പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും (PM Narendra Modi) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും (Yogi Adityanath) ശശി തരൂരിന് (Shashi Tharoor) അസൂയയാണെന്ന് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ (B Gopalakrishnan). 'തരൂർ എന്ന വിശ്വമാനവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യോഗിയോടും കൊതിക്കെറുവും അസൂയയുമാണ്. അസൂയയ്ക്ക് വായിൽ കൊള്ളാത്ത പുതിയ ഇംഗ്ലീഷ് പദം ഉണ്ടങ്കിൽ അത് കൃത്യമായി പറയാൻ തരൂരിന് മാത്രമേ കഴിയൂ. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടെങ്കിലും ഒന്നും നടക്കാത്തതിലുള്ള നിരാശയും അസൂയയും കൊതിയും എല്ലാം കൂടി ചേരുന്ന പുതിയ ഇംഗ്ലീഷ് പദം മലയാളത്തിൽ ഏതെന്ന് ചോദിച്ചാൽ ഇനി ശശി തരൂർ എന്ന് പറയേണ്ടിവരും. ശശി ആയി എന്ന് പറയുന്ന പോലെ ശശി തരൂർ എന്ന വാക്കും മാറും' - അദ്ദേഹം പറഞ്ഞു.
'23 കോടി ജനസംഖ്യയുള്ള യുപിയേയും മൂന്നര കോടിയുള്ള കേരളത്തേയും തമ്മിൽ ആരെങ്കിലും താരതമ്യം ചെയ്യുമൊ? ചെയ്താൽ തന്നെ യുപി മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ് ആരെങ്കിലും ഇടുമോ? ലോക നേതാക്കളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നരേന്ദ്ര മോദിക്കാണല്ലൊ. അങ്ങനെയെങ്കിൽ മോദിയെ പ്രശംസിച്ച് കൊണ്ട് രാഹുലിന് ട്വീറ്റ് ചെയ്യാൻ തരൂരിന് ധൈര്യമുണ്ടാകുമോ' - തരൂരിനെ വെല്ലുവിളിച്ച് കൊണ്ട് ഗോപാലകൃഷ്ണൻ പറഞ്ഞു. സോണിയ ഗാന്ധിക്കെതിരെ കത്തെഴുതി ഒപ്പിട്ട ശേഷം താൻ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ ആളാണ് ശശി തരൂരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേന്ദ്രത്തിൽ മന്ത്രിയാകില്ലന്ന് ഉറപ്പായതോടെ പിണറായിയുടെ ഒപ്പം കൂടാനാണ് ഭാവമെങ്കിൽ തുറന്ന് പറഞ്ഞ് പോകുന്നതല്ലെ നല്ലത്? അതിന് പകരം കോൺഗ്രസിനെ പിന്നിൽ നിന്ന് പാര വെച്ചും യോഗിയെ എതിർത്തുകൊണ്ടും കാണിക്കുന്ന ചേഷ്ടകൾ ആർക്കും മനസിലാകുന്നില്ലെന്ന് കരുതരുത്. ആരോഗ്യ വികസന സൂചികയുടെ വാർഷിക പ്രകടനത്തിൽ യുപി ഒന്നാമതും കേരളം പന്ത്രണ്ടാമതുമാണ്. തരൂരിന് അവരോട് അസൂയയാണ്. അസൂയയ്ക്ക് പറ്റിയ മരുന്ന് കിട്ടാനിടിയല്ലാത്തത് കൊണ്ട് ഈ പരിഹാസം നിർത്തുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അതിര് കടക്കുന്ന പലതും ചെയ്യേണ്ടതായി വരും.' അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, നീതി ആയോഗിന്റെ ആരോഗ്യ സർവേയിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെയായിരുന്നു അവസാന സ്ഥാനത്തെത്തിയ യുപിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് ശശി തരൂർ പോസ്റ്റ് ഇട്ടത്. 2017 ലെ സർവേയിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ യുപിയെ കണ്ട് കേരളം പഠിക്കണമെന്ന് യോഗി ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞ പരാമർശം അടങ്ങുന്ന വാർത്ത ചേർത്തായിരുന്നു തരൂരിന്റെ പോസ്റ്റ്. കേരളത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ ഭരണമെന്നും തരൂർ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഗോപാലകൃഷ്ണൻ തരൂരിനെ പരിശാസിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.