• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കാലം സാക്ഷി ചരിത്രം സാക്ഷി; നൂറ്റാണ്ട് പിന്നിട്ട് കെ ആർ ഗൗരിയമ്മ

ഗൗരിയമ്മയുടെ പിറന്നാളാഘോഷ ചടങ്ങിൽ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും

news18
Updated: June 21, 2019, 6:40 AM IST
കാലം സാക്ഷി ചരിത്രം സാക്ഷി; നൂറ്റാണ്ട് പിന്നിട്ട് കെ ആർ ഗൗരിയമ്മ
ഗൗരിയമ്മയുടെ പിറന്നാളാഘോഷ ചടങ്ങിൽ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും
  • News18
  • Last Updated: June 21, 2019, 6:40 AM IST IST
  • Share this:
മിഥുനമാസത്തിലെ തിരുവോണ നാളിൽ കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിതയ്ക്ക് നൂറാം പിറന്നാൾ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന ഗൗരിയമ്മയെന്ന ധീര വനിത 101-ാം വയസിലേക്ക് കടക്കുമ്പോള്‍, ജന്മദിനാഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. ആഘോഷ പരിപാടികള്‍ ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയും. രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശിയെ ആദരിക്കുന്നതിനായി വലത്- ഇടത് പക്ഷ നേതാക്കൾ വേദിയിലെത്തും. ഗൗരിയമ്മയോടുള്ള ആദരസൂചകമായി നിയമസഭക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.

എല്ലാക്കാലവും ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് ഗൗരിയമ്മയുടേത്. ശരിയെന്ന് തനിക്ക് തോന്നുന്ന കാര്യത്തിൽ എന്തുവില കൊടുത്തും ഉറച്ചുനില്‍ക്കുന്ന സ്വഭാവമാണ് ഗൗരിയമ്മയെ വ്യത്യസ്തയാക്കുന്നത്. 139 എംഎൽഎമാർ അനുകൂലിച്ച ആദിവാസി വിരുദ്ധ ബില്ലിനെ ഒറ്റയ്ക്ക് എതിര്‍ത്ത് തോൽപിച്ചത് തന്നെ ഉദാഹരണം. നിയമസഭ പാസാക്കിയ ബിൽ ഗൗരിയമ്മ വിയോജിപ്പ് പ്രകടിപ്പിച്ചതുകൊണ്ടുതന്നെ രാഷ്ട്രപതിമടക്കി അയച്ചു. താൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ആദിവാസികൾ ഇല്ലാതിരുന്നിട്ടും അവർക്കായി ഗൗരിയമ്മ പോരാടി.

Also Read: നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രം രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളക്ക്

'കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം കേരളത്തിലാകെ മുഴങ്ങിയ ഒരു സമയമുണ്ടായിരുന്നു. കെ ആർ ഗൗരിയമ്മ മുഖ്യമന്ത്രി കസേരയിലെത്തുമെന്ന പ്രതീക്ഷ വലിയൊരു വിഭാഗത്തിന് ഉണ്ടായിരുന്നു. നൂറ് വയസ് പിന്നിടുമ്പോൾ ഗൗരിയമ്മ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലാണ്. കമ്മ്യൂണിസ്റ്റുകാരിയായിരുന്ന ഗൗരിയമ്മ, 1964ലെ പാർട്ടിപിളർപ്പിൽ തന്റെ ജീവിതത്തെ തന്നെ മുറിച്ചുമാറ്റി സിപിഎമ്മിനൊപ്പം നിന്ന ധീരവനിത, കാൽ നൂറ്റാണ്ടിന് ശേഷം താൻ രൂപീകരണത്തിൽ താൻ കൂടി ഭാഗഭാക്കായ പാർട്ടിയെ തള്ളിപ്പറഞ്ഞ് ജെ എസ് എസ് രൂപീകരിച്ചു.

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ നേതാക്കളിൽ ഒരാളാണ് കളത്തിപ്പറമ്പിൽ രാമൻ ഗൗരി എന്ന കെ ആർ ഗൗരി എന്ന  ഗൗരിയമ്മ. നിരീശ്വരവാദിയായിരുന്നെങ്കിലും തികഞ്ഞ ഒരു കൃഷ്ണഭക്തയായിരുന്നു കെ ആർ ഗൗരിയമ്മ.  ഇന്നും അങ്ങനെ തന്നെ തുടരുന്നു. നൂറു വയസുപിന്നിടുമ്പോഴും ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നു.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-ന് ജനനം. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം  എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.

Loading...

1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വർഷങ്ങളിൽ  കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലൻസ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം നൽകി കഴിവു തെളിയിച്ചു.

