HOME » NEWS » Kerala » BJP LEADER KS RADHAKRISHNAN DEMANDS CBI ENQUIRY IN TREE FELLING CASE

'മരംകൊള്ള'; നിലവിലെ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള പ്രഹസനം; സിബിഐ അന്വേഷിക്കണം: 'കെ.എസ്.രാധാകൃഷ്ണൻ

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിക്കാൻ ഒരു മടിയുമില്ലാതിരുന്ന അങ്ങ് കായംകുളം കൊച്ചുണ്ണിയുടെ കൊള്ളയെയാണ് ഓർമ്മിപ്പിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 13, 2021, 11:56 AM IST
'മരംകൊള്ള'; നിലവിലെ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള പ്രഹസനം; സിബിഐ അന്വേഷിക്കണം: 'കെ.എസ്.രാധാകൃഷ്ണൻ
Dr K S Radhakrishnan (Image-FB)
  • Share this:
വിവാദമായ മരംമുറിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നടത്തിയ അഴിമതിക്ക് ഉദ്ദേശശുദ്ധിയുടെ പേരിൽ മാപ്പ് നൽകാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിക്കാൻ ഒരു മടിയുമില്ലാതിരുന്ന അങ്ങ് കായംകുളം കൊച്ചുണ്ണിയുടെ കൊള്ളയെയാണ് ഓർമ്മിപ്പിക്കുന്നത് എന്നാണ് അന്ന് റവന്യു മന്ത്രി ആയിരുന്ന ഇ. ചന്ദ്രശേഖരനെ വിമർശിച്ച് അദ്ദേഹം ആരോപിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം വെളിച്ചത്താവുകയോ, യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ല എന്ന് വ്യക്തമാക്കിയാണ് കേസിൽ ബിജെപി നേതാവ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

Also Read-Explained: കാട്ടിലെ തടി; മുട്ടിലിലെ വെട്ട്; 100 കോടി കവർന്ന 100 ദിന പരിപാടി

പോസ്റ്റിന്‍റെ പൂർണ്ണരൂപം:

മരംമുറി കൊള്ള സി ബി ഐ അന്വേഷിക്കണം

മരംമുറി ഉത്തരവ് നല്ല ഉദ്ദേശത്തോടെ, കർഷകരെ സഹായിക്കാനായി ഇറക്കിയതാണ് എന്നാണ് അഴിമതിക്കാലത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അവകാശപ്പെടുന്നത്. അതുകൊണ്ട് ഉദ്ദേശശുദ്ധിയെ മാനിച്ച് മാപ്പു നൽകണമെന്നും ചന്ദ്രശേഖരൻ അപേക്ഷിക്കുന്നു. ഇല്ല സർ ; ഉദ്ദേശശുദ്ധിയുടെ പേരിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു നടത്തിയ അഴിമതിക്ക് മാപ്പ് നൽകാനാകില്ല.
എന്തിനാണ് സർ, നിയമങ്ങളും ചട്ടങ്ങളും എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ലംഘിക്കാൻ അങ്ങ് കൂട്ട് നിന്നത്. അത് സത്യപ്രതിജ്ഞാലംഘനമല്ലേ സർ. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിക്കാൻ ഒരു മടിയുമില്ലാതിരുന്ന അങ്ങ് കായംകുളം കൊച്ചുണ്ണിയുടെ കൊള്ളയെയാണ് ഓർമ്മിപ്പിക്കുന്നത്. ഈ ഉത്തരവ് കൊണ്ട് ഏതാണ്ട് ആയിരം കോടി രൂപ വിലവരുന്ന തേക്ക്, ഈട്ടി, നീർമരുത് എന്നു തുടങ്ങിയ മരങ്ങൾ മരം വെട്ട് ലോബി മുറിച്ചു മാറ്റി.

Also Read-മുട്ടില്‍ മരംമുറി: 'ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ'; ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ഈ അടുത്ത കാലത്ത് കേരളത്തിലുണ്ടായ ഏറ്റവും വലിയ അഴിമതിയാണിത്. എവിടെനിന്ന്, ആരെല്ലാം, എത്ര മരം മുറിച്ചു എന്നത് തിട്ടപ്പെടുത്താൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല. റവന്യൂ പട്ടയഭൂമി, കുടിയേറ്റ ഭൂമി, വനഭൂമി, പരിസ്ഥിതി ലോല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം മരങ്ങൾ മുറിക്കപ്പെട്ടു. ഒരു കടുംവെട്ടുതന്നെയായിരുന്നു. ഒരു സർക്കാരിന്റെ അവസാനകാലത്ത് ഇതുപോലെ ഒരു ഉത്തരവിലൂടെ വ്യാപകമായ അഴിമതി നടത്താൻ സി പി ഐക്ക് മാത്രമേ കഴിയൂ എന്ന് അവർ തെളിയിച്ചു കഴിഞ്ഞു.

റവന്യൂ മന്ത്രി ചന്ദ്രശേഖരനും, വനം മന്ത്രി രാജുവിനും ഒരു തെറ്റും പറ്റിയിട്ടില്ല എന്ന് അന്വേഷണം നടക്കുന്നതിന് മുമ്പേ സി പി ഐ വിധിയെഴുതിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും നേടിയതിനുശേഷം ഇറക്കിയ ഈ ഉത്തരവിന് മുഖ്യമന്ത്രിയും ഉത്തരവാദിയല്ല എന്നും പറയുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം വെളിച്ചത്താവുകയോ, യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ല.റവന്യൂ - വനം വകുപ്പുകളുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിർമ്മിച്ചിട്ടുള്ള അഞ്ചു നിയമങ്ങളുടേയും അത് പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങളുടേയും ലംഘനം നടത്തി, കേരളത്തിലെ മരംവെട്ട് ലോബിക്ക് കോടാനുകോടികൾ അടിച്ചു മാറ്റുന്നതിനു വേണ്ടി, ഇറക്കിയ ഉത്തരവ് ഉദ്ദേശശുദ്ധി കൊണ്ട് നീതീകരിക്കണം എന്ന് പറയുന്നത് കർഷക വൈകാരികതയെ മറയാക്കി കൊള്ളയെ ന്യായീകരിക്കുന്നതിനുള്ള ശ്രമം മാത്രമാണ്.
അതുകൊണ്ട് മരംമുറി കടും കൊള്ളയെ കുറിച്ച് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതം. ഈ കൊള്ളയുടെ വ്യാപ്തിയും മന്ത്രിമാരുടേയും അവരുടെ പാർട്ടികളുടേയും പങ്ക് എന്നിവ എന്നാൽ മാത്രമേ പുറത്തു വരികയുള്ളൂ. ഇപ്പോഴത്തെ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി നടത്തുന്ന പ്രഹസനം മാത്രമാണ്.
(ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Published by: Asha Sulfiker
First published: June 13, 2021, 11:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories