• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sandeep G Varier | 'അവരിൽ രാമനും റഹീമും ജോസഫും ഉണ്ടാവാം..'; ഹലാൽ വിദ്വേഷ പ്രചാരണത്തിൽ നിലപാട് വ്യക്തമാക്കി സന്ദീപ് വാര്യർ

Sandeep G Varier | 'അവരിൽ രാമനും റഹീമും ജോസഫും ഉണ്ടാവാം..'; ഹലാൽ വിദ്വേഷ പ്രചാരണത്തിൽ നിലപാട് വ്യക്തമാക്കി സന്ദീപ് വാര്യർ

''മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. ''

സന്ദീപ് വാര്യർ

സന്ദീപ് വാര്യർ

 • Share this:
  തിരുവനന്തപുരം: ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് ബിജെപി (BJP) സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ (Sandeep G Varier). ഹലാല്‍ ഭക്ഷണ വിവാദം (Halal Food Controversy) കടുത്ത വിദ്വേഷ പ്രചാരണങ്ങളിലക്ക് (Hate Campaign) തിരിഞ്ഞ സാഹചര്യത്തിലാണ് സന്ദീപിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞുള്ള പ്രതികരണം. ഫേസ്ബുക്കിലെ കുറിപ്പിലായിരുന്നു സന്ദീപ് ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

  സന്ദീപ് ജി വാര്യരുടെ കുറിപ്പ്

  വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ .
  ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത് . മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട് .
  അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും . എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും . ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ , അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി , പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ , പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ... ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല ... അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം .
  ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്‌ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാം . ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത് . അതെല്ലാവരും ഓർക്കണം . ഓർത്താൽ നല്ലത് . ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ . വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്.  സന്ദീപ് ജി വാര്യരുടെ പോസ്റ്റിന് താഴെ ഒട്ടേറെ പേർ കമന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്. പറയുന്നതിൽ ആത്മാർത്ഥയുണ്ടെങ്കിൽ ഉത്തരവാദിത്വപ്പെട്ട വേദിയിൽ നിങ്ങൾ സംസ്ഥാന പ്രസിഡന്റിനെ തിരുത്തണമെന്നാണ് ചിലർ ആവശ്യപ്പെട്ടത്. ഈ പോസ്റ്റ് കണ്ടിട്ട് പേജ് ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്ന് സംശയിച്ചുപോയെന്നും സന്ദീപ് വാര്യരുടേതാണ് പോസ്റ്റെങ്കിൽ നന്ദിയെന്നും അഭിഭാഷകനായ ഹരീഷ് വാസുദേവൻ കുറിച്ചു. അതേസമയം സന്ദീപിനെ വിമർശിച്ചും നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്.

  മതചടങ്ങിന്റെ ഭാഗമായി ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. പിന്നാലെ നിരവധി പേർ പിന്തുണച്ചും പ്രതിരോധിച്ചും രംഗത്തെത്തി. ഇതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പേജ് ഹലാലല്ലാത്ത ഭക്ഷണം വിൽപ്പന നടത്തുന്ന ഹോട്ടലുകൾ എന്ന് വിശേഷിപ്പിച്ച് പട്ടിക പുറത്തുവിട്ടതോടെയാണ് വിവാദം കൂടുതൽ സജീവമായത്. ഇത്തരം പ്രചാരണങ്ങൾ തീർത്തും നിരുത്തരവാദിത്തപരമാണെന്നും, ഹോട്ടലിന്റെ അറിവോടെയല്ലെന്നും, ഇക്കാര്യത്തിൽ അധികൃതർക്ക് പരാതി നൽകിയതായും ലിസ്റ്റിൽ ഉൾപ്പെട്ട ഒരു ഹോട്ടൽ വിശദീകരിച്ചിട്ടുമുണ്ട്.
  Published by:Rajesh V
  First published: