• HOME
 • »
 • NEWS
 • »
 • kerala
 • »
 • BIRTH CENTENARY OF FREEDOM FIGHTER KE MAMMAN 1 A LONE FIGHTER

'ഒറ്റ'യുടെ ശക്തി അത്ര ചെറുതല്ലെന്ന് ഓര്‍മ്മിപ്പിച്ച സേനാനി കെ ഇ മാമ്മന്റെ ജന്മശതാബ്ദി

പ്രശസ്ത ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ കെ ഇ മാമ്മന്റെ ജന്മശതാബ്ദി ദിനമാണ് ഇന്ന്

കെ ഇ മാമ്മന്‍

കെ ഇ മാമ്മന്‍

 • Share this:
  പ്രശസ്ത ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ കെ ഇ മാമ്മന്റെ ജന്മശതാബ്ദി ദിനമാണ് ഇന്ന്. 1921 ജൂലൈ 31 ന് തിരുവനന്തപുരത്തായിരുന്നു ജനനം. കോളേജ് വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ഉറച്ച അനുനായായി ആയിരുന്നു അദ്ദേഹം. 1942 ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു. 2017 ജൂലൈ 26ന് അദ്ദേഹം മരിക്കുന്നത് വരെ കേരളത്തിലുടനീളം മദ്യവിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നത് കേരള ഗവർണറുടെ പി ആർ ഒ എസ് ഡി പ്രിന്‍സ്.

  ഒറ്റയുടെ ശക്തി
  സ്വാതന്ത്ര്യ സമരസേനാനി കെ ഇ മാമ്മന്റെ ജന്മശതാബ്ദിയെക്കുറിച്ചുള്ള വാര്‍ത്തയും ലേഖനവും മലയാള മനോരമ യില്‍ കണ്ടപ്പോള്‍ അദ്ദേഹവുമായുള്ള പഴയ പരിചയം ഓര്‍ത്തുപോയി .

  2010 നു മുമ്പ് കേരള സര്‍വകലാശാലയിലെ പതിവു സാന്നിദ്ധ്യമായിരുന്നു കെ ഇ മാമ്മന്‍ സര്‍ . അവിടത്തെ ഗാന്ധിയന്‍ പനകേന്ദ്രത്തിലെ സ്ഥിരം പ്രസംഗകന്‍. കാമ്പസ്സിലാണ് പ്രസംഗമെങ്കില്‍ എല്ലാവരെയും കൊണ്ട് സ്ത്രീധന, മദ്യ വിരുദ്ധ പ്രതിജ്ഞ ഉറപ്പായും ചൊല്ലിക്കും.

  ആരുടെയെങ്കിലും പരാതിയുമായി (റിസല്‍ട്ട് വന്നില്ല, മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ല തുടങ്ങിയവ) ഇടക്കിടെ സര്‍വകലാശാലയുടെ ജനസമ്പര്‍ക്കവിഭാഗത്തില്‍ വരുമായിരുന്നു. നടപടി വൈകിയാല്‍ തനി കോട്ടയം ശൈലിയിലൊരു ഭീഷണിയുണ്ട് : 'ദേ, ഞാനിപ്പോ 'ഹയ്‌ക്കോടതീ'ല്‍ പോകുമേ.'
  അതുമല്ലെങ്കില്‍ നിന്നനില്‍പ്പില്‍ സമരം തുടങ്ങും. അതുഭയന്ന് , എന്നും സൂക്ഷിച്ചാണ് അദ്ദേഹത്തോട് ഇടപെട്ടത്.

  ഒരു കാരണവശാലും പരീക്ഷാവിഭാഗത്തിലേക്ക് പോകാന്‍ അനുവദിക്കാതെ (പോയാല്‍ സമരം ഉറപ്പ് ) എങ്ങനെയും പ്രശ്‌നം പരിഹരിച്ചുവിടും .
  എല്ലാ വര്‍ഷവും സര്‍വകലാശാലയുടെ ഡയറിയും പോക്കറ്റ് ഡയറിയും ഓരോന്ന് മാറ്റിവയ്ക്കും. കാരണം, ജനുവരിയിലെ വരവില്‍, 'എന്റെ ഡയറി എവിടെ?' എന്നൊരു ചോദ്യം ഉറപ്പായിരുന്നു. ( പോക്കറ്റ് ഡയറിയിലായിരുന്നല്ലോ സമരങ്ങളുടെ റ്റൈംറ്റേബിള്‍ !)
  പെട്ടെന്ന് പിണങ്ങുമെങ്കിലും സ്‌നേഹത്തിനൊരു കുറവുമില്ല, ആരോടും.
  ഒരിക്കല്‍, ഓഫീസിലെ സീലിങ്ങില്‍ ചോര്‍ച്ചയ്കു മുന്നോടിയായുള്ള നനവുകണ്ട് ചോദിച്ചു : 'ഇതെന്നതാ ഇങ്ങനെ? ഒന്നുരണ്ടു മാസമായല്ലോ, ഇത് ഇതുവരെ ശരിയാക്കിയില്ലേ?'
  'ഉടന്‍ ശരിയാക്കും, ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട് ' എന്ന് പറഞ്ഞപ്പോള്‍ സാറിന്റെ ഓഫര്‍ : ' പണി വൈകുന്നെങ്കില്‍ പറഞ്ഞേരെ, ഞാന്‍ നിരാഹാരം കിടക്കാം '
  ഒരു പരുവത്തിനാണ് അന്ന് അതില്‍ നിന്ന് പിന്തിരിപ്പിച്ചത്.

  നര്‍മ്മബോധം കൈവിടാത്ത സമരക്കാരനായിരുന്നു മാമ്മന്‍ സര്‍. ഒരു ആത്മകഥ എഴുതണ്ടേ എന്ന് ചോദിച്ചപ്പോള്‍ : ' അയ്യേ ! എന്നാത്തിനാ? എന്റെ കഥയൊന്നും ആര്‍ക്കും മാതൃകയല്ല'. എന്നിട്ട് ശബ്ദം താഴ്`ത്തിപ്പറഞ്ഞു: ''സാക്ഷാല്‍ ഗാന്ധിജിയെ വായിച്ചിട്ട് ശരിയാകാത്തിടത്താ ഇനി എന്റെ കഥ!''
  ഒരിക്കല്‍, രാത്രി ഓഫീസില്‍ ലൈറ്റുകണ്ടപ്പോള്‍ കയറിവന്നു, മുന്നിലിരുന്നു. എന്നിട്ട് സ്‌നേഹത്തോടെ ചോദിച്ചു : 'ഒത്തിരി ജോലിയാ, അല്ലേ?'
  വെറുതെ ചിരിച്ചപ്പോള്‍ വരുന്നു ഉപദേശം : 'ഇങ്ങനൊന്നും ആയാലൊക്കത്തില്ല. സമയത്തിന് വീട്ടിപ്പോണം. കുടുംബത്തെയും കൊണ്ട് വല്ലപ്പോഴും ഒരു സിനീമായ്‌ക്കൊക്കെ പോണം, കേട്ടോ?'
  ആ ക്രോണിക് ബാച്ചിലറുടെ ഉപദേശവും 'സിനീമ' എന്ന് നീട്ടിയുള്ള പറച്ചിലും കേട്ട് ചിരിച്ചുപോയി.

  ചിരിയുടെ അര്‍ത്ഥം മനസ്സിലാക്കിയ അദ്ദേഹം ഉറക്കെച്ചിരിച്ചു : ''ഹല്ല !, എനിക്കതൊന്നും പറ്റുകേല ! അതുകൊണ്ടല്ലേ ഞാന്‍ കല്യാണമൊന്നും കഴിക്കാതെ ഒറ്റയ്ക്കിങ്ങനെ നടക്കുന്നത് !'
  ഒറ്റയ്ക്ക് നടക്കുക മാത്രമല്ല, ഒറ്റയ്ക്ക് സമരവും ചെയ്തിരുന്നയാളായിരുന്നു മാമ്മന്‍ സാര്‍ .

  കേരളം സാമ്പത്തികപ്രതിസന്ധി നേരിടുന്നെന്ന് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞതറിഞ്ഞ് ഒരു യോഗത്തില്‍ ഒറ്റയ്ക്ക് കയറിച്ചെന്ന് ആയിരം രൂപയുടെ ചെക്ക് സംഭാവനനല്‍കിയിട്ട് ഇറങ്ങിപ്പോന്നു. മുണ്ട് ഉടുത്തുവന്ന കുട്ടിയെ പുറത്താക്കി വിവാദം സൃഷ്ടിച്ച കോളേജിന്റെ അടച്ചിട്ട ഗേറ്റിനുമുന്നില്‍ ഒറ്റയ്ക്കുചെന്ന് പ്രിന്‍സിപ്പലിനെ കാണണമെന്ന് ശഠിച്ചു. കുറേ തര്‍ക്കത്തിനുശേഷം ഗേറ്റ് തുറന്നപ്പോള്‍ പോയി പ്രിന്‍സിപ്പലിന് ഒരു മുണ്ട് സമ്മാനിച്ചിട്ട് ഇറങ്ങിപ്പോന്നു: പ്രതീകാത്മകമായ മറ്റൊരു ഒറ്റയാള്‍ പ്രതികരണം.

  ഒറ്റയ്ക്കിറങ്ങിയാലും എന്തെങ്കിലുമൊക്കെ നടക്കുമെന്നും 'ഒറ്റ'യുടെ ശക്തി അത്ര ചെറുതല്ലെന്നും പലതവണ ഓര്‍മ്മിപ്പിച്ച സേനാനിക്ക് ചേരുന്ന വിശേഷണം തന്നെയാണ് പത്രത്തില്‍ കണ്ടത് - 'ഒറ്റയ്‌ക്കൊരാള്‍ക്കൂട്ടം'.
  Published by:Jayesh Krishnan
  First published:
  )}