കൊച്ചി: ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി രണ്ടാമതും വിവാഹിതരായ നടനും അഭിഭാഷകനുമായ ഷുക്കൂറിനും ഭാര്യ ഷീനയ്ക്കും ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ് എം ടി രമേശ്. ഇന്ത്യന്‍ മതേതരത്വത്തിന് കരുത്ത് പകരാനും ഇന്ത്യയിലെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനും ഷുക്കൂര്‍ വക്കീലിന്റെ പുനര്‍വിവാഹം സഹായകമാകുമെന്ന് എം ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
വനിതാദിനം കേവലം ആശംസകളറിയിക്കുന്നതിൽ ഒതുങ്ങരുത്. തുല്യതയ്ക്കുള്ള സമരസപ്പെടൽ കുടുംബങ്ങളിൽ നിന്ന് തുടങ്ങണം. അമ്മ, സഹോദരി, ഭാര്യ ഇവരെയെല്ലാം തുല്യരായി പരിഗണിക്കാനും അർഹതപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും നൽകാനും നാം മടിയ്ക്കരുത്. ഈ വനിതാദിനത്തിൽ കാസർകോട് നിന്ന് ഒരു നല്ല വാർത്തയുണ്ട്.
Also Read- ‘വിശ്വാസികൾ പ്രതിരോധിക്കും’; ഷുക്കൂർ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ
സിനിമ നടനും സാമൂഹ്യപ്രവർത്തകനുമായ ഷുക്കൂർ വക്കീൽ വീണ്ടും വിവാഹിതനാവുകയാണ്. ഷുക്കൂർ വക്കീലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇന്ത്യൻ മതേതരത്വത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിയ്ക്കാനും ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകും.
തന്റെ മരണാനന്തരം പെൺമക്കൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അന്യംനിന്നുപോകാതിരിയ്ക്കാനും തുല്യതയ്ക്കുള്ള പെൺകുട്ടികളുടെ അവകാശം സംരക്ഷിയ്ക്കാനും വേണ്ടിയാണ് ഈ പുനർവിവാഹം. വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
Also Read- മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി വിവാഹിതരായി ഷുക്കൂർ വക്കീലും ഷീനയും
മത നിയമങ്ങളിൽ പലതും കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. മാത്രമല്ല ഭരണഘടനാനുസൃതമായ തുല്യതയും സ്വാതന്ത്ര്യവും സംരക്ഷിയ്ക്കപ്പെടാനും നിയമ പരിഷ്ക്കരണം അത്യാവശ്യമാണ്. ഏകീകൃത സിവിൽ കോഡിനായുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി. ഏകീകൃത സിവിൽ കോഡിനായുള്ള ഷുക്കൂർ വക്കിലിന്റെ പോരാട്ടത്തിന് ആശംസകൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.