സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച കാസര്‍ഗോഡ് ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രി പൊളിച്ചുമാറ്റുന്നതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 30 വർഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് 60 കോടി മുടക്കി ടാറ്റ സിഎസ്ആർ ഫണ്ടിൽ നിർമ്മിച്ച ആശുപത്രി പൊളിച്ച് മാറ്റുന്നത് സർക്കാരിന്റെ അലംഭാവം കാരണമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
കൃത്യമായ ഇടവേളകളിൽ സർക്കാർ അറ്റകുറ്റ പണി നടത്താത്തതു കൊണ്ടാണ് കോടികള്‍ മുടക്കി ടാറ്റ നിർമ്മിച്ചു നല്‍കിയ ആശുപത്രി പൊളിക്കേണ്ടി വരുന്നത്. കാസർഗോട്ടെ ജനങ്ങളെ രണ്ടാംതരം പൗരൻമാരായി കാണുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കൊവിഡ് സമയത്ത് ജില്ലയിൽ നല്ലൊരു ആശുപത്രി ഇല്ലാത്തതിനാൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ആശുപത്രി കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ ശേഷം വെറുതെ കിടന്നതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമായത്. നിർമ്മിച്ചു നൽകിയത് ടാറ്റ ആണെങ്കിലും പരിപാലിക്കേണ്ട ഉത്തരവാദിത്വമുള്ള സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. കൊവിഡിന് ശേഷം ആശുപത്രി മറ്റു രോഗങ്ങൾക്ക് ഉപയോഗിക്കാമെന്ന സർക്കാരിന്റെ വാക്ക് പാഴ് വാക്കാവുകയായിരുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ആശുപത്രി കെട്ടിടം ചോർന്നൊലിക്കുന്ന സ്ഥിതിയാണുള്ളത്. പ്ലൈവുഡ് കൊണ്ട് നിർമ്മിച്ച തറ നാശാവസ്ഥയിലാണ്. ആശുപത്രിയിലെ കണ്ടെയിനറുകളിലെല്ലാം വ്യാപകമായ ചോർച്ചയാണ്. എന്നിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആരോഗ്യരംഗത്ത് നമ്പർ വണ്ണാണെന്ന് പറയുന്ന സംസ്ഥാനത്തിലെ ഒരു ജില്ലയിൽ നല്ലൊരു ആശുപത്രി പോലും ഇല്ല. ഉള്ള ആശുപത്രി ഇല്ലാതാക്കുന്നതിലാണ് സർക്കാർ താത്പര്യം കാണിക്കുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Also Read – ബ്രഹ്മപുരത്തെ മാലിന്യമല മറിക്കുമോ പുതിയ കളക്ടർ; പുകമറയിൽ നിന്ന് പുറത്തുവരുമോ കൊച്ചി?
ടാറ്റ നിർമിച്ച കണ്ടെയ്നറുകൾ കാസര്‍ഗോട്ടെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്തതിനാൽ അവ പൂർണമായും മാറ്റി പുതിയ കെട്ടിടങ്ങൾ നിർമിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചിരുന്നു. 3 വർഷം മുൻപ് പണിത കെട്ടിടം ഇനി പ്രവർത്തനം സാധ്യമല്ലാത്ത അവസ്ഥയിലാണെന്നു ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
ടാറ്റാ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി ചട്ടഞ്ചാലിലെ 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കോവിഡ് ആശുപത്രി സ്ഥാപിച്ചത്. ടാറ്റ ട്രസ്റ്റ് സിഎസ്ആർ ഫണ്ടിൽ നിന്ന് 60കോടിയിലേറെ തുക മുടക്കിയാണ് നിർമാണം നടത്തുന്നതെന്നാണ് അന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. ജില്ലാ ഭരണകൂടം 12 കോടി രൂപ ചെലവഴിച്ച് ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്കുള്ള അപ്രോച്ച് റോഡും നിർമിച്ചിരുന്നു. 2020 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയില്‍ ഇതുവരെ 4987 കോവിഡ് രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.