തിരുവനന്തപുരം: രാജ്ഭവൻ സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർ ഗവർണർ ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിച്ചു. സർവീസ് ചട്ടങ്ങളുടെ ഗുരുതര ലംഘനമാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. സമരത്തിന് നേതൃത്വം നൽകിയ ഇടതു സംഘടന നേതാക്കളുടെ പേര് കൂടി ഉൾപ്പെടുത്തിയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ കാര്യം ഉന്നയിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷും ചീഫ് സെക്രട്ടറിക്ക് നൽകി.
Also Read- 'തരൂരിന് വിലക്കെന്ന വാർത്ത തെറ്റ്'; തരൂരിന് എവിടെയും വേദിയൊരുക്കാൻ കെപിസിസി തയ്യാറെന്ന് കെ. സുധാകരൻ
വാർത്താ സമ്മേളനത്തിൽ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ബിജെപി ആരോപണം ഉന്നയിച്ചത്. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പലരും മാര്‍ച്ചില്‍ പങ്കെടുത്തത്. തലേ ദിവസം തന്നെ ഉദ്യോഗസ്ഥർ തയാറെടുപ്പിനായി യോഗം ചേർന്നു. അന്നും ഡ്യൂട്ടിയിൽ ഇരിക്കെയാണ് യോഗത്തിൽ പങ്കെടുത്തത്. എല്ലാ സർവീസ് ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും ബിജെപി ആരോപിച്ചു.
മൂന്ന് സ്വകാര്യ ബസുകളിലായി രണ്ട് തവണയായിട്ടായാണ് സെക്രട്ടേറിയേറ്റില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് എത്തിച്ചതെന്ന് വിവി രാജേഷ് പറഞ്ഞു.
നവംബർ 15 നായിരുന്നു ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഗവർണർക്കെതിരെ രാജ്ഭവൻ മാർച്ച് നടന്നത്. പ്രതിഷേധകുട്ടായ്മയില്‍ ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വര്‍ഗീസ് ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍ , പി സി ജോസഫ്, കെ ബി ഗണേഷ്‌കുമാര്‍, ബിനോയ് ജോസഫ് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.