കോഴിക്കോട്: അനാവശ്യ വിവാദങ്ങളാണ് കലോത്സവത്തിന്റെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട് ഉയരുന്നതെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്. പുതിയ വിവാദമുണ്ടാക്കുന്നതു ‘പഴയിടം വിവാദ’ത്തിൽനിന്ന് തലയൂരാനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ താലിബാൻ മോഡൽ ഭരണത്തെ അടിച്ചേൽപ്പിക്കുന്നതിനു തുല്യമാണ് കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സ്ക്രീനിങ് കമ്മിറ്റിയുടെ മുന്നിൽ അവതരിപ്പിച്ച് അംഗീകാരം നേടിയ ദൃശ്യാവിഷ്കാരമാണ് പിന്നീട് പിന്നീട് വേദിയിലവതരിപ്പിച്ച് എല്ലാവരുടേയും അഭിനന്ദനം ഏറ്റുവാങ്ങിയത്. ഇതുകഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ അതിൽ പ്രശ്നങ്ങൾ ഉണ്ടായത് എങ്ങനെയാണെന്ന് സജീവൻ ചോദിച്ചു.
ഇതേ കാലോത്സവത്തിൽ സംഘനൃത്തത്തിൽ കണ്ണൂർ ജില്ലയെ ആവിഷ്കരിക്കാൻ സിപിഎമ്മിന്റെ കൊടികൾ ഉപയോഗിച്ചതും യക്ഷഗാനത്തിൽ അനിവാര്യമായ ഗുരുവന്ദനം മുടക്കിയതും ഗൗരവമായ വിഷയങ്ങളാണെന്ന് സജീവൻ പറഞ്ഞു. എല്ലാത്തിലും ചാടിക്കേറി അഭിപ്രായം പറഞ്ഞ് കലോത്സവത്തിന്റെ ശോഭ കെടുത്തുന്നത് ഭരണപക്ഷക്കാർ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദിയെ പട്ടാളക്കാർ കീഴടക്കുന്ന രംഗം ചൊടിപ്പിച്ചത് ആരെയാണ്? തോക്കും തുണിയുടെ തലക്കെട്ടും ഗൂഗിളിൽ തിരയുമ്പോൾ കിട്ടുന്ന തീവ്രവാദി വേഷവിധാനമാണ്. ആ വേഷം ഒരു മതത്തിന്റെയാണെന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നവരെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് സജീവൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.