കൊച്ചി:മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കെ രാഗേഷിന്റെ(K K Ragesh) ഭാര്യ പ്രിയ വര്‍ഗീസിന്റെ സര്‍വകലാശാല നിയമനത്തിനെതിരെ ബിജെപി. പ്രിയയ്ക്ക് ആവശ്യത്തിന് യോഗ്യതയില്ലായെന്നാണ് ബിജെപി(BJP) നേതാവ് ബി ഗോപാലക്യഷ്ണന് (B Gopalakrishnan)പറഞ്ഞു. കേരളത്തിലേത് ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയാണെന്ന് ബി ഗോപാല ക്യഷ്ണന് പറഞ്ഞു.
സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറാകുന്നതിന് കുറഞ്ഞത് 8 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടാകണം. എന്നാല്‍ പ്രിയയ്ക്ക് 8 വര്‍ഷത്തെ അധ്യാപന പരിചയമില്ല. യോഗ്യതയില്ലാതെയാണ് തെരെഞ്ഞെടുക്കപ്പെട്ടതെന്നും ബി ഗോപാലക്യഷ്ണന് ആരോപിച്ചു. അഴിമതിയുടെ മുഖമാണ് പ്രിയയ്ക്ക്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ നിയമനം നടന്നതെന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഗോപാല ക്യഷണന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ സര്‍വകലാശാല വി സി പിണറായി വിജയന്റെ പോക്കറ്റ് നായയായി മാറിയെന്നും ഗോപാലക്യഷ്ണന് വിമര്‍ശിച്ചു. യോഗ്യത ഉണ്ടായിട്ടും ലക്ഷക്കണക്കിന് പേരാണ് തൊഴില്‍ ലഭിയ്ക്കാതെ അലയുന്നത്. മുഖ്യമന്ത്രി മുന്നില്‍ മുട്ടിലിഴയേണ്ട് അവസ്ഥയാണ് ഇപ്പോഴുള്ളത്. അപ്പോഴാണ് പ്രിയയ്ക്ക് വഴിവിട്ട നിയമനം നല്കിയിരിയ്ക്കുന്നത്. ഇത് സ്വജനപക്ഷപാതവും അഴിമതിയും ആണെന്ന് ഗോപാല ക്യഷ്ണന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സര്‍വകലാശാലയിലേയ്ക്ക് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ഇന്റര്‍വ്യൂ നടന്നത്. ഓണ്‍ ലൈന്‍ ആയിട്ടായിരുന്നു ഇന്റര്‍വ്യൂ. 6 പേരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. ഇതിലാണ് പ്രിയ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയ്ക്ക് 27 വര്‍ഷത്തെ അധ്യാപന പരിചയമുണ്ട്. 104 പ്രബദ്ധങ്ങളും ഉണ്ട്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഇത്രയധികം യോഗ്യതയുള്ള ജോസഫ് സ്കറിയയെ തഴഞ്ഞാണ് പ്രിയ വര്‍ഗീസിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചതെന്നാണ് ഉയരുന്ന ആരോപണം.
കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് ഈ മാസം 26-ന് വിരമിയ്ക്കുകയാണ്. അതിന് മുന്‍പ് വേഗത്തില്‍ ഇന്റവ്യൂ നടത്തി നിയമനം നടത്തുകയായിരുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയര്‍ന്നിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാലകളിലേയ്ക്ക് നിയമനം നല്‍കിയതിനെതിരെ നേരത്തെയും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. എ എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം അടക്കം വിവാദമാകുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: B gopalakrishnan, Bjp, Kannur university, Pinaryi vijayan