചു. കൂടുതല്‍ ആവശ്യങ്ങള്‍ അറിയാന്‍ കുര്യന്‍ സാറിനെയും, ചീഫ് സെക്രട്ടറിയെയും വിളിക്കുന്നത് ഉചിതം ആകും എന്ന് അദേഹത്തെ അറിയിച്ചു.

ഏകദേശം 10 മിനിറ്റ് സംസാരിക്കുകയും കുര്യന്‍ സാറിന്റെയും, ചീഫ് സെക്രട്ടറിയുടെയും വ്യക്തിഗത നമ്പര്‍ അദേഹത്തിന്റെ സഹായിയായ ഉദ്യോഗസ്ഥന് നല്‍കുവാനും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ ജനങ്ങളോട് നമ്മുടെ വിഷമ ഘട്ടത്തില്‍ ഐക്യപ്പെട്ടുകൊണ്ട്, 'ജയ് ഹിന്ദ്' എന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹം ഫോണ്‍ വെച്ചു.

ഇന്ത്യയുടെ കരസേനാ മേധാവിക്ക് ഈ വിവരങള്‍ അറിയാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട്. എന്നിട്ടും കേരളത്തിലെ ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ച് ചോദിക്കുന്നത് അദേഹത്തിലെ ഉത്തരവാദിത്തബോധം ഉള്ള മനുഷ്യസ്‌നേഹിയെ ആണ് കാണിക്കുന്നത്. കേരളത്തോട് കരസേന കാണിച്ച കരുതല്‍ ആണ് അത്.

അദേഹത്തിന്റെ കുടുംബത്തോടൊപ്പം നമ്മള്‍ മലയാളികളും ഉണ്ടാകണം, ഉണ്ടാകും. നമ്മുടെ കരസേന 2018ലും 2019ലും നമുക്ക് നല്കിയ എല്ലാ സേവനങ്ങളിലും അദേഹത്തിന്റെ നേതൃത്വവും പങ്കും ഉണ്ട്. ഇന്ത്യയുടെ ജനറല്‍, ഒരു മനുഷ്യസ്‌നേഹി, ആ ഒരു ഫോണ്‍ വിളി...
Published by:Karthika M
First published: