തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍(Thrikkakara By-Election )കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ വന്നതോടെ ബിജെപിയ്ക്ക്(BJP) കെട്ടിവെച്ച കാശും പോയി. കഴിഞ്ഞതവണ 15,483 വോട്ടുനേടിയെങ്കില്‍ ഇക്കുറി 12,957 വോട്ടുമാത്രം. കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമെല്ലാമെത്തിയാണ് തൃക്കാക്കരയില്‍ പ്രചാരണം നടത്തിയത്. വീടുകള്‍ നാലുതവണയെങ്കിലും കയറിയിറങ്ങി. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനെത്തിയിട്ടും ബിജെപിയ്ക്ക് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചില്ല.
എന്‍ഡിഎക്ക് കിട്ടിയത് 10 ശതമാനത്തില്‍ താഴെ വോട്ട് മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 11.34 ശതമാനം വോട്ട് നേടിയപ്പോള്‍ അത് ഇത്തവണ 9.57 ശതമാനമായി കുറഞ്ഞു. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് സജി 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത് 12,957 വോട്ടുകള്‍ മാത്രം.
മുതിര്‍ന്ന നേതാവിനെ തന്നെ സ്ഥാനാര്‍ഥിയാക്കിയതോടെ ഇത്തവണ 15 ശതമാനത്തിലധികം വോട്ട് നേടാനാകുമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതീക്ഷ. അതിനനുസരിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. പി സി ജോര്‍ജും സുരേഷ് ഗോപിയും മണ്ഡലത്തിലെത്തി പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഉമാ തോമസിലേക്ക് കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍.
തൃക്കാക്കരയിലുണ്ടായ വളരെ ശക്തമായ സഹതാപതരംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അനുകൂലമായെന്ന് കെ സുരേന്ദ്രന് പറഞ്ഞു. ശക്തമായ പ്രവര്‍ത്തനം നടത്തി വോട്ടിന്റെ തത്സ്ഥിതി നിലനിര്‍ത്താന്‍ ബി.ജെ.പി.ക്ക് ഏതാണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് സഹതാപ തരംഗത്തിന്റെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
വോട്ടിംഗ് ശതമാനത്തില്‍ വന്‍കുതിപ്പാണ് കോണ്‍ഗ്രസ് നടത്തിയത്. 53.76 ശതമാനം വോട്ട് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ 43.82 ശതമാനം വോട്ടാണ് ലഭിച്ചത്. പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞു. കഴിഞ്ഞ തവണ 33.32 ശതമാനം വോട്ടുകള്‍ ലഭിച്ച എല്‍ഡിഎഫിന് ഇത്തവണ കിട്ടിയത് 35.28 ശതമാനം വോട്ടുകളാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.