ബംഗളുരു: മുസ്ലീം കച്ചവടക്കാരെ ക്ഷേത്ര ഉത്സവ പരിസരത്തുനിന്ന് വിലക്കണമെന്ന ആഹ്വാനത്തില്‍ കർണാടക സർക്കാരിനെതിരെ അവിടുത്തെ ബിജെപി നേതാവും നിയമസഭാംഗവുമായ എ എച്ച് വിശ്വനാഥ് രംഗത്തെത്തി. ''ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് മതങ്ങള്‍. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല''-കർണാടകയിലെ എംഎൽസിയായ എ. എച്ച് വിശ്വനാഥ് മൈസൂരില്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടില്‍ എത്ര ഇന്ത്യക്കാരുണ്ട്, മുസ്ലീം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു. ഈ രാജ്യങ്ങള്‍ നമ്മെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതിയെന്നും വിശ്വനാഥ് ചോദിച്ചു. ഇന്ത്യ-പാകിസ്താന്‍ വിഭജനം നടന്നപ്പോള്‍ വളരെയധികം മുസ്ലീങ്ങള്‍ ഇന്ത്യ തെരഞ്ഞെടുത്തു. അവര്‍ ജിന്നയുടെ കൂടെ പോയില്ല. അവര്‍ ഇന്ത്യക്കാരായി ഇവിടെ തുടര്‍ന്നു. അവര്‍ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ല. എന്തടിസ്ഥാനത്തിലാണ് മുസ്ലീം കച്ചവടക്കാരെ ലക്ഷ്യമിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് വളരെ ഖേദകരമാണ്'- വിശ്വനാഥ് പറഞ്ഞു.
ഈ വിഷയത്തിൽ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും വിശ്വനാഥ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ജനങ്ങൾക്കൊപ്പം നിന്ന് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാവായിരുന്ന വിശ്വനാഥ് 2019ല്‍ ബിജെപിയിൽ ചേരുകയായിരുന്നു. കുമാരസ്വാമി മന്ത്രിസഭ താഴെ വീണതിനെ തുടർന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ എഎച്ച് വിശ്വനാഥ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. കന്നഡ എഴുത്തുകാരനും നോവലിസ്റ്റുമായ വിശ്വനാഥ് ആദ്യം കോൺഗ്രസ് നേതാവായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുമായി തെറ്റിപ്പിരിഞ്ഞ വിശ്വനാഥ് കോണ്‍ഗ്രസ് വിട്ട് ജെഡിഎസിൽ ചേർന്നു. ഇപ്പോൾ ബിജെപിക്കൊപ്പമാണെങ്കിലും അടുത്തകാലത്തായി ബിജെപി സർക്കാരിനെതിരെ പരസ്യം വിമർശനം ഉന്നയിക്കാറുണ്ട്.
അടുത്തിടെ ഉഡുപ്പി, ശിവമോഗ ജില്ലകളിലെ ചില ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ നിന്ന് മുസ്ലീം കച്ചവടക്കാരെ തടഞ്ഞത് വലിയ വാർത്തയായിരുന്നു. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ സംഘപരിവാര്‍ സംഘടനകളാണ് ഇത്തരം ആഹ്വാനവുമായി രംഗത്തെത്തിയത്. 2002ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മുൻനിർത്തിയാണ് സംഘപരിവാര്‍ സംഘടനകള്‍ ക്ഷേത്ര പരിസരത്തുനിന്ന് അഹിന്ദുക്കളായ കച്ചവടക്കാർക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.