''എനിക്ക് മുണ്ടുടുക്കാനും അറിയാനും ആവശ്യം വന്നാൽ അത് മടക്കികുത്താനും അറിയാം..''. പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമ ലൂസിഫറിലെ നടൻ ടൊവിനോ തോമസിന്റെ ഹിറ്റ് ഡയലോഗ് ആണിത്. എന്നാൽ സിനിമയിലല്ലാതെ, രാഷ്ട്രീയത്തിൽ സമാനമായ മാസ് ഡയലോഗ് കേരളം കേട്ടത് 36 വർഷം മുൻപാണ്. ലോകത്തിന് തന്നെ മാതൃകയായ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റേതായിരുന്നു ആ ഡയലോഗ്. 1984ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സമയം. ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ കെ ആർ നാരായണൻ എത്തി. നാരായണന് മലയാളം അറിയില്ലെന്നും മുണ്ടുടുക്കാൻ അറിയില്ലെന്നും എതിരാളികൾ വ്യാപകമായി പ്രചരിപ്പിച്ചു. 'മുണ്ടുടുക്കാൻ മാത്രമല്ല, അതു മുറുക്കിയുടുക്കാനും അറിയാമെന്ന് കെ ആർ നാരായണൻ തിരിച്ചടിച്ചു. അന്ന് എതിർസ്ഥാനാർഥിയായ ഇന്നത്തെ നിയമമന്ത്രി എ കെ ബാലനെ അരലക്ഷത്തിലേറെ വോട്ടുകൾക്കാണ് കെ ആർ നാരായണൻ പരാജയപ്പെടുത്തിയത്. കഷ്ടപാടുകളിൽ വളർന്ന് ഒടുവിൽ രാഷ്ട്രപതിയായി മാറിയ കെ ആർ നാരായണന്റെ ജന്മശതാബ്ദി ദിനത്തിൽ അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാം.
ജനനം ഉഴവൂരിൽ; കഷ്ടതകൾ നിറഞ്ഞ ബാല്യകാലം1920 ഒക്ടോബർ 27ന് കോട്ടയം ജില്ലയിലെ ഉഴവൂർ പെരുന്താനത്താണ് കെ ആർ നാരായണൻ ജനിച്ചത്. കോച്ചേരി രാമൻ വൈദ്യരും പാപ്പിയമ്മയുടെയും ഏഴു മക്കളിൽ നാലാമൻ. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാല ജീവിതം. കോട്ടയം കുറിച്ചിത്താനം സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു. ആ സ്കൂൾ ഇപ്പോൾ കെ ആർ നാരായണൻ എൽപി സ്കൂൾ എന്നറിയപ്പെടുന്നു. മുളങ്കമ്പിൽ കെട്ടിപ്പൊക്കിയ, പുല്ലുമേഞ്ഞ, നാലു മുറികളുള്ള സ്കൂളിലെ ചാണകം മെഴുകിയ തറയിൽ തോർത്തുടുത്തിരുന്ന് പഠിച്ച കാലം നാരായണൻ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.
Also Read-
മുന്നോക്ക സംവരണം രാഷ്ട്രീയ ചതി; സർക്കാരിനെതിരെ വിമര്‍ശനവുമായി കാന്തപുരം വിഭാഗംഅവിടെ നിന്ന് ഉഴവൂർ ഔവർ ലേഡി ഓഫ് ലൂർദ് സ്കൂളിൽ. ഫീസ് കൊടുക്കാനാകാതെ പലപ്പോഴും വിഷമിച്ചു. സ്കൂളിൽ മുണ്ടും ഷർട്ടും അല്ലെങ്കിൽ നിക്കറും ഷർട്ടും നിർബന്ധമായിരുന്നു. ഇതിനും ബുദ്ധിമുട്ടി. ഫീസ് കൊടുക്കാൻ കഴിയാതെ ക്ലാസ് മുടങ്ങിയതോടെ പരീക്ഷയെഴുതാൻ ആവശ്യത്തിനു ഹാജരില്ലാത്ത സ്ഥിതിയും ഉണ്ടായി.
കൂത്താട്ടുകുളത്തിനു സമീപം വടകര സെന്റ് ജോൺസ് ഇംഗ്ലിഷ് സ്കൂളിലും ഒരുവർഷം പഠിച്ചു. പിന്നീട് കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിൽ ചേർന്നു. ദിവസവും നടന്നാണ് ഉഴവൂരിലെ വീട്ടിൽനിന്ന് കുറവിലങ്ങാട്ടേക്ക് പോയിരുന്നത്. വഴിനീളെ വായിച്ചുകൊണ്ടു നടക്കും. സ്കൂളിൽനിന്നു മടങ്ങുമ്പോൾ ഉഴവൂരിലേക്കുള്ള പത്രവും കൂടി കുറവിലങ്ങാട്ടുനിന്നു നാരായണൻ കൊണ്ടുപോകും. അങ്ങനെ, നടത്തത്തിനിടെ പത്രം വായനയും തുടർന്നു.
സ്വർണമെഡലോടെ വിജയംകോട്ടയം സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റ് തേഡ് ഗ്രൂപ്പിൽ ചേർന്നു. സാമ്പത്തിക പ്രയാസങ്ങൾ അപ്പോഴും വിടാതെ പിന്തുടർന്നു. ധരിക്കാൻ ആവശ്യത്തിന് വസ്ത്രങ്ങളുണ്ടായിരുന്നില്ല. ഇതിനിടെ സ്കോളർഷിപ് കിട്ടിയത് ആശ്വാസമായി. 1940ൽ തിരുവനന്തപുരം ആർട്സ് കോളജിൽ ബിഎ ഓണേഴ്സിന് ചേർന്നു. 1943ൽ നാരായണൻ തിരുവിതാംകൂർ സർവകലാശാല(കേരള സർവകലാശാല) യിൽനിന്ന് ഒന്നാം റാങ്കും സ്വർണമെഡലും നേടി ബിഎ ഓണേഴ്സ് പാസായി. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ, പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഒരു വിദ്യാർഥി നേടിയ ഏറ്റവും തിളക്കമാർന്ന വിജയമായിരുന്നു അത്.
Also Read-
'പുകമറ സൃഷ്ടിക്കുന്നു'; വാളയാർ കേസിൽ സർക്കാരിനെതിരെ മുൻ പബ്ലിക് പ്രോസിക്യൂട്ടർബിഎ ഓണേഴ്സിനു ശേഷം തുടർപഠന സഹായത്തിന് തിരുവിതാംകൂർ മഹാരാജാവിനെ കാണാൻ അനുമതി ചോദിച്ച് നാരായണൻ കത്തെഴുതി. എന്നാൽ, രാജാവിന്റെ സെക്രട്ടറി അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് നാരായണൻ ബിരുദദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ബിഎ സർട്ടിഫിക്കറ്റും വാങ്ങിയില്ല. പ്രൊവിഷനൽ സർട്ടിഫിക്കറ്റുമായാണ് ഉപരിപഠനത്തിന് ചേർന്നത്. 1992ൽ ഉപരാഷ്ട്രപതിയായപ്പോൾ, പണ്ടു വാങ്ങാതെപോയ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച് വാർത്തകൾ വന്നു. കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതലയുണ്ടായിരുന്ന ഡോ. ഡി ബാബുപോൾ മുൻകൈയെടുത്ത് സർട്ടിഫിക്കറ്റ് തയാറാക്കി അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു.
പത്രപ്രവർത്തകനാകാൻ മോഹം; ഉപരിപഠനം ലണ്ടനിൽഇന്ത്യൻ ഓവർസീസ് വകുപ്പിലെ ജോലി ഉപേക്ഷിച്ചത് പത്രപ്രവർത്തകനാകാനുള്ള മോഹം ഒന്നുകൊണ്ടുമാത്രം. 1944 ഏപ്രിലിൽ ബോംബെ മലബാർ ഹിൽസിൽ താമസിച്ചിരുന്ന മഹാത്മാ ഗാന്ധിയുമായി നാരായണൻ അഭിമുഖം നടത്തി. ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടിയായിരുന്നു അത്.
1945ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അവിടെ അധ്യാപകനായിരുന്ന ഹാരൾഡ് ജോസഫ് ലാസ്കിയുമായുള്ള കൂടിക്കാഴ്ച വഴിത്തിരിവായി. ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ അധ്യക്ഷനും പരിഷ്കരണവാദിയുമായിരുന്നു ലാസ്കി. ഇന്ത്യയുടെ ആണവ ഗവേഷണരംഗത്ത് അതികായനായി മാറിയ ഡോ. രാജാ രാമണ്ണ ലണ്ടനിൽ നാരായണന്റെ സുഹൃത്തായിരുന്നു. ഡോ. കെ എൻ രാജ് അന്ന് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ വിദ്യാർഥിയും. 1948ൽ നാരായണൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം ക്ലാസോടെ ഓണേഴ്സ് ബിരുദം നേടി.
വിദേശകാര്യ സർവീസിൽ; ജിവിത പങ്കാളിയെ കണ്ടെത്തിയത് ബർമയിൽവെച്ച്ലണ്ടനിലെ പഠനം പൂർത്തിയാക്കി മടങ്ങുമ്പോൾ, നാരായണന്റെ പക്കൽ ലാസ്കി ഒരു കത്ത് കൊടുത്തയച്ചു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനുള്ളതായിരുന്നു അത്. ‘ഞാൻ പഠിപ്പിച്ച സമർഥരായ വിദ്യാർഥികളിൽ ഒരാളാണ് നാരായണൻ. സ്വതന്ത്ര ഇന്ത്യക്ക് അദ്ദേഹം വിലപ്പെട്ട ഒരാളായിരിക്കും’ എന്നാണ് ലാസ്കി കുറിച്ചിരുന്നത്. ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം തിരിഞ്ഞുനടക്കുമ്പോൾ, ബയോഡാറ്റ എഴുതി ഏൽപ്പിക്കാൻ നെഹ്റു ആവശ്യപ്പെട്ടു. അങ്ങനെ 1949ൽ നാരായണൻ വിദേശകാര്യ സർവീസിൽ ചേർന്നു.
Also Read-
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വീണ്ടും വിവാഹിതനാകുന്നു; വധു കരോലിൻ ലണ്ടനിലെ കലാകാരിബർമയിൽ (ഇന്നത്തെ മ്യാൻമർ) ഇന്ത്യൻ എംബസിയിൽ രണ്ടാം സെക്രട്ടറിയായാണ് വിദേശകാര്യ സർവീസിലെ ജോലി തുടങ്ങിയത്. ജപ്പാൻ, തായ്‌ലൻഡ്, തുർക്കി, ഓസ്ട്രേലിയ, യുകെ, വിയറ്റ്നാം, ചൈന, യുഎസ് എന്നീ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചു. ബർമയിൽ വച്ചാണ് അദ്ദേഹം തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയത്. പിന്നീട് ഇന്ത്യൻ പൗരത്വം നേടിയ മാ ടിന്റ് ടിന്റ്, ഉഷ എന്ന പേര് സ്വീകരിച്ചത് നെഹ്റുവിന്റെ നിർദേശപ്രകാരമാണ്.
കേന്ദ്രമന്ത്രി; ഉപരാഷ്ട്രപതി; രാഷ്ട്രപതിരാജീവ് ഗാന്ധി മന്ത്രിസഭയിൽ ആസൂത്രണ സഹമന്ത്രിയായും വിദേശകാര്യ സഹമന്ത്രിയായും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി പ്രവർത്തിച്ചു. 1992ൽ ഉപരാഷ്ട്രപതിയായി. രാഷ്ട്രപതിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ഇടതുകക്ഷികൾ പിന്തുണച്ചു. ബിജെപിയും അവസാനനിമിഷം പിന്തുണച്ചു. 1997 ജൂലൈ 25ന് 10ാം രാഷ്ട്രപതിയായി ചുമതലയേറ്റു. 2005 നവംബർ 9ന് 85ാം വയസിൽ അന്തരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.