• HOME
  • »
  • NEWS
  • »
  • kerala
  • »
  • K. Surendran | ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണമെന്ന് കെ. സുരേന്ദ്രൻ

K. Surendran | ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണമെന്ന് കെ. സുരേന്ദ്രൻ

ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നും സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
കോഴിക്കോട്: റിപബ്ലിക് ദിനാഘോഷത്തിന്റെ (Republic Day celebrations) ഭാഗമായി കാസർഗോഡ് ദേശീയ പതാക (National Flag) തലകീഴായി ഉയർത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ (K. Surendran). ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കാസർഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപബ്ലിക് ദിന ആഘോഷത്തിനിടെ പതാക തലകീഴായി ഉയർത്തിയിട്ടും മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവുന്ന കാര്യമല്ല. പതാക തലകീഴായി ഉയർത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ സല്യൂട്ടും ചെയ്തുവെന്നത് ഗൗരവതരമായ കാര്യമാണ്. ഇതിനുശേഷം മാദ്ധ്യമപ്രവർത്തകരാണ് പതാക തലകീഴായി ഉയർത്തിയ വിവരം ചൂണ്ടിക്കാട്ടിയത്.

ഇത്തരത്തിൽ വലിയ തെറ്റ് പറ്റിയിട്ടും മന്ത്രിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കുമുൾപ്പെടെ പിഴവ് മനസിലായില്ലെന്നത് അപഹാസ്യമാണ്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ദേശീയ പതാകയോട് അനാദരവ് കാട്ടിയതെന്നതിനാൽ സംഭവം ഡി.ജി.പി. അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നീട് വീണ്ടും ശരിയായ രീതിയിൽ പതാക ഉയർത്തുകയായിരുന്നു. സംഭവത്തിൽ എ.ഡി.എം. അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എ.ഡി.എം. അറിയിച്ചു. എഡിഎമ്മും ജില്ലാ പൊലീസ് മേധാവിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടർ അവധിയിൽ ആയതിനാൽ പരിപാടിയിൽ പങ്കെടുത്തില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് കനത്ത നിയന്ത്രണങ്ങളോടെയാണ് റിപബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചത്.

Also read: കാറ്റത്താടില്ല ഈ കാറ്റാടി കുടുംബത്തിന്റെ കഥ; 'ബ്രോ ഡാഡി' ഈസ് റെഡി

'കോവിഡിനെ രാജ്യം ശക്തമായി നേരിട്ടു': ഗവർണ്ണർ

കോവിഡിനെ രാജ്യം ശക്തമായി നേരിട്ടുവെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തെ തന്നെ വലിയ വാക്സിൻ ഡ്രൈവാണ് രാജ്യത്ത് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ കേരളത്തെ ഗവർണ്ണർ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ പല സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുന്നതില്‍ കേരളം പ്രധാന പങ്ക് വഹിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്ടിവിറ്റിയിലും ശക്തമായ വളര്‍ച്ചയാണ് കേരളം കൈവരിച്ചത്. സദ്ഭരണ സൂചികയില്‍ രാജ്യത്ത് അഞ്ചാം റാങ്കും തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം റാങ്കും കേരളം നേടിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജില്ലകളില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിച്ചു. കൊല്ലത്ത് ജെ. ചിഞ്ചുറാണിയും പത്തനംതിട്ടയില്‍ അഡ്വ. ആന്റണി രാജുവും ആലപ്പുഴയില്‍ പി. പ്രസാദും കോട്ടയത്ത് വി.എന്‍. വാസവനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും എറണാകുളത്ത് പി. രാജീവും തൃശൂരില്‍ കെ. രാധാകൃഷ്ണനും പാലക്കാട് കെ. കൃഷ്ണന്‍കുട്ടിയും മലപ്പുറത്ത് കെ. രാജനും കോഴിക്കോട് അഡ്വ. പി. എ. മുഹമ്മദ് റിയാസും വയനാട് അബ്ദുറഹിമാനും കണ്ണൂരില്‍ എം. വി. ഗോവിന്ദന്‍ മാസ്റ്ററും കാസര്‍കോട് അഹമ്മദ് ദേവര്‍കോവിലും അഭിവാദ്യം സ്വീകരിച്ചു.
Published by:user_57
First published: