കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഗുരുജിയുടെ 'രാഷ്ട്ര വിചാരം' പാഠ്യ വിഷയം ആക്കാനുള്ള നീക്കം കുത്സിത ശ്രമവും ചരിത്ര ബോധത്തിന്റെ അഭാവവുമായി മാത്രമേ കാണാനാകൂ. ഗുരുജിയുടെ ഗ്രന്ഥങ്ങൾ എന്ന പേരിൽ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന രണ്ട് ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല എന്നതാണ് രസകരമായ വസ്തുതയെന്നും ഫേസ്ബുക്ക് കുറിപ്പിൽ സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ദർശനം പഠിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുമെന്ന ചിന്തയില്ലെന്നും അത് ആർ എസ്.എസിന്റെ ചെലവിൽ വേണ്ടന്നെ ഉള്ളൂവെന്നും അദ്ദേഹം കുറിച്ചു. ചരിത്ര ബോധമില്ലാതെ അസത്യം പ്രചരിപ്പിക്കുന്നവരുടെ അജണ്ട മറ്റെന്തോ ആണെന്ന കാര്യം സംശയമില്ലെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
കണ്ണൂർ സർവകലാശാലയുടെ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പ്രോഗ്രാം കോഴ്സിൽ ഗുരുജിയുടെ 'രാഷ്ട്ര വിചാരം' പാഠ്യ വിഷയം ആക്കാനുള്ള നീക്കം കുത്സിത ശ്രമവും ചരിത്ര ബോധത്തിന്റെ അഭാവവുമായി മാത്രമേ കാണാനാകൂ. ഗുരുജിയുടെ ഗ്രന്ഥങ്ങൾ എന്ന പേരിൽ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന രണ്ട് ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല എന്നതാണ് രസകരമായ വസ്തുത. 'We or Our Nationhood Defined' എന്ന പുസ്തകത്തിലെ 3 അദ്ധ്യായങ്ങൾ പാഠ്യ വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വീര സവർക്കരുടെ സഹോദരൻ ഗണേശ് ദാമോദര സവർക്കർ മറാത്തിയിൽ എഴുതിയ രാഷ്ട്ര മീമാംസ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ളീഷ് പരിഭാഷ മാത്രമാണ്. പരിഭാഷകൻ ഗുരുജി ആണെന്ന് മാത്രം. അതാണ് ഗുരുജിയുടെ രചന എന്ന നിലയിൽ പാഠ്യ വിഷയമാക്കിയിരിക്കുന്നത്.
രണ്ടാമത്തേത് 'വിചാരധാര'യിൽ നിന്നുള്ള 'ആഭ്യന്തര ഭീഷണി' എന്ന അധ്യായമാണ്. ഈ ഗ്രന്ഥവും ഗുരുജി എഴുതിയതല്ല. പുസ്തകത്തിനൊപ്പമുള്ള പ്രസാധക കുറിപ്പിൽ തന്നെ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. ചരിത്ര ബോധമില്ലാതെ ഇതും ഗുരുജിയുടെ രചനയായി എണ്ണുകയാണ്. ഗുരുജിയെപറ്റിയും അദ്ദേഹത്തിന്റെ ദർശനങ്ങളെ കുറിച്ചും പഠിപ്പിക്കണമെങ്കിൽ അദ്ദേഹത്തിന്റെ മൗലിക കൃതികൾ നിരവധിയുണ്ട്. ആർ.എസ്.എസിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആർ. ഹരിയേട്ടൻ എഡിറ്റ് ചെയ്ത് 12 വല്യ വാല്യങ്ങളിലായി ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും പുറത്തിറക്കിയ ശ്രീഗുരുജി സാഹിത്യ സർവ്വസ്വം ലഭ്യമാണ്. അതിൽ ഉള്ള കാര്യങ്ങൾ ആണ് ഗുരുജിയുടെ അഭിപ്രായങ്ങൾ അതുവഴി ആർ.എസ്.എസിന്റേതും. അല്ലാതെ മറ്റുള്ളവർ എഴുതിയതിന് മറുപടി പറയേണ്ട ബാധ്യത ആർ.എസ്.എസിനില്ല.
ഏതെങ്കിലും ദർശനം പഠിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുമെന്ന ചിന്തയുമില്ല. അത് ആർ എസ്.എസിന്റെ ചെലവിൽ വേണ്ടന്നെ ഉള്ളൂ. ചരിത്ര ബോധമില്ലാതെ അസത്യം പ്രചരിപ്പിക്കുന്നവരുടെ അജണ്ട മറ്റെന്തോ ആണെന്ന കാര്യം സംശയമില്ല. വിവാദത്തിലൂടെ വ്യക്തിഹത്യയാണ് ഇവർ ലക്ഷ്യമിടുന്നത്. അതിന് അറിഞ്ഞോ അറിയാതെയോ ചിലർ കയ്യടിക്കുകയാണ്. അവരോട് കൂടിയാണ്. ഇതിന് പിന്നിൽ ഗൂഡ അജണ്ട ഉണ്ടെന്ന് നിങ്ങളും തിരിച്ചറിയണം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.