കോഴിക്കോട്: ഉത്രവധക്കേസില്‍ പ്രതിയ്ക്ക് തൂക്കുകയര്‍ ലഭിക്കാന്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇന്ത്യന്‍ കുറ്റന്വേഷണ ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട കേസില്‍ പ്രതിയായ സൂരജിന് വധശിക്ഷ തന്നെ ലഭിക്കേണ്ടത്.
ഐപിഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഉത്ര കേസുണ്ട്. വധശിക്ഷ നല്‍കേണ്ട കേസാണിതെന്ന് കോടതിയുടെ വിധിയിലും പറയുന്നുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നല്കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നാണ് ബിജെപിയുടെ ആഗ്രഹമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Uthra Case Verdict| 'നീതി കിട്ടിയില്ല, വിധിയില്‍ തൃപ്തിയില്ല'; പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഉത്രയുടെ അമ്മഅഞ്ചലിലെ ഉത്ര വധക്കേസ് വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു.
ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസില്‍ ഭർത്താവ് സൂരജിന് കോടതി ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് എം. മനോജാണ് വിധി പ്രസ്താവിച്ചത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സൂരജിന്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചും ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നതും വധശിക്ഷ നൽകാതിരിക്കാൻ കാരണമായി.
വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
302 (കൊലപാതകം) ഒഴികെ ബാക്കി എല്ലാ കുറ്റങ്ങളിലും പരമാവധി ശിക്ഷയാണ് സൂരജിന് ലഭിച്ചത്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമാണ് അർഹമായ ശിക്ഷ ലഭിച്ചതിന് പിന്നിൽ. ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് (ദേഹോപദ്രവത്തിനും തെളിവുനശിപ്പിക്കലിനും) പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് വിധി. 27 വയസുകാരനായ സൂരജിന് 44 ാം വയസിലായിരിക്കും ജീവപര്യന്തം ആരംഭിക്കുക. ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. നിലവിലെ സെഷൻസ് കോടതി വിധി പ്രകാരം ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കാവുന്ന ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ വ്യക്തമാക്കിയിട്ടുണ്ട്.
ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതും സൂരജിന് തുണയായി. അപ്പോഴും ജീവിതകാലം മുഴുവൻ സൂരജ് ജയിലിൽ കഴിയേണ്ടി വരുമെന്നാണ് വിധിയിൽ നിന്ന് വ്യക്തമാകുന്നത്. നഷ്ടപരിഹാരമായി അടയ്ക്കേണ്ട അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് നൽകണമെന്നാണ് കോടതി വിധി. ഇതിന് പുറമേ ലീഗൽ സർവ്വീസസ് അതോറിറ്റിയോട് കുട്ടിക്ക് വിക്ടിം കോംപൻസേഷൻ നൽകാനും നിർദ്ദേശമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.