പത്തനംതിട്ട: തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
തിരുവല്ല നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38 (മുത്തൂര്‍) എന്നിവിടങ്ങളിലെ ഓരോ വീടുകളിലെ കോഴികളില്‍ അസാധാരണമായ മരണനിരക്ക് ഉണ്ടാവുകയും പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഈ സ്ഥലത്തെ കോഴികളുടെ സാംപിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ (എന്‍.ഐ.എച്ച്.എസ്.എ.ഡി) അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം ലഭ്യമായതിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
Also Read- പോസ്റ്റ്മോര്‍ട്ടത്തിന് മുൻപുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി
രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും (എപ്പിസെന്റര്‍) ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
തിരുവല്ല, ഓതറ (ഇരവിപേരൂര്‍), കവിയൂര്‍, പുറമറ്റം, പെരിങ്ങര, കുന്നന്താനം, കല്ലൂപ്പാറ, നിരണം, കുറ്റൂര്‍, നെടുമ്പ്രം, കടപ്ര എന്നീ പ്രദേശങ്ങള്‍/ പഞ്ചായത്തുകള്‍ ആണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
രണ്ടാഴ്ച മുൻപ് കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികൾ ചത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.