തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഉന്നയിച്ച് ബി ജെ പി കോടതിയെ സമീപിക്കും. മഞ്ചേശ്വരം കോഴ കേസിന് പിന്നാലെ സി കെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിലും സുരേന്ദ്രനെതിരെ കേസെടുത്തതോടെയാണ് നിയമപോരാട്ടത്തിന് ബിജെപി തീരുമാനിച്ചത്.
എൻഡിഎയുടെ ഭാഗമാകാൻ സി കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നൽകിയെന്ന കേസ് കൽപ്പറ്റ കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് ചാർജ് ചെയ്തത്. ഈ കേസിൽ കോഴ വാങ്ങിയെന്ന കുറ്റം ആരോപിച്ച് സി കെ ജാനുവിനെയും പ്രതി ആക്കിയിട്ടുണ്ട്. അതിനാൽ കെ സുരേന്ദ്രൻ എതിരായ രണ്ട് കേസുകളിൽ പൊലീസിന് രണ്ട് സമീപനമാണെന്ന് ബിജെപി വിലയിരുത്തുന്നു.
മഞ്ചേശ്വരത്ത് മത്സരത്തിൽ നിന്ന് പിൻമാറുന്നതിന് കോഴ നൽകിയെന്ന കേസിൽ കെ സുരേന്ദ്രനെ പ്രതിയാക്കിയപ്പോൾ കെ സുന്ദരയെ കോഴ വാങ്ങിയ കുറ്റം ആരോപിച്ച് പ്രതി ചേർത്തിട്ടില്ല. കെ സുന്ദരയെ പ്രതിചേർക്കാത്ത അന്വേഷണ ഉദ്യോഗസ്ഥൻ IPC 218 പ്രകാരം കുറ്റം ചെയ്തതായും ബിജെപി നിയമ പോരാട്ടത്തിന് ഒരുക്കുകയാണ്.
You may also like:പ്രധാനമന്ത്രി പരാമർശിച്ച കുമരകത്തെ രാജപ്പന്റെ പണം ബന്ധുക്കൾ തട്ടിയെടുത്തെന്ന് പരാതി
വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിയെ ബിജെപി സമീപിച്ചിട്ടുണ്ട്. രണ്ട് കേസുകളിലെ പോലീസിന്റെ രണ്ട് സമീപനത്തിൽ നിന്ന് കെ സുരേന്ദ്രനെതിരായ കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് കോടതിയിൽ സ്ഥാപിക്കാമെന്നാണ് നിയമോപദേശമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
സികെ ജാനുവിന് കോഴ നൽകിയെന്ന് കേസെടുത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമായതിനാൽ അപ്പീലിനായി ബി ജെ പി യ്ക്ക് ജില്ലാ കോടതിയെ സമീപിക്കാനാകും. കെ സുരേന്ദ്രൻ എതിരായ കേസുകൾ കാസർഗോഡ് വയനാട് ജില്ലകളിലാണ്. അതിനാൽ രണ്ട് കേസുകളും റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നത് കാര്യം ബിജെപിയുടെ നിയമകാര്യ സെൽ പരിശോധിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് പണം നല്‍കിയെന്ന പരാതിയില്‍ കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരിപൊലീസാണ് കേസെടുത്തത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്നു സി.കെ. ജാനുവും കേസിൽ പ്രതിയാണ്. കല്‍പ്പറ്റ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Ck janu, K surendran, Manjeswaram election, Sundara revealation