• HOME
 • »
 • NEWS
 • »
 • kerala
 • »
 • BJP STATE PRESIDENT K SURENDRAN HAS DEMANDED THE RESIGNATION OF MINISTER V SIVANKUTTY

നിയമസഭാ കൈയാങ്കളി; 'തരംതാണ പ്രവൃത്തി കാണിച്ച ശിവന്‍കുട്ടി മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല'; കെ സുരേന്ദ്രന്‍

മന്ത്രി രാജിവയ്ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം

കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

 • Share this:
  ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയോടെ നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സംസ്ഥന സര്‍ക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സുപ്രീംകോടതി വിധി മാനിച്ചു വിചാരണ നേരിടുന്ന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉടന്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

  പൊതുമുതല്‍ നശിപ്പിച്ച കേസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം എടുത്ത് നടത്തുന്നത് അംഗീകരിക്കാനാവില്ല. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടത്ത് മന്ത്രിയും മുന്‍മന്ത്രിമാരും ജനപ്രതിനിധികളുമാണെന്നത് കേരളത്തിന് നാണക്കേടായി. പിഡിപിപി പോലെയുള്ള ജാമ്യം ലഭിക്കാത്ത ഗുരുതരമായ കേസിലാണ് മന്ത്രി വിചാരണ നേരിടുന്നതെന്നും അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായും നിയമപരമായും അവകാശമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  Also Read-'തുടരുന്നത് ധാർമികതയല്ല'; മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

  നേരത്തെ ഇ.പി ജയരാജന്‍ തന്റെ പേരിലുള്ള കേസ് കോടതിയില്‍ എത്തുന്നതിന് മുമ്പ് രാജിവെച്ചിരുന്നു. ജയരാജന് ഒരു നിയമവും ശിവന്‍കുട്ടിക്ക് മറ്റൊരു നിയമവുമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  മന്ത്രി രാജിവയ്ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരാണെന്ന തത്വമാണ് ശിവന്‍കുട്ടി ലംഘിച്ചത്. അപക്വമായ നിലപാട് മാറ്റി അധികാരത്തില്‍ തുടരാതെ രാജിവയ്ക്കണം. തരംതാണ പ്രവൃത്തി കാണിച്ച ശിവന്‍കുട്ടി മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

  കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി.

  Also Read-'രാജിക്കുള്ള സാഹചര്യമില്ല, നിരപരാധിത്വം തെളിയിക്കും': സുപ്രീംകോടതി വിധിയിൽ മന്ത്രി വി ശിവൻകുട്ടി

  സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. 184ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണ്. എം എല്‍ എമാരുടെ നടപടികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ പ്രയോജനപ്പെടുത്താനാവില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

  സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.

  യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2015 മാര്‍ച്ച് 13ന് കെ എം മാണിയുടെ 13ാം ബജറ്റ് അവതരണ ദിനത്തിലാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരെയായിരുന്നു പ്രതിഷേധം. ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തിയത്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

  Also Read-'പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കല്‍'; വി മുരളീധരന്‍

  വി ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ച് 2018 ഫെബ്രുവരിയില്‍ ഈ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാനുള്ള നീക്കം ഹൈക്കോടതി ഇടപെട്ട് തടയുകയും കേസില്‍ ആരോപണ വിധേയര്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ രമേശ് ചെന്നിത്തലയും സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി.

  കേസിന്റെ വാദത്തിനിടെ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസ് അവസാനിപ്പിക്കാന്‍ എന്ത് പൊതുതാല്‍പ്പര്യമാണെന്നാണ് കോടതി ചോദിച്ചത്. എം എല്‍ എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നും കോടതി വ്യക്തമാക്കി. എം എല്‍ എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

  എം എല്‍ എമാര്‍ക്ക് നിയമസഭക്കുള്ളില്‍ പ്രതിഷേധിക്കാന്‍ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന വാദത്തില്‍ ഉറച്ച് നിന്ന സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി അനിവാര്യമാണെന്നും സഭയുടെ സവിശേഷാധികാരം നിലനിര്‍ത്താന്‍ കേസ് പിന്‍വലിക്കണമെന്നും വാദം ഉന്നയിച്ചിരുന്നു. സാക്ഷികളുടെ മൊഴി അവ്യക്തമാണ്. സഭാംഗങ്ങള്‍ക്ക് ഭരണഘടനപരമായ പരിരക്ഷയുണ്ട്. രാഷ്ട്രീയ തര്‍ക്കത്തിന്റെ ഭാഗമായുണ്ടാകുന്ന കുറ്റകൃത്യങ്ങളെ മറ്റ് കുറ്റകൃത്യങ്ങളായി കാണാനാകില്ല തുടങ്ങിയ വാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചു.
  Published by:Jayesh Krishnan
  First published:
  )}