• HOME
 • »
 • NEWS
 • »
 • kerala
 • »
 • ബിജെപി സ്ഥാനാർഥികളെ ഇന്നറിയാം; സുരേഷ് ഗോപി തിരുവനന്തപുരത്ത് മത്സരിക്കുമോ? സസ്പെൻസ്

ബിജെപി സ്ഥാനാർഥികളെ ഇന്നറിയാം; സുരേഷ് ഗോപി തിരുവനന്തപുരത്ത് മത്സരിക്കുമോ? സസ്പെൻസ്

കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുമെന്നാണ് സൂചന.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: നിയമസഭാ തെര‍ഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ ഇന്ന് അറിയാം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പ് സമിതിക്കു മുൻപിലെത്തും. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് അറിയുന്നത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തെരഞ്ഞെടുപ്പു ചുമതലയുളള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായി ചർച്ച ചെയ്തു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെ പി നഡ്ഡ, അമിത്ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരും പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

  സുരേഷ് ഗോപിയുടെ പേര് തൃശൂരും നേമവും തിരുവനന്തപുരവും അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് നേതാക്കൾ നൽകുന്ന വിവരം. ഇവിടെ സാധ്യതാ പട്ടികയിലുള്ള കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിജയൻ തോമസ് മത്സരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വി മുരളീധരൻ മത്സരിക്കുന്നത് ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും. സാധ്യതാ പട്ടികയിൽ മുരളീധരന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.

  Also Read- ഹരിപ്പാട് അമ്മയെ പോലെയെന്ന് രമേശ് ചെന്നിത്തല; നേമത്തെ സ്ഥാനാർത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മൻചാണ്ടി

  ശോഭ സുരേന്ദ്രന്റെ പേര് ചാത്തന്നൂരിലും മറ്റു ചില മണ്ഡലങ്ങളിലും നൽകിയിട്ടുണ്ട്. കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുമെന്നാണ് സൂചന. കുമ്മനം രാജശേഖരൻ മത്സരിക്കാനിടയുള്ള നേമത്തിന് പുറമേ കഴക്കൂട്ടത്തും സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഹരിപ്പാട് ബി ഗോപാലകൃഷ്ണനും പുതുപ്പള്ളിയിൽ എൻ ഹരിയും പട്ടികയിലുണ്ട്. ധർമടത്ത് പിണറായി വിജയനെതിരെ സി കെ പത്മനാഭൻ മത്സരിച്ചേക്കും. കെ രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ മത്സരിക്കും. എം ടി രമേശിന്റെ പേര് കോഴിക്കോട് നോർത്തിലും പി കെ കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിർദേശിക്കപ്പെട്ടിട്ടുണ്ട്.

  കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച വിജയൻ തോമസ് ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു. പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി അരുൺസിങ് അദ്ദേഹത്തിന് അംഗത്വം നൽകി. കോൺഗ്രസ് രാജ്യവ്യാപകമായി ദുർബലമായെന്ന് പറഞ്ഞ അദ്ദേഹം ഗ്രൂപ്പുകളിയിൽ നിരാശനായാണ് പാർട്ടി വിട്ടതെന്നും കൂട്ടിച്ചേർത്തു. സീറ്റ് കിട്ടാത്തത് കൊണ്ടല്ല പാർട്ടി വിടുന്നത്. ബിജെപി സീറ്റ് തന്നാലും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  ബിജെപിക്ക് സർക്കാരുണ്ടാക്കാൻ 35 സീറ്റ് മതി: സുരേന്ദ്രൻ

  കേരളത്തിൽ 35 സീറ്റു കിട്ടിയാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കേരളത്തിൽ സർക്കാരുണ്ടാക്കാൻ 71 സീറ്റു വേണ്ട. ധർമടം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ നിർത്തും. നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. അവിടെ ഉമ്മൻ ചാണ്ടിയെപ്പോലുള്ള കരുത്തരായ സ്ഥാനാർഥികളെ സ്വാഗതം ചെയ്യുന്നു. ശക്തമായ ത്രികോണ മത്സരമാണ് കേരളത്തിലെന്നും സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സ്ഥാനാർഥിപ്പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുമായി ചർച്ച ചെയ്യാൻ ഡൽഹിയിലെത്തിയതാണ് സുരേന്ദ്രൻ.

  പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കുന്ന യോഗം വൈകുന്നേരം പാർട്ടി ആസ്ഥാനത്തു നടക്കും. ഇന്നു രാത്രി വൈകിയോ നാളെയോ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും. തമിഴ്നാട്, പുതുച്ചേരി, ബംഗാൾ മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിലും യോഗം അന്തിമ തീരുമാനമെടുക്കും.
  Published by:Rajesh V
  First published: