• HOME
  • »
  • NEWS
  • »
  • kerala
  • »
  • BJP ലക്ഷ്യമിട്ടത് കോൺഗ്രസിന് മറ്റൊരു 'ഷോക്ക്' നൽകാൻ; പക്ഷേ കിട്ടിയതോ?

BJP ലക്ഷ്യമിട്ടത് കോൺഗ്രസിന് മറ്റൊരു 'ഷോക്ക്' നൽകാൻ; പക്ഷേ കിട്ടിയതോ?

കോൺഗ്രസിനെ ഞെട്ടിക്കാനിറങ്ങി, സ്വയം ഞെട്ടുകയായിരുന്നു ബിജെപി നേതൃത്വം

  • News18
  • Last Updated :
  • Share this:
    കൊച്ചി: കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ബന്ധുക്കൾ പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ച ബിജെപി നേതൃത്വം വെട്ടിലായി. ശശി തരൂരിന്റെ മാതൃസഹോദരി ശോഭനയും ഭർത്താവും ശശികുമാറും ബിജെപിയിൽ ചേരുന്നുവെന്ന് പ്രഖ്യാപിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ളയാണ്. എന്നാൽ തങ്ങൾ പണ്ടേ ബിജെപിയാണെന്നും ഇപ്പോഴത്തെ ഈ ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും നിമിഷങ്ങൾക്കകം ശോഭന വെളിപ്പെടുത്തിയതോടെ ബിജെപിയുടെ നീക്കം പാളി. ടോം വടക്കന് പിന്നാലെ തരൂർ കുടുംബത്തെ ബിജെപിയിലെത്തിച്ചുവെന്ന് പ്രഖ്യാപിച്ച് കോൺഗ്രസിനെ ഞെട്ടിക്കാനായിരുന്നു ബിജെപി നേതൃത്വം ലക്ഷ്യമിട്ടത്. എന്നാൽ തരൂരിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തൽ ബിജെപിക്ക് തിരിച്ചടിയായി.

    അമിത് ഷാ ടോം വടക്കനെ പാര്‍ട്ടിയില്‍ ചേര്‍ത്തതിന്റെ പിറ്റേന്ന് സമാന അരങ്ങാണ് പി എസ് ശ്രീധരന്‍ പിള്ള കൊച്ചിയിലും ഒരുക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശശി തരൂരിന്റെ ബന്ധുക്കൾ ഉൾപ്പെടെ 14 പേർക്ക് പാർ‌ട്ടി അംഗത്വം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചത്. സ്വകാര്യ ഹോട്ടലിലാണ് ചടങ്ങ് നടന്നത്. ശ്രീധരൻപിള്ള തരൂരിന്റെ മാതൃസഹോദരി ശോഭനയെയും ഭർത്താവ് ശശികുമാറിനെയും ഷാളണയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇനിയും ഒട്ടേറെപ്പേർ ഇവരെപ്പോലെ ബിജെപിയിലേക്കത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ ചടങ്ങു കഴിഞ്ഞ് പിള്ള മടങ്ങും മുൻപേ കഥ മാറി. ബിജെപിയിൽ ചേർന്നതിനെ കുറിച്ച് തരൂരിൻറെ മാതൃസഹോദരിയോട് പ്രതികരണം തേടിയപ്പോൾ അവർ കാര്യം തുറന്നുപറഞ്ഞു. മഹിളമോർച്ച നേതാവ് പത്മജ പറഞ്ഞിട്ടാണ് വന്നതെന്നും ഇവർക്കായി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയിരുന്നുവെന്നും ശോഭന വെളിപ്പെടുത്തി.

    'ഞങ്ങള്‍ പണ്ടേ ബിജെപി അനുഭാവികളാണ്, ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ല. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണ്. അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണം'- ശോഭന ശശികുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിക്ക് കൊണ്ടുപോയതെന്ന് ശോഭനയുടെ മകൻ ശരത്കുമാറും പറഞ്ഞതോടെ ബിജെപി നീക്കം പൊളിഞ്ഞു. അംഗത്വം വാങ്ങിയ കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പി.എസ് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ ഏറ്റവും നെഞ്ചിടിപ്പോടെ കാത്തിരുന്നത് കോണ്‍ഗ്രസ് നേതൃത്വമായിരുന്നു. ഇന്നലെ ടോം വടക്കനെ കൊണ്ടുപോയവർ ഇന്ന് ആരെ കൊണ്ടുപോകും എന്നായിരുന്നു ആശങ്ക. രണ്ടു കെ.പി.സി.സി അംഗങ്ങൾ ഉടൻ ബിജെപിയിൽ ചേരുമെന്ന് ശ്രീധരൻപിള്ള പറഞ്ഞെങ്കിലും പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചുരുക്കത്തിൽ കോൺഗ്രസിനെ ഞെട്ടിക്കാനിറങ്ങി, സ്വയം ഞെട്ടുകയായിരുന്നു ബിജെപി നേതൃത്വം.
    First published: