• HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid norms violation | കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പെരുമ്പാവൂരില്‍ അഞ്ഞൂറിലധികം പേരെ പങ്കെടുപ്പിച്ച് ബിജെപിയുടെ പരിപാടി

Covid norms violation | കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പെരുമ്പാവൂരില്‍ അഞ്ഞൂറിലധികം പേരെ പങ്കെടുപ്പിച്ച് ബിജെപിയുടെ പരിപാടി

പെരുമ്പാവൂരിൽ ബി.ജെ.പി. സംഘടിപ്പിച്ച പരിപാടിയിൽ 500ലധികം പേർ. സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു 

പരിപാടിയിൽ നിന്നും

പരിപാടിയിൽ നിന്നും

  • Share this:
കൊച്ചി: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന എറണാകുളത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് (flouting Covid 19 norms) ബിജെപിയുടെ പൊതുപരിപാടി. 500ലധികം പേരാണ് പങ്കെടുത്തത്. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

എറണാകുളം ജില്ലയില്‍ ജനുവരി 16ന് 3204 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ 30ന് മുകളിലുമാണ്. ഈ സാഹചര്യത്തിലാണ് പൊതു പരിപാടികള്‍ക്കടക്കം ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് ലംഘിച്ചാണ് ബി.ജെ.പി. പെരുമ്പാവൂരില്‍ പരിപാടി സംഘടിപ്പിച്ചത്.

പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെത്തി. ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കുകയും ചെയ്തു. സംസ്ഥാന നേതാവ് എസ്. സുരേഷ് അടക്കമുള്ള നേതാക്കളും പങ്കെടുക്കുകയും ചെയ്തു.

പെരുമ്പാവൂരില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. അടക്കം എട്ടു പോലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിയ്ക്കുകയും ചെയ്തിരുന്നു. ഈ പോലീസ് സ്‌റ്റേഷന് 100 മീറ്റര്‍ അടുത്താണ് ബിജെപിയുടെ പരിപാടി നടന്നത്. കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ച് പരിപാടി നടത്തിയതിന് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിപാടിയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുക്കും.

കോവിഡ് കേസുകള്‍ കൂടുന്നതിനിടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പാറശാലയില്‍ നടത്തിയ തിരുവാതിരക്കെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. പരിപാടിയുടെ സംഘടകര്‍ തിരുവാതിര നടത്തിയതിന് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.

സമ്മേളനത്തിന്റെ നന്ദി പ്രസംഗത്തിൽ സ്വാഗതസംഘം കൺവീനർ എസ്. അജയനാണ് ക്ഷമ ചോദിച്ചത്. മെഗാ തിരുവാതിര നടത്തിയ സമയവും ചില വരികളും പലരിലും വേദനയുണ്ടാക്കി. ഇതിൽ ക്ഷമ ചോദിക്കുന്നതായി അജയൻ പറഞ്ഞു.

പാറശാലയില്‍ ജനുവരി 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. പാറശാല ഏരിയ കമ്മിറ്റിയിലെ 501 സ്ത്രീകള്‍ ആണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേര്‍ എത്തിയിരുന്നു.

സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ കൂടാതെ, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. തുടങ്ങിയ നേതാക്കളും പരിപാടി കാണാനെത്തി. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പാര്‍ട്ടിയുടെ ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്റെ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു മെഗാ തിരുവാതിര ഗാനത്തിലെ വരികൾ.

അതേസമയം, തൃശ്ശൂരിലും സിപിഎമ്മിന്റെ മെഗാ തിരുവാതിര നടന്നു. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. ഊരക്കോട് അയ്യപ്പ ക്ഷേത്ര വളപ്പിൽ നടന്ന തിരുവാതിരയിൽ എൺപതിലേറെ പേർ പങ്കെടുത്തു. സി.പി.എം. പ്രാദേശിക നേതാക്കളും സമീപത്തുണ്ടായിരുന്നു. മാസ്കും സാമൂഹിക അകലവും പാലിച്ചു കൊണ്ടാണ് പരിപാടി അവതരിപ്പിച്ചത് എന്ന് സംഘാടകരുടെ ന്യായീകരണം. സിപിഎമ്മിന്റെ തിരുവാതിരയെ ബി.ജെ.പി. നേതാക്കളും വിമര്‍ശിച്ചിരുന്നു.
Published by:user_57
First published: