കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി നേതാവ് ശങ്കു ടി ദാസിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കരളിൽ രക്തസ്രാവവും, നിയന്ത്രണവിധേയമല്ലാത്ത ബി പി യുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദം ഇപ്പോഴും കുറഞ്ഞ നിലയിൽ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുള്ളതിനാൽ ബ്രോങ്കോസ്കോപ്പിക്ക് വിധേയനാക്കുകയും, വെന്‍റിലേറ്റർ സഹായം തുടരുകയും ചെയ്യുന്നുണ്ട്. ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമായതിന്റെ ലക്ഷണങ്ങൾ കാണിച്ചതോടെ വീണ്ടും സി ടി സ്കാൻ ചെയ്യുകയും രക്തസ്രാവം ഇല്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.
മെഡിക്കൽ ബുള്ളറ്റിൻ പൂർണരൂപംറോഡപകടത്തെ തുടർന്ന് കരളിൽ രക്തസ്രാവവും, നിയന്ത്രണവിധേയമല്ലാത്ത ബി പി യുമായി ശങ്കു ടി ദാസിനെ ജൂൺ 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസ്രാവം തടയുന്നതിനായി ഇന്നലെ അദ്ദേഹത്തെ ആൻജിയോഎംബൊളൈസേഷന് വിധേയനാക്കുകയും ഐ സി യു വിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ബി പി കുറഞ്ഞ നിലയിൽ തന്നെ തുടരുന്നതിനാൽ അദ്ദേഹത്തിന് ഐനോട്രോപ്പിക് സപ്പോർട്ട് നൽകുകയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ ബ്രോങ്കോസ്കോപ്പിക്ക് വിധേയനാക്കുകയും വെന്റിലേറ്റർ സപ്പോർട്ട് തുടരുകയും ചെയ്യുന്നുണ്ട്. ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമായതിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാലും ബി പി കുറഞ്ഞ സാഹചര്യം ആവർത്തിച്ചതിനാലും സി ടി സ്കാൻ വീണ്ടും ചെയ്യുകയും രക്തസ്രാവം ഇല്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. അവയവങ്ങളുടെ പരാജയ ലക്ഷണം തുടരുന്നതിനാൽ അദ്ദേഹത്തെ തുടർച്ചയായ റിനൽ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയനാക്കുന്നുണ്ട്. നിരന്തരമായ ശ്രദ്ധയും പരിചരണവും നൽകിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മെറ്റാബാളിക് പാരാമീറ്ററുകളും, ഹീമോ ഡൈനാമിക്സും സങ്കീർണ്ണമായി തന്നെ തുടരുകയാണ്.
ജൂൺ 23ന് രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ആദ്യം കോട്ടക്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു.
Also Read-
ശങ്കു ടി ദാസിന്റെ വാഹനാപകടം; ദുരൂഹതാ വാദം തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിശങ്കു ടി ദാസിനെ ഇടിച്ചത് അജ്ഞാത വാഹനമല്ല. ഇടിച്ച ബൈക്കിൽ ഉള്ള യുവാക്കൾക്കും പരുക്കേറ്റു. നിസാര പരിക്കേറ്റ യുവാക്കൾ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവർ അറിയിച്ചത് അനുസരിച്ചാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു
ബാർ കൗണ്‍സിൽ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.