തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അച്ഛനേയും മകളേയും അപമാനിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും, ക്രൂരമായ ദലിത് പീഡനത്തിന് നേതൃത്വം കൊടുത്തവരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച ജില്ല കമ്മിറ്റി നടത്തിയ ആറ്റിങ്ങൽ DYSP ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു.
അതിക്രമത്തിനിരയായ അച്ഛനും മകളും ദലിത് വിഭാഗത്തിൽ പെട്ടവരാണെന്നും അവരെ ഇല്ലാത്ത മോഷണകുറ്റം ചുമത്തി പൊതു നിരത്തിൽ വച്ച് പരസ്യ വിചാരണ ചെയ്ത് അപമാനിക്കുകയും പീഡിപ്പിക്കുകയുമാണ് പോലീസ് ചെയ്തതെന്നും പി. സുധീർ പറഞ്ഞു. മനുഷ്യത്വ രഹിതമായ ഈ ദലിത് പീഡനത്തിന് എസ് സി, എസ് ടി നിയമപ്രകാരം കേസെടുക്കാതെ നിയമലംഘനം നടത്തുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. കുറ്റക്കാരെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ആറ്റിങ്ങൽ എംഎല്‍എ ഒ എസ് അംബികയുടെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു.
Also Read- കൊല്ലം വിസ്മയ കേസ്: പ്രതി കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറങ്ങി
സ്ഥലമാറ്റം ശിക്ഷാ നടപടിയല്ല, ദലിത് പീഡനത്തിന് നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കണം. പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ച് വിടണം. സാംസ്കാരിക നായകരും സിപിഎം നേതാക്കളും പൊതുനിരത്തിലെ ഈ ദലിത് പീഡനം കാണാത്തത് എന്ത് കൊണ്ടാണ് ? നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കും - അദ്ദേഹം പറഞ്ഞു. പട്ടികജാതി മോർച്ച ജില്ല പ്രസിഡന്റ് വിളപ്പിൽ സന്തോഷ് അധ്യക്ഷനായി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്, ജില്ല ഭാരവാഹികളായ പുഞ്ചക്കരി രതീഷ്, പാറയിൽ മോഹനൻ, വക്കം സുനിൽ, ഉഷ, ശ്രീനിവാസൻ, പാർട്ടി നേതാക്കളായ സന്തോഷ്, മണമ്പൂർ ദിലീപ്, അജിത് പ്രസാദ് തുടങ്ങിയവർ സംസാരിക്കുകയും മാർച്ചിന് നേതൃത്വം കൊടുക്കുകയും ചെയ്തു.
പിങ്ക് പോലീസുദ്യോഗസ്ഥക്കെതിരെ കേസെടുക്കണം ; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് തന്നെയും മകളെയും പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസുദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. പരസ്യവിചാരണക്ക് ഇരയായ ജി. ജയചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
എട്ടുവയസ്സുള്ള മകളെയും തന്നെയും പൊലീസുദ്യോഗസ്ഥ പൊതുസ്ഥലത്ത് പരസ്യമായി മോഷ്ടാക്കളാക്കി മുദ്രകുത്തി അപമാനിച്ചതായി പരാതിയിൽ പറയുന്നു. മകളെ കേസിൽ ഉൾപ്പെടുത്തുമെന്നും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. താനും മകളും പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്ന് നിറത്തിലും രൂപത്തിലും ബോധ്യപ്പെട്ടതു കൊണ്ടാണ് എതിർകക്ഷി തന്നോട് ഇത്തരത്തിൽ പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. എതിർകക്ഷിയിൽ നിന്നും ആവശ്യമായ നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attingal, Pink police