കാസര്‍കോട്: കാസര്‍കോട് ബിജെപി(BJP) ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ച് പ്രവര്‍ത്തകരുടെ പ്രതിഷേധം(Protest). കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം സിപിഎം(CPM) അംഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം.
പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രാദേശിക തലം മുതല്‍ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയിരുന്നു. സിപിഎം അംഗത്തിന് സ്ഥാനം നല്‍കുന്നതിന് മുന്‍ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകളിച്ചുവെന്നും നടപടി വേണം എന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായ പി. രമേശന് സ്ഥാനം രാജിവെച്ചിരുന്നു.
ഒത്തുകളിച്ച നേതാക്കള്‍ക്ക് സ്ഥാനക്കയറ്റം നല്കിയ നടപടിക്കെതിരെയും പ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്പ്പെടുയുള്ളവര്ക്കെതിരെയാണ് പ്രവര്‍ത്തകരുടെ രോക്ഷം. സുരേന്ദ്രന് വാക്കുപാലിക്കണമെന്നും നീതി നടപ്പിലാക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.
വിഷയം പരിഹരിക്കണമെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ വിചാരിച്ചാല്‍ രണ്ട് മിനിറ്റ് വേണ്ടായിരുന്നുവെന്നും എന്നാല്‍ അതിന് അദ്ദേഹം തയ്യാറാകുന്നില്ലെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. കെ സുരേന്ദ്രന് നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നും സിപിഎമ്മിനെ അനുകൂലിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പ്രവർത്തകരുടെ വാക്ക് മാനിക്കാത്ത രീതിയാണ് സംസ്ഥാന നേതൃത്വത്തിന്റേതെന്നും പ്രശ്നം പരിഹരിക്കാതെ ഓഫീസ് തുറക്കാൻ അനുവദിക്കില്ലെന്നും പ്രവർത്തകർ പറയുന്നു. ഒരു തരത്തിലുള്ള ബിജെപി പരിപാടിയും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രവർത്തകർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.