തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരെയും അപകീർത്തിപ്പെടുത്താനായി പറഞ്ഞതല്ലെന്നും അഴിമതിക്കാരെയാണ് താൻ ഉദേശിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
പൂതന പരാമർശത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരെ ഇന്നലെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. എസ് സുജാതയുടെ പരിതിയിൽ സ്ത്രീകളെ പറ്റി ലൈംഗിക ചുവയോടെ സംസാരിച്ചതിന് 354 A പ്രകാരമായിരുന്നു കേസ്.
പ്രസംഗം തൃശൂരിൽ ആയതിനാൽ കേസ് തൃശൂരിലേക്ക് മാറ്റും. തൃശൂർ ഈസ്റ്റ് പോലീസിലേക്കാണ് കേസ് മാറ്റുന്നത്. ചോദ്യം ചെയ്യൽ അടക്കമുള്ള തുടർ നടപടികൾ ഇനി തൃശൂരിലായിരിക്കും. യൂത്ത് കോൺഗ്രസ് നേതാവ് വീണ നായർ നൽകിയ പരാതിയും തൃശ്ശൂരിലേയ്ക്ക് കൈമാറും.
Also Read- കെ സുരേന്ദ്രൻ സ്ത്രീകളെ അധിക്ഷേപിച്ചത് ഒരു രാഷ്ട്രീയനേതാവും ചെയ്യാത്ത തരത്തിലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ എതിർ പാർട്ടികൾ പ്രസംഗം രാഷ്ട്രീയ ആയുധമാക്കിയതോടെ വിശദീകരണവുമായി സുരേന്ദ്രൻ രംഗത്തെത്തി. പൂതന പുരാണത്തിലെ ഒരു കഥാപാത്രമാണ്. ആരെയും അപകീർത്തിപ്പെടുത്തിയിട്ടില്ല. അഴിമതിക്കാരെയാണ് ഉദ്ദേശിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യ ഘട്ടമായി സുരേന്ദ്രന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
“സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്” എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. തൃശൂരിൽ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘ രൂപവത്കരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, K surendran