1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയിൽ  ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം, കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പിൽ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.

രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മുൻ ഗവൺമെൻറ് അംഗീകരിച്ച ഭൂപരിഷ്കരണ ബില്ലിൽ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികൾ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തിൽ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.

ഇ.കെ. നായനാരുടെ നേതൃത്വത്തിൽ  ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്നു കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) അംഗമായ ഇവർ  1994 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു.

ആത്മകഥ (കെ.ആർ. ഗൗരിയമ്മ) എന്നപേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1957-ൽ മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ വിഭിന്ന ചേരികളിലായ അവർ പിരിഞ്ഞുതാമസിച്ചു. കുട്ടികളില്ല. ഭർത്താവിന് മറ്റൊരു സ്ത്രീയിൽ ജനിച്ച കുഞ്ഞിനെ മകനെ പോലെ സംരക്ഷിച്ചു. ജോലിയും നൽകി.

ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച് പ്രാബല്യത്തിൽ വരുത്തിയ പ്രധാന നിയമങ്ങൾ
1957-ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിക്ഷൻ പ്രൊസീഡിങ്ങ്സ് ആക്റ്റ് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം)
1957-ലെ ട്രാവങ്കൂർ കൊച്ചിൻ ലാന്റ് ടാക്സ് (തിരു-കൊച്ചി ഭൂനികുതി നിയമം)
1957-ലെ കേരളാ ലാൻഡ് കൺസർവൻസി ആക്റ്റ് (ഭൂസംരക്ഷണനിയമം)
1958-ലെ കേരളാ കോമ്പൻസേഷൻ ഫോർ ടെനന്റ്സ് ഇമ്പ്രൂവ്‌മെന്റ് ആക്റ്റ്
1958-ലെ കേരളാ ലാന്റ് റിലിംക്വിഷ്‌മെന്റ് ആക്റ്റ് (സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം)
1958-ലെ കേരള വെയ്റ്റ് & മെഷേർസ് ആക്റ്റ് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം)
1959-ലെ കേരളാ സ്റ്റാമ്പ് ആക്റ്റ് (മുദ്രാപത്ര നിയമം)
1960-ലെ ജന്മിക്കരം പേയ്മെന്റ് (അബോളിഷൻ) ആക്റ്റ് (ജന്മിക്കരം ഒഴിവാക്കൽ നിയമം)
1960-ലെ കേരളാ അഗ്രേറിയൻ റിലേഷൻ ആക്റ്റ് (പാട്ടക്കുടിയാൻ നിയമം)
1968-ലെ കേരളാ റെവന്യൂ റിക്കവറി ആക്റ്റ് (ജപ്തി നിയമം)
1987-ലെ കേരളാ പബ്ലിൿ മെൻസ് കറപ്ഷൻ (ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻക്വയറീസ്) ആക്റ്റ് (അഴിമതി നിരോധനനിയമം)
1991-ലെ വനിതാ കമ്മീഷൻ ആക്റ്റ്.

കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള ഒരേ ഒരു നിയമം KST Act, 1975 [Kerala Scheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975 മറികടക്കാന്‍ ആന്റണി സര്‍ക്കാര്‍ 1996ല്‍ ഒരു ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. രാഷ്ട്രപതി ആ ഓര്‍ഡിനന്‍സ് തിരിച്ചയച്ചു. 1999ലെ നായനാര്‍ സര്‍ക്കാര്‍ മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് 5 ഏക്കര്‍വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, 5 ഏക്കറില്‍ കൂടുതല്‍ ഉള്ളത് തിരിച്ചു പിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി നിര്‍ദേശിച്ചിരുന്നത്. അതോടെപ്പം, 1975 ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിര്‍ദേശിച്ചു.

നിയമസഭ ഒറ്റക്കെട്ടായി നിയമം പാസാക്കിയപ്പോള്‍ ഗൗരിയമ്മ മാത്രം നിയമത്തെ എതിര്‍ത്തു. ഇങ്ങനെയൊക്കെ ഒരു കാലമാണ്, കാലത്തിന്റെ മുന്നേ നടന്നയാളാണ് അവർ.

ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇടത് വലതുപക്ഷങ്ങൾ ഒന്നിച്ചാണ് നിയമസഭ അവധിവേണമെന്ന് ആവശ്യപ്പെട്ടത്.  ഒരുപക്ഷെ ഗൗരിയമ്മ സഭയിൽ ഉണ്ടായിരുന്നെങ്കിൽ ഈ തീരുമാനത്തെയും എതിർത്തേനെ.

First published: June 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...