നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരിച്ചടിയുണ്ടായ ജില്ലകളിലാണ് മാറ്റമെന്ന് ബി.ജെ.പി. നേതൃത്വം; സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടിടത്ത് ഇത് ബാധകമല്ലേയെന്ന് മറുവിഭാ​ഗം

  തിരിച്ചടിയുണ്ടായ ജില്ലകളിലാണ് മാറ്റമെന്ന് ബി.ജെ.പി. നേതൃത്വം; സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടിടത്ത് ഇത് ബാധകമല്ലേയെന്ന് മറുവിഭാ​ഗം

  പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോ‍ഡ് ജില്ലകളിലെ അദ്ധ്യക്ഷൻമാരെയാണ് മാറ്റിയത്

  BJP

  BJP

  • Share this:
  തിരുവനന്തപുരം: ബിജെപിയിലെ പുനഃസംഘടന പുതിയ വിവാദത്തിൽ. അഞ്ചു ജില്ലകളിൽ മാത്രം അദ്ധ്യക്ഷൻമാരെ മാറ്റിയതിൽ നേതൃത്വത്തിനെതിരെ വിമർശനം ഉയരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പരാജയമുണ്ടായ ജില്ലകളിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്റെ വാദം. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോ‍ഡ് ജില്ലകളിലെ അദ്ധ്യക്ഷൻമാരെയാണ് മാറ്റിയത്. മാറ്റത്തിന് കാരണമാക്കിയ മാനദണ്ഡത്തിനൊപ്പം കൂടിയാലോചനയില്ലാതെയാണ് പുനഃസംഘടന നടത്തിയതെന്നും വിമർശനം ഉയരുന്നുണ്ട്. മാറ്റപ്പെട്ട പല അദ്ധ്യക്ഷൻമാരും മാധ്യമങ്ങളിൽ നിന്നാണ് സ്ഥാനം പോയ വിവരം അറിയുന്നത്.

  നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്  ഉണ്ടായത്. നേട്ടമുണ്ടാക്കുമെന്ന് കരുതിയ ഇടങ്ങളിലൊന്നും അതുണ്ടായില്ലെന്ന് മാത്രമല്ല, ഒരേയൊരു സിറ്റിങ്ങ് സീറ്റും നഷ്ടപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കുറഞ്ഞ ജില്ലകളിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്റെ വാദം. നിലവിൽ അദ്ധ്യക്ഷൻമാരെ മാറ്റിയ അഞ്ചു ജില്ലകളിലും വലിയ നഷ്ടമാണ് ഉണ്ടായത്.

  ശബരിമല വികാരം പ്രകടമാകുമെന്ന് കരുതിയ പത്തനംതിട്ടയിൽ കനത്ത തിരിച്ചടി നേരിട്ടു. സംസ്ഥാന അദ്ധ്യക്ഷൻ മൽസരിച്ച കോന്നിയിൽ മൂന്നാം സ്ഥാനത്തായി.

  ക്രൈസ്തവ വിഭാ​ഗങ്ങളെ ഒപ്പം നിർത്തുക എന്നത് ലക്ഷ്യമിട്ടാണ് കോട്ടയത്ത് ന്യൂനപക്ഷ സമുദായാം​ഗമായ നോബിൽ മാത്യുവിനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത്. എന്നാൽ ഇത് ഫലം ചെയ്തില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പതിവിന് വ്യത്യസ്തമായി ക്രൈസ്തവവിഭാഗങ്ങൾ ഇടതുമുന്നണിക്കൊപ്പം നിന്നതോടെ ഏറ്റവും നഷ്ടം ബിജെപിക്കായി. ഇതോടെ ഈ പരീക്ഷണം ബിജെപി അവസാനിപ്പിക്കുകയാണ്.

  എന്നാൽ നിയമസഭ തോൽവിക്ക് തനിക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാട് നോബിൾ മാത്യു പരസ്യമാക്കി. സ്ഥാനാർഥി നിർണ്ണയത്തിൽ തനിക്ക് പങ്കില്ലായിരുന്നെന്നും തന്റെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയമുണ്ടായെന്നുമാണ് അദ്ദേഹത്തിന്റെ വാദം. നിയമസഭാ തെര‍ഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒരു ലക്ഷത്തിൽപ്പരം വോട്ട് ബിജെപിക്ക് കോട്ടയത്ത് കുറഞ്ഞിരുന്നു.  കനത്ത തിരിച്ചടിയുണ്ടായതാണ് പുതിയ മാറ്റത്തിന് കാരണമെങ്കിൽ തിരിച്ചടിയുണ്ടായ മറ്റ് ജില്ലകളിൽ എന്തുകൊണ്ട് ഇത് ബാധകമല്ലെന്നാണ് മറുചോദ്യം. ഉദാഹരണമായി വിമർശകർ ചൂണ്ടികാട്ടുന്നത് തിരുവനന്തപുരം ജില്ലയാണ്. നേമത്തെ സിറ്റിംഗ് സീറ്റ് നഷ്ടമായി എന്ന് മാത്രമല്ല, ജില്ലയിലെമ്പാടും കനത്ത തിരിച്ചടി നേരിട്ടു. പക്ഷേ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന് മാറ്റം ബാധകമായില്ല.

  ചില ജില്ലകളിൽ മാത്രം മാറ്റം നടപ്പിലാക്കിയത് നേതൃത്വത്തിന്റെ താൽപര്യം പരി​ഗണിച്ചാണെന്നാണ് ആരോപണം. എന്നാൽ പാർട്ടിയിലെ പുനഃസംഘടന പൂർണ്ണമായിട്ടില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ പുനഃസംഘടന ഉണ്ടാകുമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.

  പുതിയ ഭാ​രവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് പി.പി. മുകുന്ദൻ രംഗത്തെത്തി. കൂടിയാലോചന ഇല്ലാതെ നടത്തിയ പുനഃസംഘടന പാർട്ടിക്ക് ​ഗുണം ചെയ്യില്ലെന്ന് മുകുന്ദൻ വിമർശിച്ചു. ആറു മാസമായിട്ടും തോൽവിയുടെ കാരണം കണ്ടെത്താൻ കഴിയാത്ത നേതൃത്വമാണ് കേരളത്തിലെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു.

  നേരത്തെ കെ. സുരേന്ദ്രനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും നീക്കണമെന്ന് പരസ്യമായ നിലപാടെടുത്ത ആളാണ് പി. പി. മുകുന്ദൻ. പുതിയ പുനഃസംഘടന സംബന്ധിച്ച് കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട് നിർണ്ണായകമാണ്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തങ്ങളെ ഒതുക്കി എന്ന പരാതിയുള്ള എ.എൻ. രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും പുതിയ പുനഃസംഘടനയിൽ മാറ്റമില്ല എന്നതും ശ്രദ്ധേയം.
  Published by:user_57
  First published: