കൊച്ചി: നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ഭാര്യ. ബി.ജെ.പി. സ്ഥാനാര്‍ഥി എസ്. സജിയുടെ ഭാര്യയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തൃക്കാക്കര പൊന്നുരുന്നി സി.കെ.എസ്. സ്‌കൂളിലാണ് മമ്മൂട്ടി വോട്ടു ചെയ്യാനെത്തിയത്. രാവിലെ സ്ഥാനാർഥി എസ്.സജി വോട്ടു ചെയ്യാനെത്തിയപ്പോൾ മൊബൈൽ ഫോണിൽ വിഡിയോ പകർത്തിയത് വരണാധികാരി തടഞ്ഞിരുന്നു. എന്നാൽ മമ്മൂട്ടി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തുന്നതിനെ വരണാധികാരി എതിർത്തില്ലെന്നാണ് ആരോപണം. ‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’ എന്നു ചോദിച്ചു കൊണ്ടാണ് സ്ഥാനാർഥിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Also Read കൈപ്പത്തിക്ക് കുത്തിയാല്‍ വോട്ട് താമരക്കെന്ന് പരാതി; വോട്ടെടുപ്പ് നിര്‍ത്തിവച്ചു
ബിജെപി പ്രവര്‍ത്തകരും സ്ഥാനാർഥിയുടെ ഭാര്യയ്ക്ക് പിന്തുണയുമായെത്തി. മാധ്യമപ്രവര്‍ത്തകരെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ, നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു മടങ്ങി. കോവിഡ് ആയതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് മമ്മൂട്ടി പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയത്.
വയനാട് കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകൾ താമര ചിഹ്നത്തിന് പോകുന്നതായി പരാതി ഉയർന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പരാതിക്കാരായ മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇതോടെ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. പരിശോധനകൾക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വോട്ടിങ് പുനരാരംഭിച്ചു.
Also Read- 'റെക്കോർഡ് എണ്ണത്തിൽ വോട്ട് ചെയ്യൂ'; നാലു ഭാഷകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന
കളക്ടറേറ്റില്‍നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വോട്ടിങ് യന്ത്രം പരിശോധിച്ചു. പത്ത് സ്ത്രീകളെയും പത്ത് പുരുഷന്‍മാരെയും കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് കൽപറ്റ കമ്പളക്കാട് ഗവ. യുപി സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്പര്‍ ബൂത്തിലാണ് രാവിലെ 9.45 ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തില്‍ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീക്കംചെയ്തു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 43.3 ശതമാനം വോട്ടുകളാണ് പോൾ ചെയ്തത്. തെരഞ്ഞെടുപ്പ് ദിനത്തിലും ശബരിമലയാണ് പ്രചാരണ വിഷയം. മുഖ്യമന്ത്രിയുടെ പ്രസ്താവനയും പ്രതികരണവും ചര്‍ച്ചയായി. അയ്യപ്പനും ദേവഗണവും എല്‍ഡിഎഫിനൊപ്പമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളും അപവാദ പ്രചരണങ്ങളും ജനം തള്ളിക്കളഞ്ഞു. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Kerala Assembly Elections 2021, Kerala Assembly Polls 2021, Mammootty