തിരുവനന്തപുരം കോർപറേഷനിലെ വീട്ടുകരം തട്ടിപ്പ്: 'യഥാർത്ഥ കുറ്റവാളി ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി': കെ സുരേന്ദ്രൻ
തിരുവനന്തപുരം കോർപറേഷനിലെ വീട്ടുകരം തട്ടിപ്പ്: 'യഥാർത്ഥ കുറ്റവാളി ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി': കെ സുരേന്ദ്രൻ
''കേരളത്തിൽ എല്ലാ തട്ടിപ്പിനും പിന്നിൽ സിപിഎമ്മിന്റെ നേതാക്കളാണ്. ലക്ഷക്കണക്കിന് രൂപയാണ് സി പി എം നേതാക്കളുടെ കീശയിലെത്തുന്നത്. അതുകൊണ്ടാണ് വീട്ടുകരം തട്ടിപ്പിന് ഉത്തരവാദികളായ ഉദ്യോഗസ്ഥൻമാരെ അറസ്റ്റ് ചെയ്യാത്തത്.''
തിരുവനന്തപുരം കോർപറേഷനിലെ വീട്ടുകരം തട്ടിപ്പിന് പിന്നിലെ യഥാർത്ഥ കുറ്റവാളി ഐ ടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി നടത്തിയ തിരുവനന്തപുരം കോർപറേഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് കാരണം സോഫ്റ്റ് വെയർ ക്രമക്കേടാണെന്നാണ് അധികൃതർ പറയുന്നത്. 2016 മുതൽ തുടരുന്ന സോഫ്റ്റ് വെയർ ക്രമക്കേടിന് ഉത്തരവാദി ഐടി വകുപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ എല്ലാ തട്ടിപ്പിനും പിന്നിൽ സിപിഎമ്മിന്റെ നേതാക്കളാണ്. ലക്ഷക്കണക്കിന് രൂപയാണ് സി പി എം നേതാക്കളുടെ കീശയിലെത്തുന്നത്. അതുകൊണ്ടാണ് വീട്ടുകരം തട്ടിപ്പിന് ഉത്തരവാദികളായ ഉദ്യോഗസ്ഥൻമാരെ അറസ്റ്റ് ചെയ്യാത്തത്. നഗരസഭയിലെ ജനങ്ങൾ അടയ്ക്കുന്ന നികുതി എത്തേണ്ടിടത്ത് എത്തിയില്ലെങ്കിൽ അത് അന്വേഷിക്കേണ്ടത് ആഭ്യന്തരവകുപ്പ് ആണ്. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇതിന് മുമ്പ് പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള എസ് സി ഫണ്ട് തട്ടിപ്പിന് പിന്നിലും സി പി എമ്മാണ്. ഇത് പുറത്തുകൊണ്ടുവന്നതും ബി ജെ പിയാണ്. സെക്രട്ടറിയേറ്റാണ് എല്ലാ തട്ടിപ്പിന്റെയും കേന്ദ്രം. ഭരണസിരാകേന്ദ്രത്തിലാണ് എല്ലാ തട്ടിപ്പുകളും അരങ്ങേറുന്നത്. കോർപറേഷനിൽ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇതിനെതിരെ ബിജെപിയുടെ ശക്തമായ സമരം തുടരും. യുഡിഎഫിനും തട്ടിപ്പിൽ പങ്കുണ്ട്. അതുകൊണ്ടാണ് കെ.സുധാകരൻ ഉൾപ്പെടെയുള്ളവർ തണുപ്പൻ സമീപനം കൈക്കൊള്ളുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പാവപ്പെട്ട ജനങ്ങളുടെ പണം തട്ടിയെടുക്കുന്നതിനെതിരായ ഈ സമരം കേരളം മുഴുവൻ വ്യാപിപ്പിക്കും. മോൻസൻ മാവുങ്കലിനെയും സംരക്ഷിക്കുന്ന സർക്കാരിൽ നിന്നും പാവപ്പെട്ടവർക്ക് നീതികിട്ടില്ല. ഉന്നത ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥൻമാർക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, സംസ്ഥാന വൈസ്പ്രസിഡന്റ് സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, ജെ ആർ പത്മകുമാർ എന്നിവർ സംസാരിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.