• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെട്ടിവെച്ച കാശ് കിട്ടിയ മണ്ഡലങ്ങൾ വർദ്ധിപ്പിച്ച് ബിജെപി; കണ്ണന്താനത്തിനും തുഷാറിനും തിരിച്ചടി, പ്രതീക്ഷ തെറ്റിച്ച് കാസർകോട്

കെട്ടിവെച്ച കാശ് കിട്ടിയ മണ്ഡലങ്ങൾ വർദ്ധിപ്പിച്ച് ബിജെപി; കണ്ണന്താനത്തിനും തുഷാറിനും തിരിച്ചടി, പ്രതീക്ഷ തെറ്റിച്ച് കാസർകോട്

2014ൽ രണ്ടുപേർക്കാണ് കെട്ടിവെച്ച കാശ് ലഭിച്ചതെങ്കിൽ ഇത്തവണ ഏഴുപേർക്കാണ് കെട്ടിവെച്ച കാശ് കിട്ടിയത്

ബിജെപി

ബിജെപി

  • News18
  • Last Updated :
  • Share this:
    ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കെട്ടിവെച്ച കാശ് കിട്ടിയ സ്ഥാനാർത്ഥികളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചു. ഇതിൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. 2014ൽ രണ്ടുപേർക്കാണ് കെട്ടിവെച്ച കാശ് ലഭിച്ചതെങ്കിൽ ഇത്തവണ ഏഴുപേർക്കാണ് കെട്ടിവെച്ച കാശ് കിട്ടിയത്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് എന്നിവയാണ് ബിജെപിക്ക് കെട്ടിവെച്ച കാശ് കിട്ടിയ മണ്ഡലങ്ങൾ. സംസ്ഥാനത്താകെ 47 സ്ഥാനാർത്ഥികൾക്കാണ് ഇത്തവണ കെട്ടിവെച്ച കാശ് കിട്ടിയത്. കഴിഞ്ഞ തവണ ഇത് 42 ആയിരുന്നു.

    ആലപ്പുഴയും കോട്ടയവും

    ആലപ്പുഴയിലും കോട്ടയത്തും കെട്ടിവെച്ച കാശ് നേടാനായത് ബിജെപിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. 2014ൽ കോട്ടയത്ത് 5.30 ശതമാനം (44313 വോട്ട്) ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ലഭിച്ചതെങ്കിൽ ഇത്തവണ അത് 17.04 ശതമാനം(155135 വോട്ട്) ആയി ഉയർത്താൻ സാധിച്ചു. ആലപ്പുഴയിൽ കഴിഞ്ഞ തവണ വെറും 4.30 ശതമാനം(43006 വോട്ട്) ആണ് ബിജെപിക്ക് ലഭിച്ചതെങ്കിൽ ഇത്തവണ അത് 17.24%( 187729 വോട്ട്) ആയി കൂടി. ബിജെപി വോട്ട് വിഹിതം ഉയർത്തി കെട്ടിവെച്ച കാശ് നേടിയ മറ്റൊരു മണ്ഡലം ആറ്റിങ്ങലാണ്. അവിടെ കഴിഞ്ഞ തവണ 10.5% (90528 വോട്ട്) ആണ് ലഭിച്ചതെങ്കിൽ ഇത്തവണ ശോഭ സുരേന്ദ്രൻ നേടിയത് 24.69%( 248081 വോട്ട്) ആണ്. തിരുവനന്തപുരത്ത് 31.30 ശതമാനവും പത്തനംതിട്ടയിൽ 28.97 ശതമാനവും ബിജെപി ഇത്തവണ നേടി. കഴിഞ്ഞ തവണ ഇത് യഥാക്രമം 32.3 ശതമാനവും 16 ശതമാനവുമായിരുന്നു. തൃശൂരിൽ 28.20 ശതമാനവും പാലക്കാട്ട് 21.86 വോട്ടും ബിജെപിക്ക് ലഭിച്ചു.

    Election 2019: ഇത്തവണ കേരളത്തിൽ എത്ര പേർക്ക് കെട്ടിവെച്ച കാശ് കിട്ടും?

    പ്രതീക്ഷ തെറ്റിച്ച് കാസർകോട്

    എന്നാൽ കഴിഞ്ഞ തവണ പട്ടികയിലുണ്ടായിരുന്ന കാസർകോട് ഇത്തവണ കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്. 2014ൽ കാസർകോട്ട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരേന്ദ്രൻ 17.7% (172826 വോട്ട്) നേടിയിരുന്നു. എന്നാൽ ഇത്തവണ ബിജെപി 176049 വോട്ട് നേടിയെങ്കിലും 16 ശതമാനം മാത്രമായതിനാൽ കെട്ടിവെച്ച കാശ് നഷ്ടമാകുകയായിരുന്നു. കെട്ടിവെച്ച കാശ് ലഭിക്കാൻ 16.6 ശതമാനം വോട്ട് ലഭിക്കണം. കഴിഞ്ഞ തവണ കാസർകോട്ടും തിരുവനന്തപുരത്തുമാണ് കെട്ടിവെച്ച കാശ് ലഭിച്ചത്.

    കണ്ണന്താനത്തിനും തുഷാറിനും തിരിച്ചടി

    എൻഡിഎ മുന്നണിയുടെ പ്രധാനപ്പെട്ട സ്ഥാനാർത്ഥികളായിരുന്ന അൽഫോൺസ് കണ്ണന്താനത്തിനും തുഷാർ വെള്ളാപ്പള്ളിക്കും ഇത്തവണ കെട്ടിവെച്ച കാശ് ലഭിച്ചില്ല. എറണാകുളത്ത് കണ്ണന്താനത്തിന് 137749(14.24%) വോട്ടുകൾ ലഭിച്ചപ്പോൾ, വയനാട്ടിൽ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് അധ്യക്ഷന് ലഭിച്ചത് 78816(7.22%) വോട്ടുകൾ മാത്രമാണ്.

    എന്താണീ കെട്ടിവെച്ച കാശ്?

    സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1951 മുതല്‍ നിലവിലുള്ളതാണ് മത്സരിക്കാന്‍ നിശ്ചിത തുക കെട്ടിവെക്കണമെന്ന ഏര്‍പ്പാട്. പ്രശസ്തിക്കും തമാശയ്ക്കുംവേണ്ടി വഴിയേ പോകുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനാണ് കെട്ടിവെച്ച കാശ് അഥവാ ഇലക്ഷന്‍ ഡെപ്പോസിറ്റ് എന്ന പരിപാടി ആവിഷക്കരിച്ചിരിക്കുന്നത്. 1951 -ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ ( Representation of Poeples Act) 34 (1) അനുച്ഛേദം അനുസരിച്ച് പൊതുതെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള ഏതൊരു പൗരനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതോടൊപ്പം നിശ്ചിത തുക സെക്യൂരിറ്റിയായി കെട്ടിവെക്കണം. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആകെ പോള്‍ ചെയ്തതിന്റെ ആറിലൊന്ന് (16.6) വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല. ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 500 രൂപയായിരുന്നു കെട്ടിവെക്കേണ്ട തുകയായി ഈടാക്കിയിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കൂടിയതോടെ 1996ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് ഇരുപതിരട്ടിയായാണ് കമ്മീഷന്‍ കെട്ടിവെക്കേണ്ട തുക വര്‍ദ്ധിപ്പിച്ചത്. നിലവില്‍ അത് 25000 രൂപയാണ്.
    First published: