നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'കടകംപള്ളി മനയിൽ സുരേന്ദ്രൻ തന്ത്രി'; നവരാത്രി ഘോഷയാത്ര വിവാദത്തിൽ മന്ത്രിക്കെതിരെ ബി.ജെ.പി

    'കടകംപള്ളി മനയിൽ സുരേന്ദ്രൻ തന്ത്രി'; നവരാത്രി ഘോഷയാത്ര വിവാദത്തിൽ മന്ത്രിക്കെതിരെ ബി.ജെ.പി

    നവരാത്രി ഘോഷയാത്രയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം സർക്കാർ പുനഃപരിശോധിച്ചേക്കും.

    News18

    News18

    • Share this:
    തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള നവരാത്രിഘോഷയാത്ര വെട്ടിക്കുറച്ചതിനെതിരെ ബി.ജെ.പി. ശബരിമലയ്ക്ക് പിന്നാലെ വീണ്ടും ആചാരലംഘനത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിഷയത്തിൽ വൻ പ്രചരണത്തിനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

    കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നവരാത്രി ഘോഷയാത്ര നടത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാതെ സർക്കാർ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നെന്നും ബി.ജെ.പി ആരോപിക്കുന്നു.

    സർക്കാർ തീരുമാനം കോവിഡ് പശ്ചാത്തലത്തിൽ

    കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നവരാത്രി ഘോഷയാത്ര ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. കാൽനടയായുള്ള ഘോഷയാത്രയ്ക്ക് പകരം വിഗ്രഹങ്ങൾ വാഹനത്തിൽ കയറ്റി തിരുവനന്തപുരത്ത് എത്തിക്കാനായിരുന്നു തീരുമാനം. തമിഴ്നാട്ടിലെ തക്കല മുതൽ തിരുവനന്തപുരം വരെ നീളുന്ന യാത്രയിൽ വലിയ ആൾക്കൂട്ടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം. എന്നാൽ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ഹൈന്ദവ സംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിന്നിട്ടുണ്ട്. കോൺഗ്രസ് തിരുവനന്തപുരം ജില്ലാ നേതൃത്വവും സർക്കാർ തീരുമാനത്തിന് എതിരാണ്. തിരുവനന്തപുരത്തെയും കന്യാകുമാരിയിലേയും ഹൈന്ദവ വിശ്വാസികൾക്കിടയിലെ പ്രധാനപ്പെട്ട ചടങ്ങാണ് നവരാത്രി ഉത്സവത്തിൻറെ ഭാഗമായി നടക്കുന്ന വിഗ്രഹഘോഷയാത്ര.

    'കടകംപിള്ളി മനയിൽ സുരേന്ദ്രൻ തന്ത്രി '

    നവരാത്രി ഘോഷയാത്ര വെട്ടിച്ചുരുക്കാൻ ഉള്ള തീരുമാനത്തിനു പിന്നിൽ ദേവസ്വംബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നാണ് ബി.ജെ.പി ആരോപണം. ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാതെ മന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണിത് . ആചാരപരമായ തീരുമാനങ്ങൾ സ്വയം എടുക്കാൻ 'കടകംപള്ളി മനയിൽ സുരേന്ദ്രൻ തന്ത്രി ' ആണോ മന്ത്രിയെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ പരിഹസിച്ചു.

    തീരുമാനം പുനപരിശോധിക്കാൻ സാധ്യത

    നവരാത്രി ഘോഷയാത്രയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം സർക്കാർ പുനഃപരിശോധിച്ചേക്കും. വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണിത്. ശബരിമലയ്ക്ക് സമാനമായി ആചാരപരമായ വിഷയം ചൂണ്ടി കാണിച്ച് നടത്തുന്ന പ്രതിഷേധത്തിന് വലിയ പ്രത്യാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സർക്കാർ തിരിച്ചറിയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലുണ്ടായ നവരാത്രി ഘോഷയാത്ര വിവാദം തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അടക്കം പ്രതിഫലിക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് സർക്കാർ പുനഃപരിശോധിക്കാനുള്ള നീക്കം ആരംഭിച്ചത്.

    ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ പറഞ്ഞതാണെന്നും ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ തീരുമാനം എടുത്തതെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം.
    Published by:Aneesh Anirudhan
    First published:
    )}